
ലോകത്തിൽ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലുതും സമ്പൂർണവുമായ സ്റ്റെഗോസോറസ് ഫോസിൽ വിറ്റത് റെക്കോഡ് തുകയ്ക്ക്. ന്യൂയോർക്കിലെ സോഥെബിസിൽ ഇന്നലെ നടന്ന ലേലത്തിലാണ് അപെക്സ് എന്ന് പേരുള്ള ഫോസിൽ 4.46 മില്യൺ ഡോളറിന് വിറ്റത്. ഒരു ദിനോസർ ഫോസിലിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.
150 മില്യൺ വർഷം പഴക്കമുള്ള സ്റ്റെഗോസോറസ് വിഭാഗത്തിൽപ്പെട്ട ദിനോസറിൻ്റെ ഫോസിലാണ് മോഹ വിലയ്ക്ക് ലേലം ചെയ്തത്. അപെക്സ് ലഭ്യമായതിൽവെച്ച് ഏറ്റവും വലിയ സ്റ്റെഗോസോറസിൻ്റെ ഫോസിലാണെന്ന് ലേല കമ്മിറ്റി വ്യക്തമാക്കി. സിറ്റാഡൽ ഹെഡ്ജ് ഫണ്ട് സിഇ കെൻ ഗ്രിഫിനാണ് ഫോസിൽ സ്വന്തമാക്കിയത്. ലേലം വിളി 15 മിനിറ്റോളം നീണ്ടുപോയിരുന്നു. ഫോൺ വഴിയാണ് ഗ്രിഫിൻ ലേലത്തിൽ പങ്കെടുത്തത്.
അപെക്സ് അമേരിക്കയിൽ ജനിച്ചതാണെന്നും അമേരിക്കയിൽ തന്നെ തുടരുമെന്നുമായിരുന്നു ലേലത്തിന് ശേഷം ഗ്രിഫിൻ്റെ പ്രതികരണം. ഫോർബ്സ് നൽകുന്ന വിവരമനുസരിച്ച് 37.8 ബില്യൺ ഡോളർ ആസ്തിയുള്ള ഗ്രിഫിൻ ഇത്തരം ലേലങ്ങളിൽ പങ്കെടുക്കുകയും മോഹവിലയ്ക്ക് പുരാവസ്തുക്കൾ സ്വന്തമാക്കുകയും ചെയ്യാറുണ്ട്. മ്യുസിയങ്ങളുമായി വ്യവസ്ഥയുണ്ടാക്കി പിന്നീട് പുരാവസ്തുക്കൾ മ്യുസിയങ്ങൾക്ക് കൈമാറും. മുൻപ് അമേരിക്കൻ ഭരണഘടനയുടെ ആദ്യപ്രതി ലേലത്തിലൂടെ സ്വന്തമാക്കി മ്യുസിയത്തിന് കൈമാറിയിരുന്നു.