സംസ്ഥാനത്ത് കോൺഗ്രസിനെ സണ്ണി ജോസഫ് നയിക്കും; കെപിസിസി പ്രസിഡൻ്റായി ഇന്ന് സ്ഥാനമേൽക്കും

ബിജെപി ക്രൈസ്തവ സ്വാധീനം ഉയർത്താൻ ശ്രമിക്കുമ്പോൾ, ക്രൈസ്തവ സമുദായത്തിൽ നിന്ന് തന്നെ അധ്യക്ഷൻ വേണമെന്നായിരുന്നു കോൺഗ്രസിൻ്റെ തീരുമാനം. ക്രൈസ്തവ സഭകളുമായുള്ള അടുപ്പം സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പിൽ നിർണായകമായി.
സംസ്ഥാനത്ത് കോൺഗ്രസിനെ സണ്ണി ജോസഫ് നയിക്കും; കെപിസിസി പ്രസിഡൻ്റായി  ഇന്ന് സ്ഥാനമേൽക്കും
Published on

കെപിസിസി പ്രസിഡൻ്റായി സണ്ണി ജോസഫ് ഇന്ന് സ്ഥാനമേൽക്കും. രാവിലെ 9:30 ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് ചുമതലയേൽക്കൽ ചടങ്ങ് നടക്കുക. കെസി വേണുഗോപാൽ എംപി ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, സ്ഥാനമൊഴിയുന്ന കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

1970കളിൽ കെഎസ് യുവിലൂടെയാണ് സണ്ണി ജോസഫെന്ന തൊടുപുഴക്കാരൻ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്. കോഴിക്കോട് ലോ കോളേജിലെ എൽഎൽബി പഠനത്തിന് പിന്നാലെ സണ്ണി ജോസഫിന്റെ രാഷ്ട്രീയതട്ടകം കണ്ണൂരായി. കോൺഗ്രസിൻ്റെ കേരളത്തിലെ ശക്തമായ ശബ്ദങ്ങളിൽ ഒന്നായി അദ്ദേഹം മാറി. 2011 മുതൽ തുടർച്ചയായി മൂന്നാംതവണയും നിയമസഭയിൽ പേരാവൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.

ബിജെപി ക്രൈസ്തവ സ്വാധീനം ഉയർത്താൻ ശ്രമിക്കുമ്പോൾ, ക്രൈസ്തവ സമുദായത്തിൽ നിന്ന് തന്നെ അധ്യക്ഷൻ വേണമെന്നായിരുന്നു കോൺഗ്രസിൻ്റെ തീരുമാനം. ക്രൈസ്തവ സഭകളുമായുള്ള അടുപ്പം സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പിൽ നിർണായകമായി. കെ.സുധാകരന് ശേഷവും കണ്ണൂരിൽ നിന്ന് തന്നെ അധ്യക്ഷൻ വേണ്ടെന്ന് ഒരുവിഭാഗം നേതാക്കൾ നിലപാടെടുത്തെങ്കിലും സഭാ ബന്ധത്തിന് മുന്നിൽ അത് അപ്രസക്തമായി.

അധ്യക്ഷമാറ്റത്തിന് സാധ്യതയെന്ന വാർത്തകൾ വന്നുതുടങ്ങിയപ്പോഴേ സഭാനേതൃത്വം സണ്ണി ജോസഫിനെ പരിഗണിക്കണമെന്ന നിർദേശം കോൺഗ്രസിന് മുന്നിൽ വച്ചിരുന്നു. ആന്റണിക്കും ഉമ്മൻ ചാണ്ടിക്കും ശേഷം കോൺഗ്രസ് നേതൃത്വത്തിൽ ക്രൈസ്തവർക്ക് മതിയായ പ്രാതിനിധ്യം
കിട്ടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

വന്യമൃഗ ആക്രമണമടക്കമുള്ള വിഷയങ്ങളിലെ സജീവ ഇടപെടലും അദ്ദേഹത്തെ കൂടുതൽ ജനകീയനും സ്വീകാര്യനുമാക്കി. കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് കറിവെയ്ക്കാൻ അനുവദിക്കുന്ന നിയമം വരണമെന്ന് വരെ സണ്ണി ജോസഫ് ആവശ്യപ്പെട്ടിരുന്നു.

അധ്യക്ഷ സ്ഥാനത്ത് നിന്ന് താൻ മാറുകയാണെങ്കിൽ പകരം സണ്ണി ജോസഫ് വരണമെന്ന നിർദേശം കെ സുധാകരനും ഹൈക്കമാൻഡിന് മുന്നിൽ വെച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള അടുത്ത ബന്ധവും ഗുണം ചെയ്തു. ക്രൈസ്തവ സഭകളെ ഒപ്പം നിർത്തുമ്പോൾ തന്നെ കോൺഗ്രസിനെ ഗ്രൂപ്പുകൾക്ക് അതീതമായി നയിക്കുകയാണ് സണ്ണി ജോസഫിന് മുന്നിലെ പ്രധാന ദൗത്യം. അത് എത്രത്തോളം വിജയിക്കുമെന്നതിൻ്റെ ആദ്യ ഉരകല്ലാകും നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്. തദ്ദേശ തെരഞ്ഞെടുപ്പെന്ന വമ്പൻ പരീക്ഷണത്തിനും തൊട്ടുപിന്നാലെ അരങ്ങ് ഒരുങ്ങുന്നുണ്ട്.










Related Stories

No stories found.
News Malayalam 24x7
newsmalayalam.com