ഇസ്രയേലിന് പിന്തുണ, അനധികൃത കുടിയേറ്റത്തില്‍ നടപടി; പ്രസിഡന്‍റ് സ്ഥാനാർഥിയായുള്ള ആദ്യ അഭിമുഖത്തില്‍ നയം വ്യക്തമാക്കി കമലാ ഹാരിസ്

വന്‍തോതിലുള്ള ആയുധങ്ങളാണ് യുഎസ് ഇസ്രയേലിനു നല്‍കിയിരുന്നത്. റഫയിലെ അഭയാർഥി ക്യാംപിനു നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തിനു ശേഷം അന്താരാഷ്ട്ര സമ്മർദങ്ങളെ തുടർന്നാണ് ആയുധ കയറ്റുമതി താല്‍ക്കാലികമായി യുഎസ് അവസാനിപ്പിച്ചത്
ഇസ്രയേലിന് പിന്തുണ, അനധികൃത കുടിയേറ്റത്തില്‍ നടപടി; പ്രസിഡന്‍റ് സ്ഥാനാർഥിയായുള്ള ആദ്യ അഭിമുഖത്തില്‍ നയം വ്യക്തമാക്കി കമലാ ഹാരിസ്
Published on

ഇസ്രയേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ചും യുഎസിലേക്കുള്ള അനധികൃത കുടിയേറ്റത്തിൽ കർശന നിയമനടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കിയും ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരീസ്. ജോ ബൈഡന്‍ പിന്മാറിയതിനു പിന്നാലെ പ്രസിഡന്‍റ് സ്ഥാനാർഥിയായി പ്രഖ്യാപനത്തിന് ശേഷം കമല ആദ്യമായി നൽകിയ അഭിമുഖത്തിലാണ് ഈ നയപ്രഖ്യാപനം.

ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം വിശദീകരിച്ച ശേഷം ഇസ്രയേലിന് പരിപൂർണ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരീസ്. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും കമലാ ഹാരീസ് കൂട്ടിച്ചേർത്തു. ഇസ്രയേലിന് ആയുധങ്ങൾ നൽകുന്നത് തുടരുമോ എന്ന ചോദ്യത്തോട്, ഗാസയിൽ വെടിനിർത്തൽ ഉറപ്പുവരുത്താനും ഹമാസ് ബന്ദികളാക്കിയവരെ തിരിച്ചെത്തിക്കാനുമുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും കമല ഹാരീസ് പ്രതികരിച്ചു.


വന്‍തോതിലുള്ള ആയുധങ്ങളാണ് യുഎസ് ഇസ്രയേലിനു നല്‍കിയിരുന്നത്. റഫയിലെ അഭയാർഥി ക്യാംപിനു നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തിനു ശേഷം അന്താരാഷ്ട്ര സമ്മർദങ്ങളെ തുടർന്നാണ് ആയുധ കയറ്റുമതി താല്‍ക്കാലികമായി യുഎസ് അവസാനിപ്പിച്ചത്. യുദ്ധത്തിൽ ഇസ്രയേലിന് ആയുധങ്ങൾ നൽകുന്നതിൽ രാജ്യത്തെ ഒരു വിഭാഗം ജനതയ്ക്ക് എതിരഭിപ്രായമാണുള്ളത്.


യുഎസിലേക്ക് അനധികൃത കുടിയേറ്റം തടയാനായി കൊണ്ടുവന്ന ബോർഡർ നിയമം ട്രംപ് ഭരണകൂടമാണ് നടപ്പിലാക്കാതിരുന്നതെന്നും അധികാരത്തിലെത്തിയാൽ നിയമം വീണ്ടും മുന്നോട്ട് വെയ്ക്കുമെന്നും കമല വ്യക്തമാക്കി. കുടിയേറ്റ നിയമം ശക്തമാക്കുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കമല പറഞ്ഞു. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് കമലാ ഹാരീസ് നിലപാട് വ്യക്തമാക്കിയത്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com