എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടി; 17 കാരനെ കാണാനില്ലെന്ന് പരാതി

ഫയർഫോഴ്സും മുങ്ങൽ വിദഗ്ദരും തെരച്ചിൽ നടത്തിയെങ്കിലും സുഹൈറിനെ കണ്ടെത്താനായില്ല
എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടി; 17 കാരനെ കാണാനില്ലെന്ന് പരാതി
Published on: 
Updated on: 

എക്‌സൈസ് സംഘത്തെ കണ്ട് പുഴയിൽ ചാടിയ 17 കാരനെ കാണാനില്ലെന്ന് പരാതി. പാലക്കാട്‌ വല്ലപ്പുഴ സ്വദേശി കളത്തിൽ ഷംസുവിൻ്റെ മകൻ സുഹൈറിനെയാണ് കാണാതായത്. ചെർപ്പുളശ്ശേരി കുലുക്കല്ലൂർ നരിമടക്കിന് സമീപമാണ് സംഭവം. ഫയർഫോഴ്സും മുങ്ങൽ വിദഗ്ദരും തിരച്ചിൽ നടത്തിയെങ്കിലും സുഹൈറിനെ കണ്ടെത്താനായില്ല.

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സുഹൈറിനെ കാണാതായത്. സുഹൈർ ഉൾപ്പെടെയുള്ള സംഘം ആനക്കൽ നരിമട ഭാഗത്ത് നിൽക്കുന്ന സമയത്താണ് പട്ടാമ്പി എകൈ്സസ് റേഞ്ച് സംഘം സ്ഥലത്തെത്തിയത്. എക്സൈസ് സംഘത്തെ കണ്ടതോടെ ഇവര്‍ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഓടുന്നതിനിടയിൽ രണ്ട് പേർ പുഴയിൽ ചാടിയെന്നാണ് സംശയം. പുഴയിൽ ചാടി നീന്തിയെത്തിയ മറ്റൊരു യുവാവാണ് തൻ്റെ കൂടെ സുഹൈറും പുഴയിൽ ചാടിയിട്ടുണ്ടെന്ന് വീട്ടുകാരെ അറിയിച്ചത്. അപ്പോഴേക്കും സമയം രാത്രി 10 മണി കഴിഞ്ഞിരുന്നു.

രാവിലെയായിട്ടും സുഹൈറിനെ കണ്ടെത്താൻ കഴിയാതെയായത്തോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. പട്ടാമ്പി അഗ്നിരക്ഷാ സേനയും, പാലക്കാടു നിന്നുള്ള മുങ്ങൽ വിദഗ്ദരും ഇന്ന് വൈകീട്ടു വരെ പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും സുഹൈറിനെ കണ്ടെത്താനായില്ല . നാളെയും തെരച്ചിൽ തുടരും. ആനക്കൽ നരിമട ഭാഗത്ത് ലഹരി സംഘങ്ങൾ വഴിനടക്കാൻ സമ്മതിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയെ തുടർന്നായിരുന്നു എക്സൈസ് സംഘം പരിശോധനക്ക് എത്തിയത്. സംഘത്തിലെ നാലു പേർക്കെതിരെ എകൈസ്സ് കേസെടുത്തിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com