'ആതിരയെ കുത്തിയത് ലൈംഗിക ബന്ധത്തിനിടെ, കൊലയ്ക്ക് ശേഷം മടങ്ങിയത് യുവതിയുടെ ഭർത്താവിൻ്റെ ഷർട്ട് ധരിച്ച്'; പ്രതിയുടെ മൊഴി പുറത്ത്

എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ജോൺസണിൻ്റെ ആരോഗ്യത്തിൽ നിലവിൽ പ്രശ്നങ്ങളില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്
'ആതിരയെ കുത്തിയത് ലൈംഗിക ബന്ധത്തിനിടെ, കൊലയ്ക്ക് ശേഷം മടങ്ങിയത് യുവതിയുടെ ഭർത്താവിൻ്റെ ഷർട്ട് ധരിച്ച്'; പ്രതിയുടെ മൊഴി പുറത്ത്
Published on


കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോൺസണിൻ്റെ മൊഴിയിലെ വിശാദംശങ്ങൾ പുറത്ത്. ലൈംഗിക ബന്ധത്തിനിടെയാണ് ആതിരയെ കുത്തിയതെന്ന് ജോൺസൺ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഷർട്ടിൽ രക്തം പുരണ്ടതിനാൽ, ആതിരയുടെ ഭർത്താവിൻ്റെ ഷർട്ട് ധരിച്ചാണ് പ്രതി മടങ്ങിയത്. തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്ന് തോന്നിയതിനാലാണ് ആതിരയെ വകവരുത്തിയതെന്നും പ്രതി മജിസ്ട്രേറ്റിന് മൊഴി നൽകി.

ക്രൂരമായ കൊലപാതകത്തിന് ശേഷമുള്ള ജോൺസണിൻ്റെ ഞെട്ടിപ്പിക്കുന്ന മൊഴിയാണ് ഇപ്പോൾ പുറത്തുവരുന്നത്. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ജോൺസൺ ചികിത്സയിൽ തുടരുകയാണ്. ആതിര തനിക്കൊപ്പം ഇറങ്ങി വരാത്തതിൻ്റെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതി നേരത്തെ പറഞ്ഞിരുന്നു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കണ്ണമാലി സ്റ്റേഷനിൽ സ്ത്രീധന പീഡനത്തിൽ ഇയാൾക്കെതിരെ പരാതിയുണ്ട്. ഒപ്പം കൊച്ചിയിലെ ഒരു ബാറിൽ അടിപിടി ഉണ്ടാക്കിയതിനും ഇയാൾക്കെതിരെ ക്രിമിനൽ കേസ് ചുമത്തിയിരുന്നു.

കൃത്യം നടന്ന ദിവസം രാവിലെ 6.30 ഓടെയാണ് ആതിര താമസിക്കുന്ന വീടിന് സമീപം പ്രതി എത്തിയത്. ആതിരയുടെ ഭർത്താവ് കഠിനംകുളം പാടിക്കവിളാകം ഭഗവതിക്ഷേത്രത്തിലെ പൂജാരിയാണ്. ഇയാൾ രാവിലെ പൂജയ്ക്കായി അമ്പലത്തിൽ പോയി. ഇവരുടെ മകൻ സ്കൂളിലേക്ക് ബസ് കയറിയതോടെ, പ്രതി വീട്ടിനുള്ളിലേക്ക് കയറി.

വീട്ടിലെത്തിയ ജോൺസണ് ആതിര ചായ നൽകി. കയ്യിൽ കരുതിയിരുന്ന കത്തി ഇതിനിടെ മെത്തക്കടിയിൽ ഒളിപ്പിച്ചിരുന്നു. പിന്നീട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ആതിരയുടെ കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു എന്നാണ് പ്രതിയുടെ മൊഴി.

ചോര പുരണ്ട സ്വന്തം ഷർട്ട് വീട്ടിൽ ഉപേക്ഷിച്ചു. ആതിരയുടെ ഭർത്താവിൻ്റെ ഷർട്ട് ധരിച്ച് വീടിന് പുറത്തെത്തി. ശേഷം ആതിരയുടെ സ്കൂട്ടറിലാണ് ഇയാൾ കടന്നുകളഞ്ഞത്. പിന്നീട് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രതി സ്കൂട്ടർ ഉപേക്ഷിച്ച് ട്രെയിനിൽ കയറി രക്ഷപ്പെടുകയായിരുന്നു. ക്ഷേത്രത്തിൽ പൂജ കഴിഞ്ഞ് മടങ്ങിയെത്തിയ ആതിരയുടെ ഭർത്താവ് രാജേഷ് ആണ് ഭാര്യ കഴുത്തിന് കുത്തേറ്റ് മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത്.

കൊല്ലം സ്വദേശിയായ ജോണ്‍സണ്‍ ഔസേപ്പിനെ കോട്ടയം ചിങ്ങവനം പൊലീസാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ചിങ്ങവനത്തിനടുത്ത് കുറിച്ചിയില്‍ ഒരു വീട്ടില്‍ ഇയാൾ ഹോംനഴ്സായി ജോലിചെയ്യുകയായിരുന്നു. പ്രതി ജോൺസൺ തന്നെയെന്ന് പൊലീസ് നേരത്തേ തിരിച്ചറിഞ്ഞിരുന്നു. കുറ്റകൃത്യം സംബന്ധിച്ച വാർത്താചിത്രങ്ങൾ കണ്ട്, ഇയാളാണ് പ്രതിയെന്ന് വീട്ടുകാർക്ക് സംശയം തോന്നി. ഡിസംബർ എട്ടിനാണ് ജോൺസൺ കുറിച്ചിയിലെ വീട്ടിൽ ജോലിക്ക് എത്തിയത്. ജനുവരി 7 വരെ ജോലി ചെയ്തു. ഇന്നലെ വസ്ത്രങ്ങളെടുക്കാൻ പ്രതി എത്തിയപ്പോഴാണ് വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചത്

അറസ്റ്റിലായ സമയത്ത് താൻ വിഷം കഴിച്ചിട്ടുണ്ടെന്ന പ്രതി പൊലീസിനോട് പറഞ്ഞു. തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.  ഇയാളുടെ മൊഴി മജിസ്ട്രേറ്റ് ആശുപത്രിയിൽ എത്തി ശേഖരിച്ചിരുന്നു. പൊലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ തുടരുന്ന പ്രതിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയാലുടൻ ചിങ്ങവനം പൊലീസിൽ നിന്ന് പ്രതിയെ ഏറ്റെടുത്ത് കഠിനംകുളം പൊലീസ് തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.

കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പേ പെരുമാതുറയിലെ ലോഡ്ജിൽ മുറിയെടുത്ത് ജോൺസൺ കൃത്യം ആസൂത്രണം ചെയ്യുകയായിരുന്നു. ആതിരയുമായി ജോൺസൺ പരിചയപ്പെടുന്നത് ഇൻസ്റ്റഗ്രാമിലൂടെയാണ്. റീലുകൾ കൈമാറിയുള്ള സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പലപ്പോഴായി ആതിരയിൽ നിന്ന് ഇയാൾ പണം വാങ്ങിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആതിര കുടുംബമുപേക്ഷിച്ച് ഇയാൾക്കൊപ്പം ചെല്ലാത്തതിലെ പകയാണ് ലൈംഗികബന്ധത്തിനിടയിൽ നടത്തിയ ക്രൂരവും വിചിത്രവുമായ കൊലയ്ക്ക് പിന്നിലെന്നാണ് ഇപ്പോൾ വെളിവാകുന്ന വിവരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com