തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷന് നേരെയുള്ള അന്വേഷണത്തിനെതിരെ, സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് വിമർശനം
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെതിരെ വിമർശനവുമായി സുപ്രീംകോടതി. ഇഡി എല്ലാ പരിധികളും ലംഘിക്കുകയാണെന്നും രാജ്യത്തിന്റെ ഫെഡറൽ ഘടനയെ പൂർണമായും ഹനിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് കുറ്റപ്പെടുത്തി. തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷന് നേരെയുള്ള അന്വേഷണത്തിനെതിരെ, സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് വിമർശനം. ഇഡിയുടെ അന്വേഷണവും തുടർ നടപടികളും കോടതി സ്റ്റേ ചെയ്തു.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കുന്നത് എന്തിനാണെന്നായിരുന്നു ഇഡിയോടുള്ള സുപ്രീം കോടതിയുടെ ചോദ്യം. തമിഴ്‌നാട് സർക്കാർ നൽകിയ ഹർജിയില്‍ കോടതി ഇഡിക്ക് നോട്ടീസ് അയച്ചു. മദ്യം കടത്തിയതിലെ അഴിമതി, ബാർ ലൈസൻസുകൾ അനുവദിച്ചതിലെ അഴിമതി, കുപ്പി നിർമാണ കമ്പനികളുമായും ഡിസ്റ്റിലറികളുമായും സഹകരിച്ച് ഫണ്ട് വകമാറ്റി സമ്പാദിച്ചതിലൂടെ ഉണ്ടായ കണക്കിൽപ്പെടാതെ പണം സ്വരൂപിക്കൽ എന്നീ ആരോപണങ്ങളുടെ പേരിലായിരുന്നു ഇഡി തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷനിൽ റെയ്ഡുകൾ നടത്തിയത്.
"വ്യക്തികൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യാം. പക്ഷേ കമ്പനികൾക്കെതിരെയോ? ഇഡി എല്ലാ പരിധികളും ലംഘിക്കുകയാണ്. നോട്ടീസ് പുറപ്പെടുവിക്കുക," ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് ഇഡിയോട് പറഞ്ഞു. കോടതി നിർദേശത്തെ ഭരണകക്ഷിയായ ഡിഎംകെ സ്വാഗതം ചെയ്തു. സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കെതിരെയുള്ള പ്രഹരമായിരുന്നു ഉത്തരവെന്ന് മുൻ രാജ്യസഭ എംപി ആർ.എസ്. ഭാരതി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.