
സ്വവർഗ വിവാഹത്തിനെതിരായ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ തള്ളി സുപ്രീം കോടതി. വിധിയിൽ പിഴവില്ലെന്നും പുതിയ ഇടപെടൽ ആവശ്യമില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഹർജികൾ തള്ളിയത്. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സൂര്യകാന്ത്, ബി.വി. നാഗരത്‌ന, പി.എസ്. നരസിംഹ, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് പുനഃപരിശോധനാ ഹർജികൾ പരിഗണിച്ചത്.
വിധിയിൽ ഒരു പിഴവും കാണുന്നില്ല. രണ്ട് വിധിന്യായങ്ങളിലും പ്രകടിപ്പിച്ച വീക്ഷണം നിയമത്തിന് അനുസൃതമാണ്. അതിനാൽ ഒരു ഇടപെടലും ആവശ്യമില്ലെന്നുമാണ് ബെഞ്ച് വിധിച്ചത്. 2024 ജൂലൈയിൽ പുനഃപരിശോധനാ ഹർജികൾ കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പിന്മാറിയതിനെ തുടർന്നാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്.
കേസില്‍ വിധി പറഞ്ഞ ബെഞ്ചിലെ ജസ്റ്റിസ് പി.എസ്. നരസിംഹ മാത്രമാണ് പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ ഉണ്ടായിരുന്നത്. ഒറിജിനൽ ബെഞ്ചിലെ മറ്റെല്ലാ അംഗങ്ങളും ഇതിനകം വിരമിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന് പുറമേ ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, രവീന്ദ്ര ഭട്ട്, പി.എസ്. നരസിംഹ, ഹിമ കോലി എന്നിവരടങ്ങുന്ന ബെഞ്ച് 2023 ഒക്ടോബര്‍ 17-നാണ് വിധിപറഞ്ഞത്.
സ്വവര്‍ഗ വിവാഹത്തിന് നിയമാനുമതി നല്‍കാനാവില്ല. നിയമനിര്‍മാണം നടത്തേണ്ടത് പാര്‍ലമെന്റാണ്. സ്വവര്‍ഗ ദമ്പതിമാര്‍ക്ക് വിവാഹം കഴിക്കാന്‍ മൗലികാവകാശമുണ്ടെന്ന് അവകാശപ്പെടാനാവില്ലെന്നുമായിരുന്നു വിധി. സ്വവര്‍ഗ ദമ്പതിമാര്‍ക്ക് വിവാഹം കഴിക്കാന്‍ അനുമതി നിഷേധിക്കുന്ന സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ വകുപ്പുകള്‍ റദ്ദാക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.