2004ലെ ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്രസ വിദ്യാഭ്യാസ നിയമത്തിൻ്റെ ഭരണഘടനാ സാധുത ഉയർത്തിയ സുപ്രീം കോടതി, നേരത്തെയുള്ള അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കുകയായിരുന്നു
2004ലെ ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി തീരുമാനം തള്ളി സുപ്രീംകോടതി. ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ നിയമം സുപ്രീംകോടതി ശരിവച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഇത് സംബന്ധിച്ച വിധി പ്രസ്താവന നടത്തിയത്. 2004ലെ ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്രസ വിദ്യാഭ്യാസ നിയമത്തിൻ്റെ ഭരണഘടനാ സാധുത ഉയർത്തിയ സുപ്രീം കോടതി, നേരത്തെയുള്ള അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കുകയായിരുന്നു.
മതേതരത്വത്തിൻ്റെ തത്വങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി, മാർച്ചിൽ അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ ആക്ട്, 2004 (മദ്രസ ആക്ട്) റദ്ദാക്കിയിരുന്നു. എന്നാൽ, ഏപ്രിലിൽ യുപി നിയമത്തിൻ്റെ സാധുത തീരുമാനിക്കുന്നത് വരെ സുപ്രീം കോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയായിരുന്നു.
നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിൻ്റെ (എൻസിഇആർടി) പാഠ്യപദ്ധതിക്ക് പുറമെ മത വിദ്യാഭ്യാസം നൽകുന്നത് നിയമപരമായി അനുശാസിക്കുന്നതാണ് മദ്രസ നിയമം. നിയമത്തിൻ്റെ ഒൻപതാം സെക്ഷനിലാണ് മദ്രസ ബോർഡിൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്. മൗലവി (പത്താം ക്ലാസ്) മുതൽ ഫാസിൽ (ബിരുദാനന്തര ബിരുദം) വരെ, കോഴ്‌സ് മെറ്റീരിയലുകൾ തയ്യാറാക്കുന്നതും, പരീക്ഷകൾ നടത്തുന്നതും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ALSO READ: സിദ്ദീഖ് കാപ്പന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി സുപ്രീംകോടതി
നിയമം ഭരണഘടനാപരമാണെന്ന് തങ്ങളുടെ നിലപാട് വ്യക്തമാക്കി ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതി ബെഞ്ചിനെ അറിയിച്ചിരുന്നു. നിയമം പൂർണമായി റദ്ദാക്കേണ്ടതില്ലെന്നും, കുറ്റകരമായ വകുപ്പുകൾ മാത്രമേ പരിശോധിക്കേണ്ടതുള്ളൂവെന്നും അതിൽ അറിയിച്ചു.