
എറണാകുളം തൃപ്പൂണിത്തുറയിൽ റാഗിങ്ങിനെ തുടർന്ന് വിദ്യാർഥിയായ മിഹിർ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തിൽ നടപടി. മരിച്ച മിഹിർ മുമ്പ് പഠിച്ചിരുന്ന കാക്കനാട് ജംസ് ഇൻ്റർനാഷണൽ സ്കൂളിലെ വൈസ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. വൈസ് പ്രിൻസിപ്പൽ ബിനു അസീസിനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാൾ മിഹിറിനെ സ്കൂളിൽ വച്ച് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. വൈസ് പ്രിൻസിപ്പലിൻ്റെ പെരുമാറ്റം കുട്ടിക്ക് മാനസികാഘാതം ഉണ്ടാക്കി. ബാസ്കറ്റ് ബോൾ ടീമിൽ നിന്ന് ഒഴിവാക്കി. സ്കൂൾ മാറേണ്ടി വന്നത് കുട്ടിയെ തളർത്തിയെന്നും കുടുംബം പറഞ്ഞു.
ജനുവരി 15നാണ് 26 നിലകളുള്ള ചോയ്സ് പാരഡൈസിന്റെ മുകളിൽ നിന്ന് ചാടി 15 വയസുകാരന്‍ മിഹിർ അഹമ്മദ് മരിച്ചത്. സലീം റജീന ദമ്പതികളുടെ മകനാണ് മിഹിർ. സ്കൂളിലെ ഒരു കൂട്ടം വിദ്യാർഥികൾ ബസിൽ വച്ചും സ്കൂളിലെ ടോയ്‌ലറ്റിൽ വച്ചും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പറഞ്ഞുകൊണ്ട് കുടുംബം പരാതി നൽകിയിരുന്നു.
ടോയ്‌ലറ്റിലെ ക്ലോസറ്റിൽ മുഖം പൂഴ്‌ത്തി ഫ്ലഷ് ചെയ്‌തുവെന്നും തറയിൽ നക്കിക്കുകയും ക്രൂരമായി മർദിച്ചുവെന്നും കുടുംബം പറയുന്നു. സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നും ഇടപെടലുണ്ടായില്ലെന്നും ആരോപണമുണ്ട്. ജീവനൊടുക്കിയ ദിവസവും ക്രൂരമായ റാഗിങ്ങിന് മിഹിർ വിധേയനായെന്ന് കുടുംബം പരാതിയിൽ പറയുന്നു. പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയതായി കുട്ടിയുടെ അമ്മ പറഞ്ഞു. മരിച്ചതിന് ശേഷവും റാഗ് ചെയ്ത വിദ്യാർഥികൾ സാമൂഹിക മാധ്യമങ്ങളിൽ മിഹിറിനെ അവഹേളിക്കുന്ന സ്കീൻഷോട്ടുകൾ ഉൾപ്പെടെയാണ് ബന്ധുക്കൾ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിയിരുന്നു.