'ആന എഴുന്നള്ളത്ത് ചരിത്രപരമായി സംസ്കാരത്തിൻ്റെ ഭാഗം'; ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി

വളർത്തുനായയെ തല്ലിക്കൊന്നതുമായി ബന്ധപ്പെട്ട കേസ് എങ്ങനെയാണ് ആന എഴുന്നള്ളത്തിൽ എത്തിയതെന്ന് സുപ്രീം കോടതി ചോദിച്ചു
'ആന എഴുന്നള്ളത്ത് ചരിത്രപരമായി സംസ്കാരത്തിൻ്റെ ഭാഗം'; ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി
Published on

ആന എഴുന്നള്ളത്ത് വിഷയത്തിൽ ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി. ആന എഴുന്നള്ളത്ത് ചരിത്രപരമായി സംസ്കാരത്തിന്റെ ഭാഗമാണ്. അത് അവസാനിപ്പിക്കാനുള്ള നീക്കമാണ് ഹൈക്കോടതിയിൽ നടക്കുന്നതെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മറ്റൊരു വിഷയത്തിൽ എടുത്ത കേസ് എങ്ങനെ ആനയിലേക്ക് എത്തിയെന്ന് കേസ് പരി​ഗണിച്ച ജസ്റ്റിസ് ബി.വി. നാഗരത്ന ചോദിച്ചു. ആനകൾ മനുഷ്യജീവിതത്തിന്റെ ഭാഗമെന്നും കോടതി അഭിപ്രായപ്പെട്ടു. വിശ്വ ​ഗജ സേവാ സമിതിയുടെ ഹർജി പരി​ഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ വിമർശനം.


തിരുവനന്തപുരത്ത് 'ബ്രൂണോ' എന്ന നായയെ തല്ലിക്കൊന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹർജിയാണ് പിന്നീട് ആന എഴുന്നള്ളത്ത് വിഷയത്തിലേക്ക് എത്തിയത്. വളർത്തു നായയെ തല്ലിക്കൊന്നതുമായി ബന്ധപ്പെട്ട കേസ് എങ്ങനെയാണ് ആന എഴുന്നള്ളത്തിൽ എത്തിയതെന്ന് സുപ്രീം കോടതി ചോദിച്ചു. എന്നാൽ, ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഹർജികൾ പൂർണമായി സ്റ്റേ ചെയ്യണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അത്തരത്തിൽ ഒരു നടപടിയിലേക്ക് കടന്നില്ല. കേരളത്തിലെ നാട്ടാനകളുടെ കണക്കെടുപ്പിന് ഹൈക്കോടതി ഉത്തരവിട്ടത് ആന എഴുന്നള്ളത്ത് തടയാനാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഇത് പരി​ഗണിച്ച കോടതി നാട്ടാനകളുടെ കണക്കെടുപ്പിന് സ്റ്റേ അനുവദിച്ചു. പാറമേക്കാവ് ദേവസ്വമാണ് മറ്റൊരു ഹർജി നല്‍കിയത്. ഹൈക്കോടതിയുടെ പരി​ഗണനയിൽ ഇരിക്കുന്ന വിഷയങ്ങൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു ദേവസ്വത്തിന്റെ ആവശ്യം. ദേവസ്വത്തിന്റെ ഹർജി പിൻവലിക്കാൻ കോടതി ആവശ്യപ്പെട്ടു. തുടർന്ന് ദേവസ്വം ഹർജി പിൻവലിക്കുകയും ചെയ്തു.

മുൻപ്, ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നത് തടഞ്ഞ ഉത്തരവിന് സുപ്രീംകോടതി സ്റ്റേ അനുവദിച്ചിരുന്നു. ഉത്സവങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍നിന്ന് നാട്ടാനകളെ കൊണ്ടുവരരുത് എന്ന ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതായിരുന്നു ഈ ഉത്തരവ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com