'ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണം'; ട്രൈബൽ വകുപ്പ് കിട്ടണമെന്നാണ് ആഗ്രഹിച്ചതെന്ന് സുരേഷ് ഗോപി

കേരളത്തെ കേന്ദ്ര ബജറ്റിൽ അവ​ഗണിച്ചുവെന്ന ആരോപണത്തിലും കേന്ദ്രമന്ത്രി സുരേഷ് ​ഗോപി പ്രതികരിച്ചു.
'ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണം'; ട്രൈബൽ വകുപ്പ് കിട്ടണമെന്നാണ് ആഗ്രഹിച്ചതെന്ന് സുരേഷ് ഗോപി
Published on

ആദിവാസി വകുപ്പിന്റെ ചുമതല ഉന്നതകുല ജാതർ വഹിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപിയുടെ വിവാദ പ്രസ്താവന. ഗോത്ര വിഭാഗത്തിന്റെ ഉന്നമനത്തിന് ഉന്നതകുല ജാതർ മന്ത്രിയാകണമെന്നായിരുന്നു മന്ത്രിയുടെ പരാമർശം. മുന്നോക്ക വകുപ്പുകളുടെ ചുമതലയിൽ ഗോത്രവിഭാഗക്കാരനും മന്ത്രിയാകണം. അത്തരം ജനാധിപത്യ മാറ്റങ്ങൾ ഉണ്ടാകണം. ട്രൈബൽ വകുപ്പ് കിട്ടണമെന്നാണ് ആഗ്രഹിച്ചതെന്നും പറഞ്ഞ സുരേഷ് ​ഗോപി പക്ഷെ നമ്മുടെ നാട്ടിൽ അതിന് ചില ചിട്ടവട്ടങ്ങളുണ്ടെന്നും വിമർശിച്ചു.



"2016ൽ എംപി ആയ കാലഘട്ടം മുതൽ ഞാൻ മോദിജിയോട് ആവശ്യപ്പെടുന്നുണ്ട്. എനിക്ക് സിവിൽ ഏവിയേഷൻ വേണ്ട.. എനിക്ക് ട്രൈബൽ തരൂവെന്ന്. നമ്മുടെ നാട്ടിലെ മറ്റൊരു ശാപമാണിത്. ഒരു ട്രൈബൽ ക്യാബിനറ്റ് മന്ത്രി ഒരിക്കലും ട്രൈബൽ അല്ലാത്ത ഒരാളാവില്ല. എന്റെ, ആ​ഗ്രഹമാണ്, എന്റെ സ്വപ്നമാണ്, ഒരു ഉന്നതകുല ജാതൻ അവരുടെ ഉന്നമനത്തിനു വേണ്ടി ട്രൈബൽ മന്ത്രിയാകണം. ഒരു ട്രൈബൽ മന്ത്രിയാകാനുണ്ടെങ്കിൽ.. അദ്ദേഹത്തെ മുന്നോക്ക ജാതികളുടെ ഒക്കെ ഉന്നമനത്തിന്റെ മന്ത്രിയാക്കണം. ഈ പരിവർത്തനം ഉണ്ടാകണം നമ്മുടെ ജനാധിപത്യ സമൂഹത്തിൽ", സുരേഷ് ​ഗോപി പറഞ്ഞു. ബ്രാഹ്മണനോ നായിഡുവോ ​ഗോത്രവർ​ഗത്തിന്റെ കാര്യങ്ങൾ നോക്കട്ടെയെന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു.

കേരളത്തെ കേന്ദ്ര ബജറ്റിൽ അവ​ഗണിച്ചുവെന്ന ആരോപണത്തിലും കേന്ദ്രമന്ത്രി സുരേഷ് ​ഗോപി പ്രതികരിച്ചു. കേരളത്തിന് എന്ത് വേണമെന്ന് ചുമ്മാ പുലമ്പൽ നടത്തിയാൽ പോരാ. തന്റെ വകുപ്പിന് കീഴിൽ രണ്ട് പദ്ധതികളാണ് കേരളത്തിൽ നിന്ന് വന്നത് അതിൽ ഒന്ന് സാധ്യമാക്കി. രണ്ടാമത്തേത് ഒട്ടും പ്രാവർത്തികമായിരുന്നില്ല. ഒരു മന്ത്രി എന്ന നിലയിൽ രണ്ടാമത്തേത് ഇല്ലായെന്ന് പറഞ്ഞിട്ട് യോ​ഗ്യതയുള്ളവർക്ക് കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും സുരേഷ് ​ഗോപി പറഞ്ഞു. ക്യാൻസൽ ചെയ്ത പ്രൊജക്ടിന് പകരം കൊല്ലം അഷ്ടമുടിക്കായലിനോട് ചേർന്നുളള ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനായി ഒരു പദ്ധതി കേന്ദ്രത്തിന് മുന്നിൽ വയ്ക്കാൻ സാധിച്ചുവെന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു.

"ഒരു കേന്ദ്ര മന്ത്രി എന്ന് പറയുന്നത് ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളെയും യൂണിയൻ ടെറിട്ടറികളേയും കാക്കേണ്ട ആളാണ്. അല്ലായെന്ന് കേരളത്തിലെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പടയാളികളും പറയട്ടേ? ഇവിടുത്തെ പ്രതിപക്ഷവും പറയട്ടെ", സുരേഷ് ​ഗോപി പറഞ്ഞു.


കേരളം നിലവിളിക്കുകയല്ല കിട്ടിയ ഫണ്ട് കൃത്യമായി ചെലവഴിക്കണം. ബജറ്റിൽ സംസ്ഥാനത്തെ വേർതിരിച്ച് കണ്ടിട്ടില്ല. 2047ല്‍ ഇന്ത്യ വികസിത രാജ്യമാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 57 സീറ്റുകൾ ലഭിക്കുമെന്ന ആത്മവിശ്വാസവും സുരേഷ് ​ഗോപി പ്രകടിപ്പിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com