പിതാവിന്‍റെ ആരോപണങ്ങള്‍ സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ഇഷ ഫൗണ്ടേഷൻ നിഷേധിച്ചു
സദ്ഗുരുവിന്‍റെ കോയമ്പത്തൂരുള്ള ഇഷ ഫൗണ്ടേഷന്‍ ആശ്രമത്തില്‍ ചേരാനായി പെണ്‍മക്കളെ 'ബ്രെയിന്‍വാഷ്' ചെയ്തുവെന്ന പിതാവിന്‍റെ കേസില്‍ നടപടികള്‍ റദ്ദാക്കി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേതൃത്വം കൊടുത്ത ബെഞ്ചിന്‍റെയാണ് നടപടി. പരാതിക്കാരന്‍റെ ഹേബിയസ് കോർപസ് ഹർജിയില്‍ മദ്രാസ് ഹൈക്കോടതി അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. ഈ നടപടികളാണ് സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്. കോയമ്പത്തൂരിലെ കാര്‍ഷിക സര്‍വകലാശാലയിൽ മുന്‍ അധ്യാപകനായ എസ്. കാമരാജാണ് സദ്ഗുരുവിനെതിരെ കോടതിയെ സമീപിച്ചത്.
പരാതിക്കാരന്‍റെ ഗീത, ലത എന്നീ രണ്ട് പെണ്‍മക്കളെ സദ് ഗുരുവിന്‍റെ ഇഷ ഫൗണ്ടേഷന്‍ അനധികൃതമായി തടവില്‍വച്ചുവെന്നായിരുന്നു കേസ്. എന്നാല്‍ പെണ്‍കുട്ടികള്‍ രണ്ടുപേരും പ്രായപൂർത്തിയായവരാണെന്നും സ്വന്തം ഇഷ്ടത്തിനാണ് ആശ്രമത്തില്‍ താമസിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ആശ്രമത്തിൽ ചേരുമ്പോൾ രണ്ട് പെൺകുട്ടികള്‍ക്കും 27ഉം 24ഉം വയസായിരുന്നുവെന്നും അവർ ഹൈക്കോടതിയിൽ ഹാജരായതിനാല്‍ ഹേബിയസ് കോർപ്പസ് ഹർജിയുടെ ലക്ഷ്യം പൂർത്തീകരിക്കപ്പെട്ടുവെന്നും സുപ്രീം കോടതി പറഞ്ഞു.
പരാതിക്കാരന്‍റെ ഹേബിയസ് കോർപസ് ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി ജഗ്ഗി വാസുദേവിന്‍റെ നടപടികളേയും ചോദ്യം ചെയ്തിരുന്നു. ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട എല്ലാ കേസുകളുടെയും പട്ടിക തയ്യാറാക്കാനും കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെ നൂറുകണക്കിനു പൊലീസുകാരാണ് ഇഷ ഫൗണ്ടേഷന്‍ ആശ്രമം റെയ്‌ഡ് ചെയ്തത്. തുടർന്ന്, ആശ്രമത്തിനുള്ളിൽ പൊലീസ് നടത്തിയ അന്വേഷണത്തിനെതിരെ ഇഷ ഫൗണ്ടേഷന്‍ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ഈ മാസം ആദ്യം മദ്രാസ് ഹൈക്കോടതി പരിഗണിച്ച കേസ് സുപ്രീം കോടതി സ്വയം ഏറ്റെടുക്കുകയും പിതാവിൻ്റെ ആരോപണങ്ങൾ അന്വേഷിക്കാൻ പൊലീസിനോട് നിർദേശിച്ച ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തു. മുതിർന്ന അഭിഭാഷകനായ മുകുൾ റോഹ്ത്തഗിയാണ് സുപ്രീം കോടതിയില്‍ ഇഷ ഫൗണ്ടേഷനു വേണ്ടി ഹാജരായത്.
"ഇത് മതസ്വാതന്ത്ര്യത്തിൻ്റെ വിഷയമാണ്. വളരെ അടിയന്തിരവും ഗൗരവമേറിയതുമായ കേസുമാണ്. ഇഷ ഫൗണ്ടേഷന് പിന്നിൽ ആദരണീയനും ലക്ഷക്കണക്കിന് അനുയായികളുമുള്ള സദ്ഗുരു ഉണ്ട്. ഇത്തരം വാക്കാലുള്ള വാദങ്ങളിലൂടെ ഹൈക്കോടതിക്ക് അന്വേഷണങ്ങൾ ആരംഭിക്കാൻ കഴിയില്ല," കേസ് വാദം കേട്ട സുപ്രീം കോടതി വ്യക്തമാക്കി. ഇതുപോലൊരു സ്ഥാപനത്തിലേക്ക് പൊലീസിനെയോ സൈന്യത്തെയോ പ്രവേശിപ്പിക്കാൻ പാടില്ലെന്നും ബെഞ്ച് ചൂണ്ടികാട്ടിയിരുന്നു. വിഷയത്തിൽ മദ്രാസ് ഹൈക്കോടതി കൂടുതൽ ശ്രദ്ധ പുലർത്തേണ്ടിയിരുന്നെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഭിപ്രായപ്പെട്ടു. ഒക്ടോബർ 18ന് തുടർവാദം കേട്ട സുപ്രീം കോടതി ഇഷ ഫൗണ്ടേഷനെതിരായ കേസ് തള്ളിക്കളയുകയായിരുന്നു.
പിതാവിന്‍റെ ആരോപണങ്ങള്‍ സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ഇഷ ഫൗണ്ടേഷൻ നിഷേധിച്ചു. ഇപ്പോൾ 42 ഉം 39 ഉം വയസുള്ള ഗീതയും ലതയും സ്വമേധയാലാണ് ആശ്രമത്തില്‍ താമസക്കുന്നതെന്ന് ഫൗണ്ടേഷൻ കോടതികളെ അറിയിച്ചു. ഇവർ ഹൈക്കോടതിക്ക് മുന്നിൽ ഹാജരായി ഫൗണ്ടേഷൻ്റെ മൊഴി ശരിവച്ചു. സ്ത്രീകളിൽ ഒരാൾ വീഡിയോ ലിങ്ക് വഴിയാണ് ഹൈക്കോടതിയില്‍ ഹാജരായത്. താനും സഹോദരിയും ആശ്രമത്തില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് താമസിക്കുന്നതെന്നും എട്ട് വർഷമായി പിതാവ് തങ്ങളെ പീഡിപ്പിക്കുകയാണെന്നും അവർ കോടതിയെ അറിയിച്ചു. അമ്മയും സമാനമായ രീതിയിൽ ഉപദ്രവിച്ചിരുന്നതായും അവർ കോടതിയെ അറിയിച്ചു. ഈ മൊഴികള്‍ പരിഗണിച്ചായിരുന്നു സുപ്രീം കോടതിയുടെ നടപടി.
Also Read: സ്വന്തം മകളുടെ വിവാഹം നടത്തിയ സദ്ഗുരു മറ്റ് യുവതികളെ സന്യാസത്തിന് പ്രോത്സാഹിപ്പിക്കുന്നത് എന്തിന്? മദ്രാസ് ഹൈക്കോടതി
തമിഴ്‌നാട് പോലീസിൻ്റെ തല്‍സ്ഥിതി റിപ്പോർട്ടിലും സ്ത്രീകൾ സ്വമേധയാ ആശ്രമത്തിൽ താമസിക്കുന്നതായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മുകുൾ റോഹ്ത്തഗി ചൂണ്ടിക്കാട്ടി. പരാതിക്കാരനായ പിതാവിനോടും സുപ്രീം കോടതി സംസാരിച്ചു. മുതിർന്ന കുട്ടികളുടെ ജീവിതം നിയന്ത്രിക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. വാക്കാലുള്ള നിരീക്ഷണങ്ങളിൽ, ഹർജികള്‍ സമർപ്പിക്കുന്നതിനുപകരം "അവരുടെ വിശ്വാസം നേടിയെടുക്കാൻ" സുപ്രീം കോടതി പരാതിക്കാരനോട് പറഞ്ഞു.