fbwpx
"ബുൾഡോസർ രാജ് അവസാനിപ്പിക്കണം, ഭരണകൂടം ജഡ്ജിയാകരുത്"; സംസ്ഥാനങ്ങൾക്ക് മാർഗനിർദേശങ്ങളുമായി സുപ്രീം കോടതി
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Nov, 2024 12:40 PM

ഭരണകൂടത്തിന് ജഡ്ജിയാകാൻ കഴിയില്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി നിയമവാഴ്ചയാണ് ജനാധിപത്യ സർക്കാരിൻ്റെ അടിത്തറയെന്നും ഓർമിപ്പിച്ചു

NATIONAL


രാജ്യത്ത് വിവിധ സംസ്ഥാന സർക്കാരുകൾ നടപ്പാക്കി വരുന്ന ബുൾഡോസർ രാജ് അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പ്രതിയായതിൻ്റെ പേരിൽ വീട് പൊളിച്ച് കളയുന്നത് നിയമവിരുദ്ധമാണെന്നും പാർപ്പിടം മൗലികാവകാശമാണെന്നും സുപ്രീം കോടതി പറഞ്ഞു. 

നിയമപ്രകാരമല്ലാതെ നിര്‍മാണങ്ങള്‍ പൊളിക്കരുത്. ഭരണകൂടത്തിന് ജഡ്ജിയാകാനും കുറ്റാരോപിതരുടെ സ്വത്തുക്കൾ പൊളിക്കാനും കഴിയില്ല. പാർപ്പിടം മൗലികാവകാശമാണെന്നും സുപ്രീം  കോടതി വ്യക്തമാക്കി. കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനായി സംസ്ഥാനങ്ങൾക്കുള്ള മാർഗനിർദേശങ്ങളും സുപ്രിം കോടതി പുറത്തിറക്കി.

നാശനഷ്ടങ്ങളുണ്ടാക്കുന്ന ഉദ്യോഗസ്ഥർ വ്യക്തിപരമായി നഷ്ടപരിഹാരം തിരിച്ചുനൽകേണ്ടി വരുമെന്നും നടപടി തുടർന്നാൽ കോടതിയലക്ഷ്യമാകുമെന്നും സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞു. ഭരണകൂടത്തിന് ജഡ്ജിയാകാൻ കഴിയില്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി നിയമവാഴ്ചയാണ് ജനാധിപത്യ സർക്കാരിൻ്റെ അടിത്തറയെന്നും ഓർമിപ്പിച്ചു.  നിയമവിരുദ്ധമായി പൊളിച്ചാൽ പൊളിച്ച വസ്തുക്കൾ സർക്കാർ അധികൃതർ പുനർനിർമിക്കേണ്ടി വരും. കേസിൽ പ്രതിയായത് കൊണ്ട് മാത്രം ഒരാൾ കുറ്റക്കാരനാകുന്നില്ലെന്നും കുറ്റക്കാരൻ ആണെങ്കിൽ പോലും സ്വത്തിൽ അവകാശം ഇല്ലാതാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

നിർണായക വിധി പ്രസ്താവത്തിൽ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളും ശ്രദ്ധേയമാകുകയാണ്. ഉദ്യോഗസ്ഥരുടെ അധികാര ദുര്‍വിനിയോഗം തടയണം. രാജ്യത്ത് നിയമവാഴ്ചയും മൗലികാവകാശങ്ങളും പാലിക്കപ്പെടണം. ഓരോ കുടുംബത്തിൻ്റേയും സ്വപ്നമാണ് വാസസ്ഥലം. ഏതെങ്കിലും കേസിൽ പ്രതിയായത് കൊണ്ട് മാത്രം ആരും കുറ്റക്കാരാകുന്നില്ല. ആരാണ് തെറ്റുകാരന്‍ എന്ന് സര്‍ക്കാരല്ല തീരുമാനിക്കേണ്ടത്. കുറ്റക്കാരൻ ആണെങ്കിൽ പോലും സ്വത്തിൽ അവകാശം ഇല്ലാതാകുന്നില്ല. വാസസ്ഥലത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

അര്‍ധരാത്രി പൊളിച്ച വീട്ടില്‍ നിന്നും സ്ത്രീകളും കുട്ടികളും തെരുവിലേക്ക് ഇറങ്ങുന്നത് സന്തോഷകരമായ കാര്യമല്ലെന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. എക്സിക്യൂട്ടീവിൻ്റെ അത്തരം നടപടികൾക്ക് അനുമതി നൽകുന്നത് നിയമവാഴ്ചയ്ക്ക് വിരുദ്ധമാണ്. കുറ്റാരോപണത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രം, വ്യക്തിയുടെ സ്വത്ത് പൊളിച്ചാൽ അത് നിയമവാഴ്ചയെ ബാധിക്കും. എക്സിക്യൂട്ടീവിന് ജഡ്ജിയാകാനും കുറ്റാരോപിതരുടെ സ്വത്തുക്കൾ പൊളിക്കാനും കഴിയില്ലെന്നും കോടതി പറഞ്ഞു.

ബുൾഡോസർ രാജിനെതിരായ ഹർജികളിൽ വിധി പറയുകയായിരുന്നു സുപ്രീം കോടതി. ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നവരുടെ വീടുകൾ ഇടിച്ചുനിരത്തുന്ന ഉത്തരേന്ത്യൻ സംസ്ഥാന സർക്കാരുകളുടെ വിവാദ നടപടികൾക്കെതിരെ നിരവധി ഹർജികൾ സുപ്രീം കോടതിയുടെ മുന്നിലെത്തിയിരുന്നു. ഇതേ തുടർന്നാണ് രാജ്യവ്യാപകമായി ബുൾഡോസർ രാജ് നിയന്ത്രിക്കുന്നതിനായി സുപ്രീം കോടതി നേരിട്ട് ഇടപെടുന്നത്.

2022ൽ ഡൽഹിയിലെ ജഹാംഗീർപുരിയിൽ വീടുകൾ പൊളിക്കാനുള്ള നീക്കത്തിനെതിരെയുള്ള ഒരു കൂട്ടം ഹർജികളാണ് സുപ്രീം കോടതിയിലെത്തിയത്. പിന്നാലെ മധ്യപ്രദേശിലും രാജസ്ഥാനിലും ഗുജറാത്തിലുമടക്കം ബുൾഡോർ രാജ് നടപ്പാക്കുന്നതിനെതിരെ നിരവധി ഹർജികളെത്തി. കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിന് സുപ്രീം കോടതി സ്റ്റേ ഏർപ്പെടുത്തിയിരുന്നു. തുടർന്നാണ് ബുൾഡോസർ രാജിനെതിരെ രൂക്ഷ വിമർശനം നടത്തി സുപ്രീം കോടതി ഇന്ന് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്.


ALSO READ: ബുൾഡോസർ രാജിന് വീണ്ടും സുപ്രീം കോടതി വിമർശനം; 25 ലക്ഷം നഷ്ടപരിഹാരം നൽകാൻ യുപി സർക്കാരിന് നിർദേശം


ബുൾഡോസറുമായി എത്തി ഒറ്റരാത്രികൊണ്ട് വീടുകൾ പൊളിക്കുന്ന നടപടി നിയമവിരുദ്ധമാണെന്ന് മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നവംബർ 6ന് ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ചിരുന്നു. 2019ൽ സ്വകാര്യ വ്യക്തിയുടെ വീട് പൊളിച്ചതിന് ഉത്തർപ്രദേശ് സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.


സുപ്രീം കോടതിയുടെ പ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങള്‍

1. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെ നിര്‍മാണങ്ങള്‍ പൊളിക്കരുത്.

2. പൊളിക്കല്‍ നോട്ടീസ് രജിസ്‌റ്റേഡ് പോസ്റ്റില്‍ അയക്കണം, നിര്‍മാണത്തിലും പതിക്കണം.

3. നിര്‍മാണങ്ങള്‍ പൊളിക്കുന്നത് 15 ദിവസത്തെ നോട്ടീസ് നല്‍കി മാത്രമാക്കണം.

4. ജില്ലാ കളക്ടറോ ജില്ലാ മജിസ്‌ട്രേറ്റോ നോട്ടീസ് നല്‍കണം.

5. നിര്‍മാണങ്ങള്‍ പൊളിക്കുന്നതിന് നോഡല്‍ ഓഫീസറെ നിയോഗിക്കണം.

6. നിര്‍മാണം പൊളിക്കാനുള്ള ഉത്തരവ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം.

7. നിര്‍മാണങ്ങള്‍ പൊളിക്കുന്നത് വീഡിയോ എടുത്ത് സൂക്ഷിക്കണം.


TELUGU MOVIE
പുഷ്പ 2 ദ റൂള്‍ വ്യാജപതിപ്പ് യൂട്യൂബിൽ; ഇതുവരെ കണ്ടത് 26 ലക്ഷത്തോളം പേർ
Also Read
user
Share This

Popular

KERALA
KERALA
നടിയെ ആക്രമിച്ച കേസ്: മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ കോടതി അലക്ഷ്യ ഹർജി നൽകി അതിജീവിത