കരുവാംപൊയിൽ പന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിക്കാണ് മർദനമേറ്റത്
കോഴിക്കോട് കൊടുവള്ളിയിൽ സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിൽ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരുക്ക്. കരുവാംപൊയിൽ പന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിക്കാണ് ക്രൂര മർദനമേറ്റത്. ഗുരുതര പരുക്കേറ്റ കരുവാംപൊയിൽ സ്വദേശി നൂറുൽ ഇസ്‌ലാമിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ സ്കൂളിലെ പത്തോളം പ്ലസ്ടു വിദ്യാർഥികൾ ചേർന്ന് നൂറുൽ ഇസ്‌ലാമിനെ മർദിക്കുകയായിരുന്നു. ആളൊഴിഞ്ഞ സ്കൂൾ ഗ്രൗണ്ടിൽ വെച്ചും സ്കൂളിലെ ശൗചാലയ മുറിയിൽ വെച്ചുമായിരുന്നു മർദനമെന്ന് വിദ്യാർഥി സ്കൂൾ പ്രധാന അധ്യാപകന് നൽകിയ പരാതിയിൽ പറയുന്നു. മുടിവെട്ടണമെന്നും ഷർട്ടിന്റെ ബട്ടൺ ഇടണമെന്നും പറഞ്ഞായിരുന്നു മർദനം.
ALSO READ: തലസ്ഥാനത്ത് പട്ടാപകൽ പീഡനശ്രമം; രണ്ട് കൊല്ലം സ്വദേശികൾ പിടിയിൽ
കുട്ടിയുടെ മൂക്കിന് നിരവധി തവണ ഇടിയേറ്റു. തലക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഒപ്പം ശരീരമാസകലം മുറിവുകളേറ്റ പാടുകളുമുണ്ട്. ഗുരുതര പരുക്കേറ്റ വിദ്യാർഥിയെ കൊടുവളളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നടപടി ആവശ്യപ്പെട്ട് വിദ്യാർഥിയുടെ കുടുംബം സ്കൂൾ അധികൃതർക്കും കൊടുവള്ളി പൊലീസിലും പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ റാഗിങ് ആക്ട് പ്രകാരം കർശന നടപടി സ്വീകരിക്കണമെന്നാണ് പിതാവ് കുനിയിൽ ഹബീബ് റഹ്‌മാൻ്റെ ആവശ്യം.