"കർഷക സമരവുമായി ബന്ധപ്പെട്ട് ജഗ്‌ജിത് സിങ് ദല്ലേവാളിൻ്റെ നിരാഹാരം അവസാനിപ്പിക്കാൻ ശ്രമിച്ചില്ല"; പഞ്ചാബ് സർക്കാരിനെതിരെ വിമർശനവുമായി സുപ്രീംകോടതി

കർഷകരുടെ പ്രശ്നം പരിഹരിക്കുന്നതില്‍ പഞ്ചാബ് സർക്കാർ പരാജയപ്പെട്ടാല്‍ നേരിട്ട് ഇടപെടുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി
"കർഷക സമരവുമായി ബന്ധപ്പെട്ട് ജഗ്‌ജിത് സിങ് ദല്ലേവാളിൻ്റെ നിരാഹാരം അവസാനിപ്പിക്കാൻ ശ്രമിച്ചില്ല"; പഞ്ചാബ് സർക്കാരിനെതിരെ വിമർശനവുമായി സുപ്രീംകോടതി
Published on

നിരാഹാര സമരം തുടരുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന് വൈദ്യസഹായം നൽകാത്തതിൽ പഞ്ചാബ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. കർഷകരുമായി അനുരഞ്ജനം പാടില്ലെന്നാണ് സർക്കാരിൻ്റെ നിലപാടെന്ന് കോടതി വിമർശിച്ചു. കർഷകരുടെ പ്രശ്നം പരിഹരിക്കുന്നതില്‍ പഞ്ചാബ് സർക്കാർ പരാജയപ്പെട്ടാല്‍, നേരിട്ട് ഇടപെടുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ജനുവരി ആറിന് ഹർജി വീണ്ടും പരി​ഗണിക്കും

നിർദേശം നൽകിയിട്ടും നിരാഹാരം തുടരുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന് വൈദ്യസഹായം നൽകാത്തതിൽ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ദല്ലേവാളിന് ചികിത്സ ഉറപ്പാക്കുകയെന്നതിനർഥം സമരം ഉപേക്ഷിപ്പിക്കുകയെന്നല്ല. വൈദ്യസഹായം തേടികൊണ്ട് നിരാഹാര സമരം തുടരാമെന്നും ജസ്റ്റിസ് സൂര്യകാന്തിൻ്റെ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യം ദല്ലേവാളിനെ ബോധ്യപ്പെടുത്തണമെന്നും കോടതി കൂട്ടിച്ചേർത്തു. ദല്ലേവാളിന് ചികിത്സ നൽകുന്നത് സംബന്ധിച്ചുള്ള കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച ജസ്റ്റിസ് സൂര്യകാന്ത്, മാധ്യമങ്ങളെയും സർക്കാരിനെയും കുറ്റപ്പെടുത്തി.

അതേസമയം ദല്ലേവാളിനോട് വൈദ്യസഹായം സ്വീകരിക്കാൻ ഉദ്യോ​ഗസ്ഥർ അഭ്യർഥിക്കുന്നുണ്ടെന്നും ചർച്ച തുടരുന്നെന്നും പഞ്ചാബ് സർക്കാരിന്റെ അഡ്വക്കേറ്റ് ജനറൽ ഗുർമീന്ദർ സിങ് കോടതിയിൽ വ്യക്തമാക്കി. എന്നാൽ അഡ്വക്കേറ്റ് ജനറലിൻ്റെ വാദത്തിനെതിരെ കോടതി ആഞ്ഞടിച്ചു. ദല്ലേവാളുമായി അനുനയ ചർച്ചകൾക്ക് ഉദ്യോഗസ്ഥർ പോയിട്ടില്ലെന്നും മന്ത്രിമാരാണ് പോയതെന്നും കോടതി പറ‍ഞ്ഞു. പ്രശ്ന പരിഹാരത്തിനായി കമ്മിറ്റി രൂപീകരിച്ച വിവരം കർഷകരെ അറിയിച്ചോയെന്നും ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. ​

ദല്ലേവാൾ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലും വിശ്വസിക്കുന്നയാളല്ല. കർഷകരുടെ പ്രശ്നങ്ങൾക്കാണ് അദ്ദേഹം പ്രഥമ പരി​ഗണന നൽകുന്നത്. പ്രശ്ന പരിഹാരത്തിൽ പരാജയപ്പെട്ടാൽ കോടതി നേരിട്ട് ഇടപെടുമെന്നും പഞ്ചാബ് സർക്കാരിന് മുന്നറിയിപ്പ് നൽകി. കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് തയാറായാൽ മാത്രമേ വൈദ്യസഹായം സ്വീകരിക്കൂവെന്നാണ് കർഷക നേതാവിൻ്റെ നിലപാടെന്നും അഡ്വക്കേറ്റ് ജനറൽകോടതിയെ അറിയിച്ചു.

കർഷകരുടെ വിവിധ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ നവംബർ 26 മുതല്‍ ജഗ്ജിത് സിങ് ദല്ലേവാൾ നിരാഹാര സമരത്തിലാണ്. ആരോഗ്യം മോശമായതിനെ തുടർന്ന് ഡിസംബർ 30നുള്ളില്‍ ദല്ലേവാളിന് ചികിത്സ ഉറപ്പാക്കണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. എന്നാല്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ജനുവരി മൂന്ന് വരെ കോടതി സമയം അനുവദിക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com