ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ പ്രത്യേക ബെഞ്ച് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക
വഖഫ് നിയമം ചോദ്യം ചെയ്തുള്ള അഞ്ച് ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിയമം സ്റ്റേ ചെയ്യണോ എന്നതില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ പ്രത്യേക ബെഞ്ച് വാദം കേള്‍ക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക.
വഖഫ് നിയമത്തില്‍ ഭേദഗതി വരുത്തിയ വകുപ്പുകളെല്ലാം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാണ്. ഗൂഢ ഉദ്ദേശ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് നിയമ ഭേദഗതിയെന്നുമാണ് കേരള വഖഫ് ബോര്‍ഡും സമസ്തയും ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ സത്യവാങ്മൂലം.
കഴിഞ്ഞ ദിവസമാണ് സമസ്ത സുപ്രീം കോടതിയില്‍ അധിക സത്യവാങ്മൂലം നല്‍കിയത്. വഖഫ് ഭേദഗതി നിയമത്തെ അനുകൂലിച്ച് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഇസ്ലാമിക ശരീഅത്തിലെ വഖഫ് എന്ന സങ്കല്‍പ്പത്തെക്കുറിച്ച് പ്രാഥമിക ധാരണ പോലും ഇല്ലാതെയെന്ന് സമസ്ത സത്യവാങ്മൂലത്തില്‍ പറയുന്നു.
കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തില്‍ 2013ന് ശേഷമുള്ള വഖഫുകളുടെ വര്‍ധനവ് പെരുപ്പിച്ച് കാണിക്കുകയാണ്. ഇത് മുന്‍വിധിയോടെ ഉള്ളതും കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണെന്നും സമസ്ത സത്യവാങ്മൂലത്തില്‍ പറയുന്നു. വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുക എന്നത് മുത്തവല്ലിമാരുടെ ഉത്തരവാദിത്തമാകയാല്‍ വീഴ്ചവരുത്തിയ മുത്തവല്ലിമാര്‍ക്ക് എതിരെ നടപടി എടുക്കാമെന്നും സമസ്തയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം, വഖഫ് നിയമം സ്റ്റേ ചെയ്യരുത് എന്ന വാദത്തില്‍ ഏഴ് ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം നല്‍കാന്‍ കോടതി നേരത്തെ കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. വഖഫ് നിയമം മൗലികാവകശാങ്ങളുടെ ലംഘനമാണെന്ന വാദം തള്ളിക്കൊണ്ടായിരുന്നു കേന്ദ്രം ഇതിന് സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കിയത്. സ്വത്തുക്കളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട മതേതര വശം നിയന്ത്രിക്കുന്നതിന് വേണ്ടി മാത്രമാണ് ഭേദഗതികള്‍ എന്നും ഭരണഘടനയുടെ 25,26 അനുച്ഛേദങ്ങള്‍ പ്രകാരം ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമല്ലെന്നും ന്യൂനപക്ഷ മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
നിലവിലെ വഖഫ് സ്വത്തുക്കള്‍ അതല്ലാതാക്കാനോ വഖഫ് കൗണ്‍സിലിലേക്കും ബോര്‍ഡുകളിലേക്കും നിയമനം നടത്താനോ പാടില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. നിയമം പൂര്‍ണ്ണമായി സ്റ്റേ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.