വിഷയം ചൂണ്ടിക്കാട്ടി സുരേഷ് ഗോപി റെയിൽവേ മന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി
ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് യുദ്ധഭീതി നിലനിൽക്കുന്ന അതിർത്തി മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള മലയാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ അനുവദിച്ച് റെയിൽവേ മന്ത്രാലയം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് പ്രത്യേക ട്രെയിൻ അനുവദിച്ചത്. വിഷയം ചൂണ്ടിക്കാട്ടി സുരേഷ് ഗോപി റെയിൽവേ മന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ജമ്മു, ശ്രീനഗർ, ബാരാമുള്ള, പഞ്ചാബ്, ജലന്ദർ, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ നിന്നും ഡൽഹിയിൽ എത്തിയ വിദ്യാർഥികൾക്ക് നാട്ടിൽ എത്തുന്നതിനാണ് സുരേഷ് ഗോപിയുടെ ഇടപെടൽ. ഡൽഹിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്കായി നിസാമുദീൻ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചെന്ന് സുരേഷ് ഗോപി അറിയിച്ചു.
സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം
ജമ്മു, ശ്രീനഗർ, ബാരാമുള്ള, പഞ്ചാബ്, ജലന്ദർ, ചണ്ഡീഗഡിൽ നിന്നും മറ്റും ഡൽഹിയിൽ എത്തി കുടുങ്ങിക്കിടക്കുന്ന വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള മലയാളി വിദ്യാർഥികൾ കേരളത്തിൽ എത്താൻ കഴിയാതെ വന്ന സാഹചര്യത്തിൽ എന്റെ ഓഫീസുമായി ബന്ധപ്പെടുകയും, സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്നാവശ്യപെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് ഞാന്‍ കത്ത് നൽകിയിരുന്നു. അതിന് പരിഹാരമായി ഡല്‍ഹിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ എത്താൻ വേണ്ടി സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് കൊണ്ടുള്ള ഉത്തരവിറക്കി റെയിൽവേ മന്ത്രാലയം.