
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശത്തിന് പിന്നാലെ ബ്രൂണെ എന്ന രാജ്യത്തെക്കുറിച്ചും അതിൻ്റെ സുൽത്താനെക്കുറിച്ചുമാണ് ലോകം സംസാരിക്കുന്നത്. ആർഭാട ജീവിതത്തിന് പേരുകേട്ട, അതിസമ്പന്നനായ ബ്രൂണെ സുൽത്താൻ ഹസ്സനൽ ബോൾകിയയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച. 1700 മുറികളും സ്വർണ്ണ ചുവരുകളുമുള്ള കൊട്ടാരം, സ്വന്തമായി 7,000 കാറുകൾ, ഇങ്ങനെ കൗതുകം നിറഞ്ഞതാണ് ബ്രൂണെ സുൽത്താൻ്റെ ജീവിതം.
ബ്രൂണെയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ആദ്യം ചർച്ചയാകുന്നത് ധനികനായ സുൽത്താനെകുറിച്ചാണ്. 1984-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയത് മുതൽ ബ്രൂണെയുടെ രാജാവും പ്രധാനമന്ത്രിയും ഹസ്സനൽ ബോൾകിയയാണ്. എലിസബത്ത് രാജ്ഞി കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരിച്ച രണ്ടാമത്തെ രാജാവും ബോൾകിയ തന്നെ.
ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്‌നാം, തായ്‌ലൻഡ് എന്നിവയ്‌ക്ക് ശേഷം തെക്കുകിഴക്കന്‍ ഏഷ്യയിലെ അഞ്ചാമത്തെ പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യമാണ് ബ്രൂണെ. അസംസ്‌കൃത എണ്ണയുടെയും പ്രകൃതിവാതകത്തിൻ്റെയും കയറ്റുമതി സുല്‍ത്താനെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളാക്കി മാറ്റി. 2023 ലെ കണക്കനുസരിച്ച് 30 ബില്യൺ ഡോളറാണ് ഹസ്സനൽ ബോൾകിയയുടെ ആസ്തി.
പ്രധാനമന്ത്രി മോദിക്കൊപ്പം ഹസ്സനൽ ബോൾകിയ
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കാർ ശേഖരണമുള്ള വ്യക്തിയാണ് ബോൾകിയ. 600 റോൾസ് റോയ്സ് കാറുകളും, 450 ഫെറാറികളും, 380 ബെൻ്റ്ലികളും ഉൾപ്പെടെ 7000 വാഹനങ്ങളാണ് സുൽത്താന് സ്വന്തമായുള്ളത്. ഗിന്നസ് ലോക റെക്കോർഡിൽ വരെ ഉൾപ്പെട്ട ബോൾകിയയുടെ കാർ ശേഖരണത്തിന് മാത്രം ഏകദേശം അഞ്ച് ബില്യൺ ഡോളറാണ് മൂല്യം. 80 മില്യൺ ഡോളർ വിലമതിക്കുന്ന ബെൻ്റ്‌ലി ഡോമിനേറ്റർ എസ്‌യുവി, ഹൊറൈസൺ ബ്ലൂ നിറത്തിലുള്ള ഒരു പോർഷെ പവർ പാക്കേജ് വാഹനം, 24 കാരറ്റ് സ്വർണം പൂശിയ റോൾസ് റോയ്സ് സിൽവർ സ്പർ എന്നിവയാണ് ഇതിൽ ശ്രദ്ധേയമായവ. സ്വർണം പൂശിയ ഒരു ബോയിംഗ് 747 വിമാനവും സുൽത്താന് സ്വന്തമായുണ്ട്. പറക്കുന്ന കൊട്ടാരങ്ങൾ തന്നെയാണ് സുൽത്താൻ്റെ പ്രൈവറ്റ് ജെറ്റുകൾ.
സുൽത്താൻ്റെ കാർ ശേഖരം
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയും സുൽത്താൻ്റേത് തന്നെയാണ്. ബോൾകിയയുടെ സ്വകാര്യ വസതിയായ 'ഇസ്താന നൂറുൽ ഇമാൻ' കൊട്ടാരവും ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടിയിട്ടുണ്ട്. ഏകദേശം രണ്ട് ദശലക്ഷം ചതുരശ്ര അടിയിൽ സ്വർണ്ണത്തിൽ അലങ്കരിച്ച കൊട്ടാരത്തിന് 2550 കോടിയിലേറെയാണ് മൂല്യം. 1700-ലധികം മുറികളുള്ള കൊട്ടാരത്തിൽ 257 കുളിമുറികളും, അഞ്ച് നീന്തല്‍ക്കുളങ്ങളും, 110 ഗാരേജുകളുമുണ്ട്. ഇതിന് പുറമേ 200 കുതിരകള്‍ക്ക് എയര്‍കണ്ടീഷന്‍ ചെയ്ത തൊഴുത്തുകളും നിർമ്മിച്ചിരിക്കുന്നു. 1,500 പേർക്ക് ഒരേസമയം പ്രാർത്ഥിക്കാനാവുന്ന പള്ളിയാണ് മറ്റൊരാകർഷണം. ഇതിനെല്ലാം പുറമേ, 30 ബംഗാൾ കടുവകളെയും വിവിധയിനം പക്ഷികളെയും പാർപ്പിക്കുന്ന ഒരു സ്വകാര്യ മൃഗശാലയും സുൽത്താന് സ്വന്തമായുണ്ട്.
'സുൽത്താൻ്റെ സ്വകാര്യവസതിയായ 'ഇസ്താന നൂറുൽ ഇമാൻ'
ഇസ്താന നൂറുൽ ഇമാൻ്റെ ഉൾവശം
ഉഭയകക്ഷി ചർച്ചകൾക്കായി ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബ്രൂണെ സന്ദർശിക്കുന്നത്. ഇന്ത്യയും ബ്രൂണെയും തമ്മിലുള്ള നയതന്ത്രബന്ധം തുടങ്ങിയിട്ട് 40 വർഷം തികയുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.