
വയനാട് ചേകാടി കാരശേരിയിലെ സ്റ്റഡ് ഫാമിന് പഞ്ചായത്തിൻ്റെ സ്റ്റേ. ചേകാടി കാരശ്ശേരിയിലെ കുതിരപരിശീലന കേന്ദ്രത്തിന് നിർമാണ പ്രവർത്തനങ്ങൾക്കാണ് സ്റ്റേ നൽകിയത്. വില്ലേജ് ഓഫീസറാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് താൽക്കാലിക സ്റ്റേ നൽകി ഉത്തരവിറക്കിയത്. പ്രാഥമിക പരിശോധനയിൽ നിയമവിരുദ്ധമായ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു എന്ന് കണ്ടതിനെ തുടർന്നാണ് നടപടി.
ടൂറിസത്തിന് കൂടി പ്രാധാന്യം നൽകി ദക്ഷിണേന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ സ്റ്റഡ് ഫാമിൻ്റെ നിർമാണമാണ് വയനാട് ജില്ലയിൽ ആരംഭിച്ചത്. പ്രവാസി വ്യവസായിയായ ഉബൈസ് സിദ്ധീഖ് ആണ് ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ സ്റ്റഡ് ഫാമിന് തുടക്കമിട്ടത്. വിവിധ മത്സരങ്ങളിൽ ചാമ്പ്യന്മാരായ പത്തിലധികം പ്രീമിയർ വിഭാഗത്തിൽപ്പെട്ട കുതിരകളെയാണ് ഇവിടെ പരിപാലിക്കുക എന്ന് ഉടമ അറിയിച്ചിരുന്നു.
ഇന്ത്യയിലെ വിവിധ ദേശീയ കുതിരയോട്ട മത്സരങ്ങളിൽ വിജയികളായ കുതിരകളുടെ പരിപാലനവും വിവിധ മത്സരങ്ങൾക്ക് ഇവയെ തയ്യാറാക്കലുമാണ് നടക്കുന്നതെന്ന് കുതിര കമ്പക്കാരൻ കൂടിയായ യുബി റൈസിംഗ് ക്ലബ്ബ് ഉടമ ഉബൈസ് സിദ്ധീഖ് പറഞ്ഞിരുന്നു. സൗത്ത് ഇന്ത്യയിലെ വലിയ സ്റ്റഡ് ഫാം വയനാടിൻ്റെ വിനോദ സഞ്ചാര വികസനത്തിന് കൂടുതൽ തൊഴിൽ സാധ്യതകൾ തുറക്കുമെന്നൊക്കെയാണ് കരുതിയിരുന്നത്. 20 ഏക്കർ വരുന്ന സ്ഥലത്ത് കുതിരകളുടെ പരിശീലനത്തിനായി റേസിംഗ് ട്രാക്ക് , പൂൾ , സ്റ്റഡ് ക്ലിനിക്ക് തുടങ്ങിയവുടെ നിർമാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. എന്നാൽ പഞ്ചായത്ത് സ്റ്റേ നൽകിയതിനാൽ നിർമാണ പ്രവർത്തനങ്ങൾ എല്ലാം താൽക്കാലികമായി നിർത്തി വെക്കേണ്ട സ്ഥിതിയാണ് ഉള്ളത്.