തൊഴില്‍സ്ഥലത്ത് മാനസിക പീഡനം നേരിട്ടു; കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളി എഴുതിയ കത്ത് പുറത്ത്

ഈ കത്ത് എഴുതിക്കൊണ്ട് ഇരിക്കെയാണ് ജോളി കുഴഞ്ഞു വീഴുന്നത്
തൊഴില്‍സ്ഥലത്ത് മാനസിക പീഡനം നേരിട്ടു; കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളി എഴുതിയ കത്ത് പുറത്ത്
Published on

കൊച്ചിയില്‍ കയര്‍ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ തൊഴിൽ പീഡനത്തെക്കുറിച്ച് ജോളി എഴുതിയ കത്ത് പുറത്ത്. തൊഴിൽസ്ഥലത്ത് തനിക്ക് മാനസിക പീഡനം നേരിടേണ്ടി വന്നുവെന്ന് ജോളിയുടെ കത്തിൽ പറയുന്നു. സ്ത്രീകൾക്കു നേരെയുളള ഉപദ്രവം കൂടിയാണിതെന്നും ജോളിയുടെ കത്തിലുണ്ട്.

"എനിക്ക് പേടിയാണ്, ചെയർമാനോട് സംസാരിക്കാൻ ധൈര്യമില്ല. ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്നുണ്ട്. ഞാൻ ദയയ്ക്ക് വേണ്ടി യാചിക്കുകയാണ്. എന്നെ കുറച്ച് കാലം കൂടെ ഇവിടെ തുടരാൻ അനുവദിക്കണം," ജോളിയുടെ കത്തിൽ പറയുന്നു. ഈ കത്ത് എഴുതിക്കൊണ്ട് ഇരിക്കെയാണ് ജോളി കുഴഞ്ഞു വീഴുന്നത്. ഓഫീസ് സെക്രട്ടറിക്കും ചെയര്‍മാനും എതിരെ നല്‍കിയ പരാതി പിന്‍വലിച്ച് മാപ്പ് പറഞ്ഞാല്‍ തിരികെ ജോലിയില്‍ പ്രവേശിക്കാം എന്ന വാഗ്ദാനം ജോളിക്ക് നല്‍കിയിരുന്നു. മാപ്പപേക്ഷ നല്‍കാന്‍ സാധിക്കില്ല എന്ന് മറുപടി തയ്യാറാക്കുന്നതിനിടെ ആയിരുന്നു ജോളി മസ്തിഷക രക്തസ്രാവത്തെ തുടര്‍ന്ന് കുഴഞ്ഞു വീണതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

സംഭവത്തിൽ കേന്ദ്രമന്ത്രി നേരിട്ട് കയർ ബോർഡ് ആസ്ഥാനത്ത് എത്തും. മന്ത്രി പീയുഷ് ഗോയലാണ് എത്തുന്നത്. ജോളി മാധുവിന്റെ മരണവുമായി ബന്ധപ്പെട്ട് വകുപ്പിന് ബന്ധുക്കൾ അടക്കം പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ നേരിട്ടുള്ള സന്ദർശനം.

കൊച്ചിയില്‍ കയര്‍ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ കഴിഞ്ഞ ദിവസം കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. അന്വേഷണം നടത്തി പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കാന്‍സര്‍ അതിജീവിത കൂടിയായ ജോളി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. ഓഫീസിലെ അഴിമതി ചൂണ്ടികാട്ടിയതിന് ജോളിയെ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ നിരന്തരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുടുംബം ആരോപിച്ചിരുന്നു. ജോളിയുടെ സംസ്‌കാരം ഇന്ന് ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും.

ചെയര്‍മാന്‍ വിപുല്‍ ഗോയലും സെക്രട്ടറി ജെ.കെ ശുക്ലയ്യും ജോളി തയ്യാറാക്കുന്ന നോട്ടുകളില്‍ തിരുത്തലുകള്‍ നടത്തുകയും സ്ഥിരമായി അനാവശ്യ ഫയലുകളില്‍ ഒപ്പിടീക്കാറുള്ളാതായും ബന്ധുക്കള്‍ ആരോപിക്കുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു ജോളി കോമയില്‍ ആയിരുന്നപ്പോഴാണ് ശമ്പളം തിരികെ നല്‍കുകയും ട്രാന്‍സ്ഫര്‍ ഉത്തരവു പിന്‍വലിക്കുകയും ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com