എ. രാജയ്ക്ക് ആശ്വാസം, ദേവികുളത്തെ എംഎൽഎ ആയി തുടരാം; തെരഞ്ഞെടുപ്പ് വിജയം ശരിവെച്ച് സുപ്രീം കോടതി

എംഎൽഎ എന്ന നിലയിൽ ഇതുവരെ തടഞ്ഞുവെച്ച എല്ലാ അനുകൂല്യങ്ങളും രാജക്ക് നൽകണമെന്നും സുപ്രീം കോടതി
എ. രാജയ്ക്ക് ആശ്വാസം, ദേവികുളത്തെ എംഎൽഎ ആയി തുടരാം; തെരഞ്ഞെടുപ്പ് വിജയം ശരിവെച്ച് സുപ്രീം കോടതി
Published on

ദേവികുളം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കേസിൽ സിപിഎമ്മിനും, എ രാജക്കും ആശ്വാസം. എ. രാജയെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി. ദേവികുളത്തെ തെരഞ്ഞെടുപ്പ് വിജയം സുപ്രീം കോടതി ശരിവെച്ചു. എ. രാജയ്ക്ക് എംഎൽഎ സ്ഥാനത്ത് തുടരാമെന്ന് സുപ്രീം കോടതി അനുമതി നൽകി. എംഎൽഎ എന്ന നിലയിൽ ഇതുവരെയുള്ള എല്ലാ അനുകൂല്യങ്ങളും രാജക്ക് നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതിനെതിരെ എ. രാജ എംഎൽഎ നൽകിയ അപ്പീലിലാണ് ജഡ്ജിമാരായ എ. അമാനുള്ള, പി.കെ. മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്. സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി 2023 മാർച്ച് 20ന് ആണ് ഹൈക്കോടതി തിരഞ്ഞെടുപ്പു ഫലം റദ്ദാക്കിയത്. ജന പ്രാതിനിധ്യ നിയമ പ്രകാരം പട്ടിക ജാതിക്കാര്‍ക്കായി സംവരണം ചെയ്ത മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനുള്ള യോഗ്യതയില്ലാതിരിക്കെയാണ് മത്സരിച്ച് ജയിച്ചതെന്ന് വിലയിരുത്തിയായിരുന്നു ഹൈക്കോടതി ഉത്തരവ്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റിന്‍റെ പിന്‍ബലത്തിലാണ് രാജ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടി തൊട്ടടുത്ത എതിർ സ്ഥാനാർഥിയായിരുന്ന കോൺഗ്രസിലെ ഡി. കുമാറാണ് കോടതിയെ സമീപിച്ചത്.

ക്രൈസ്തവ സഭാംഗമായ ആൻ്റണിയുടെയും എസ്തറിന്‍റെറയും മകനാണ് രാജയെന്നും ജ്ഞാനസ്‌നാനം ചെയ്ത ക്രൈസ്തവ സഭാംഗമാണെന്നുമായിരുന്നു പരാതി. തമിഴ്‌നാട്ടിലെ ഹിന്ദു പറയൻ സമുദായത്തിൽപെട്ടവരാണ് രാജയുടെ പൂർവികർ. ഇടുക്കിയിലെ കുണ്ടള എസ്റ്റേറ്റിലെ ജോലിക്കുവേണ്ടിയാണ് ഇവർ കേരളത്തിലേക്ക് എത്തിയത്. കേരളത്തിലെന്ന പോലെ തമിഴ്‌നാട്ടിലും ഹിന്ദു പറയൻ സമുദായം പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്നതാണെന്നും ആ നിലക്ക് സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ തനിക്ക് യോഗ്യതയുണ്ടെന്നുമായിരുന്നു രാജയുടെ വാദം. തന്റെ മുത്തശ്ശി പുഷ്പം 1950-ന് മുമ്പ് കേരളത്തിലെത്തിയതാണെന്ന് തെളിയിക്കാൻ എ. രാജ ഹാജരാക്കിയ കണ്ണൻദേവൻ ഹിൽ പ്ലാന്‍റേഷൻ കമ്പനിയുടെ രേഖ കേസിൽ നിർണായകമായി. തുടർന്നാണ് സുപ്രിം കോടതി ഹൈക്കോടതി ഉത്തരവ് റദ്ദാക്കി രാജക്ക് എംഎഎൽഎ ആയി തുടരാൻ അനുമതി നൽകിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com