"വിലപ്പെട്ട സമയം കളയരുത്"; ഒടിടി പ്ലാറ്റ്‌ഫോം നിയന്ത്രിക്കണമെന്ന പൊതുതാൽപര്യ ഹർജി തള്ളി സുപ്രീം കോടതി

ഇത്തരത്തിലുള്ള പൊതുതാൽപര്യ ഹർജികൾ കാരണം യഥാർത്ഥ പൊതുതാൽപര്യ ഹർജികൾ കൈകാര്യം ചെയ്യാൻ സമയം ലഭിക്കുന്നില്ലെന്ന് സുപ്രീം കോടതി ഹർജിക്കാരെ വിമർശിച്ചു
"വിലപ്പെട്ട സമയം കളയരുത്"; ഒടിടി പ്ലാറ്റ്‌ഫോം നിയന്ത്രിക്കണമെന്ന പൊതുതാൽപര്യ ഹർജി തള്ളി സുപ്രീം കോടതി
Published on


ഒടിടി പ്ലാറ്റ്‌ഫോമിലെ സിനിമകളുടെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനും റിലീസ് ചെയ്യുന്നതിനുമായി ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. ഇത്തരത്തിലുള്ള പൊതുതാൽപര്യ ഹർജികൾ കാരണം യഥാർത്ഥ പൊതുതാൽപര്യ ഹർജികൾ കൈകാര്യം ചെയ്യാൻ സമയം ലഭിക്കുന്നില്ലെന്ന് സുപ്രീം കോടതി ഹർജിക്കാരെ വിമർശിച്ചു.

ഒടിടി ഉള്ളടക്കവും ഒടിടിയുടെ സിനിമകളുടെ റിലീസും നിരീക്ഷിക്കുന്നതിന് യാതൊരു നിയന്ത്രണവും ഇല്ലെന്നായിരുന്നു ഹർജിക്കാരൻ ശശാങ്ക് ശേഖർ പ്രധാനമായും വാദിച്ചത്. കേന്ദ്ര സർക്കാരിനെ കക്ഷി ചേർത്തായിരുന്നു ഹർജി സമർപ്പിച്ചിരുന്നത്.

"കഴിഞ്ഞ മാസം രണ്ട് സിനിമകൾ ഉണ്ടായിരുന്നു. ഒന്ന് ഒടിടിയിൽ ആയിരുന്നു. മറ്റൊന്ന് തിയേറ്റർ റിലീസായിരുന്നു. തിയേറ്റർ സിനിമ ഇതുവരെ റിലീസ് ചെയ്യാൻ കഴിഞ്ഞില്ല. ഒടിടിക്കാർ ഒന്ന് റിലീസ് ചെയ്തു. മന്ത്രാലയം ഇടപെടേണ്ടി വന്നു. സമത്വത്തിനുള്ള അവകാശം നിലനിർത്തണം,” എന്നീ കാര്യങ്ങളാണ് ഹർജിക്കാരൻ നേരിട്ട് ഹാജരായി കോടതിയിൽ ഉന്നയിച്ചത്.

രണ്ട് വാദങ്ങളാണ് പ്രധാനമായും ഹർജിയിൽ ഉന്നയിച്ചിരുന്നത്. 'സെൻട്രൽ ബോർഡ് ഫോർ റെഗുലേഷൻ ഓഫ് മോണിറ്ററിങ് ഓൺലൈൻ വീഡിയോ കണ്ടൻ്റ്സ്' എന്ന പേരിൽ ഓൺലൈൻ വീഡിയോ കണ്ടൻ്റുകളെ നിയന്ത്രിക്കുന്നതിനായി ഒരു ബോർഡോ അല്ലെങ്കിൽ സമിതിയോ രൂപീകരിക്കണം, സെക്രട്ടറി തലത്തിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കണം എന്നിവയായിരുന്നു ആവശ്യങ്ങൾ.

അതേസമയം, വിഷയം പൊതുനയത്തിൻ്റെ പരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് വിസമ്മതിച്ചു.

സുപ്രീം കോടതിക്ക് മുമ്പാകെ ലഭിക്കുന്ന തരത്തിലുള്ള നിരവധി പൊതുതാൽപര്യ ഹർജികൾ കാരണം, യഥാർഥത്തിലുള്ള പൊതുതാൽപര്യ ഹർജികൾ കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് സമയം ലഭിക്കുന്നില്ല. ഈ തരത്തിലുള്ള പൊതുതാൽപ്പര്യ ഹർജികൾ മാത്രമാണ് ഞങ്ങൾ വായിക്കുന്നത്. ഇൻ്റർനെറ്റ് എങ്ങനെ നിയന്ത്രിക്കാം, ഒടിടി പ്ലാറ്റ്‌ഫോമുകൾ എങ്ങനെ നിയന്ത്രിക്കാം എന്നതെല്ലാം നയത്തിൻ്റെ വിഷയമാണ്. ഇത് ഞങ്ങളുടെ അധികാര പരിധിയുടെ പരിധിയിൽ വരുന്നതല്ലെന്നും സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു.

2021ലെ ഭേദഗതി വരുത്തിയ ഐടി ചട്ടങ്ങൾ അടുത്തിടെ ഒഴിവാക്കിയത് കണക്കിലെടുത്താണ് ഇപ്പോഴത്തെ ഹർജി സമർപ്പിച്ചതെന്നും ശശാങ്കിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രവർത്തനങ്ങളെ കുറിച്ച് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ തിരിച്ചറിയാനായി ഫാക്റ്റ് ചെക്ക് യൂണിറ്റുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന, ഐടി നിയമങ്ങളിലെ 2023ലെ ഭേദഗതികൾ ബോംബെ ഹൈക്കോടതി സെപ്റ്റംബറിൽ റദ്ദാക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com