ഉദയനിധി സ്റ്റാലിന് ആശ്വാസം; സനാതന ധർമ വിവാദത്തിലെ ഹർജികൾ തള്ളി സുപ്രീം കോടതി

സനാതന ധർമം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും, മലേറിയയും ഡെങ്കിപ്പനിയും പോലെ അതിനെ ഇല്ലാതാക്കണമെന്നുമായിരുന്നു ഉദയനിധി സ്റ്റാലിൻ്റെ പ്രസ്താവന
ഉദയനിധി സ്റ്റാലിന് ആശ്വാസം; സനാതന ധർമ വിവാദത്തിലെ ഹർജികൾ തള്ളി സുപ്രീം കോടതി
Published on

സനാതന ധർമ വിവാദത്തിൽ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള മൂന്ന് റിട്ട് ഹർജികൾ തള്ളി സുപ്രീം കോടതി. ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരമുള്ള ഹർജികൾ നിലനിർത്താനാകില്ലെന്ന് ജസ്റ്റിസ് ബേല എം. ത്രിവേദി, ജസ്റ്റിസ് പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നിയമപ്രകാരം ബദൽ പരിഹാരങ്ങൾ തേടാനുള്ള സ്വാതന്ത്ര്യം ഹർജിക്കാർക്ക് അനുവദിച്ചുകൊണ്ടാണ് ഹർജികൾ തള്ളിയത്.

2023 സെപ്തംബറിൽ ചെന്നൈയിൽ നടന്ന കോൺഫറൻസിലായിരുന്നു ഉദയനിധി സ്റ്റാലിൻ്റെ വിവാദ പരാമർശം. സനാതന ധർമം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും, മലേറിയയും ഡെങ്കിപ്പനിയും പോലെ അതിനെ ഇല്ലാതാക്കണമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു.


തമിഴ്‌നാട്ടിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ജാതിയുടെയും തൊട്ടുകൂടായ്മയുടെയും അടിസ്ഥാനത്തിൽ, വിവേചനത്തിൻ്റെ പ്രിസത്തിലൂടെയാണ് സനാതന ധർമത്തെ കാണുന്നതെന്നും, ഉദയനിധിയുടെ പ്രസ്താവന ആ പശ്ചാത്തലത്തിലാണ് കാണേണ്ടതെന്നും ഡിഎംകെ നേതാവിൻ്റെ അഭിഭാഷക സംഘം വാദിച്ചു. ഹിന്ദുവികാരത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല ഈ പരാമർശങ്ങളെന്നും അവർ കൂട്ടിച്ചേർത്തു.


'നമുക്ക് ഇല്ലാതാക്കേണ്ട ചില കാര്യങ്ങളുണ്ട്. കൊതുകുകൾ, ഡെങ്കിപ്പനി, മലേറിയ, കൊറോണ, ഇവയെല്ലാം നമുക്ക് എതിർക്കാൻ കഴിയാത്ത കാര്യങ്ങളാണ്, അവയെ തുടച്ചുനീക്കണം. സനാതന ധർമവും ഇതുപോലെയാണ്,”- ഇതായിരുന്നു ഉദയനിധിയുടെ വാക്കുകൾ . പരാമർശം വലിയ രീതിയിൽ വിവാദമായതോടെ വിശദീകരണവുമായി ഉദയനിധി രംഗത്തെത്തിയിരുന്നു. വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തിട്ടില്ലെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് സനാതന ധർമ്മമെന്നും ഉദയനിധി പറഞ്ഞിരുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com