
സിറിയയിൽ പ്രസിഡൻ്റ് ബാഷർ അൽ അസാദിൻ്റെ 24 വർഷത്തെ ഭരണം അവസാനിച്ചു. വിമത സംഘം തഹ്രീർ അൽ ഷാം സിറിയ പിടിച്ചെടുത്തതോടെ, പ്രസിഡൻ്റ് രാജ്യം വിട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമതർ പിടിച്ചെടുത്തെന്ന് പറയുന്ന സമയം, ദമാസ്കസിൽ നിന്ന് വിമാനം പറന്നുയർന്നെന്നും റിപ്പോർട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രി ഗാസി അല്‍ ജലാലി ഭരണകെെമാറ്റത്തിന് സന്നദ്ധതയറിയിച്ചു.
നവംബറില്‍ ഇഡ്‌ലിബ് പിടിച്ചെടുത്തുകൊണ്ടാരംഭിച്ച വിമതമുന്നേറ്റമാണ് 24 വർഷത്തെ ബാഷർ അല്‍ അസദ് ഭരണത്തെ താഴെയിറക്കിയിരിക്കുന്നത്. ഇഡ്‍ലിബിൽ നിന്നാണ് രണ്ടാം ആഭ്യന്തര യുദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന നീക്കമാരംഭിച്ചത്. ബഷാർ അൽ അസാദിന്‍റെ നേതൃത്വത്തിലുള്ള ഷിയാ സർക്കാരിനെതിരായി യുദ്ധം ചെയ്യുന്ന സുന്നി ഇസ്ലാമിക് സംഘടനയായ തഹ്രീർ അൽ ഷാമാണ് വിമത സംഘത്തിന്‍റെ മുന്നണിയില്‍. തന്ത്രപ്രധാന മേഖലകളായ അലെപ്പോ, ഹമാ, ഹോംസ് നഗരങ്ങള്‍ പിടിച്ചെടുത്തുകൊണ്ട് ദ്രുതഗതിയില്‍ മുന്നേറിയ സുന്നി ഇസ്ലാമിക് വിമതർ ശനിയാഴ്ചയോടെ തലസ്ഥാനമായ ദമാസ്കസ് വളയുകയായിരുന്നു. സെെന്യത്തിന്‍റെ പിന്മാറ്റം സൂചിപ്പിച്ചുകൊണ്ടുള്ള ആദ്യ റിപ്പോർട്ടുകള്‍ തള്ളിയെങ്കിലും, മണിക്കൂറുകള്‍ക്കുള്ളില്‍ സിറിയന്‍ ഭരണകൂടം അടിയറവ് പറയുകയായിരുന്നു. പിന്നാലെ ലക്ഷ്യസ്ഥാനം വ്യക്തമാക്കാതെ പ്രസിഡന്‍റ് ബാഷർ അല്‍ അസദ് രാജ്യം വിട്ടതായി റിപ്പോർട്ടുകള്‍ പുറത്തുവന്നു. അസദ് സഞ്ചരിച്ചിരുന്ന വിമാനം വിമതർ വെടിവെച്ചിട്ടതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകളും അവകാശവാദങ്ങളും ഫ്രീ പ്രസ് ജേണല്‍ അടക്കം പുറത്തുവിടുന്നുണ്ട്.
സിറിയൻ പ്രസിഡൻ്റ് ബാഷർ അൽ അസാദിൻ്റെ 24 വർഷത്തെ ഭരണം അവസാനിച്ചുവെന്നാണ് സിറിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ദമാസ്ക്കസിലെ മെയിൻ സ്ക്വയറിൽ ആയിരക്കണക്കിന് പേർ ഒത്തുചേരുകയും സ്വാതന്ത്ര്യം എന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ. തടവുകാരെ മോചിപ്പിക്കുന്നതിനൊപ്പം വർഷങ്ങളായി നിലനിൽക്കുന്ന അനീതിയുടെ യുഗം അവസാനിപ്പിച്ചുവെന്നാണ് വിമതരുടെ അവകാശവാദം. തലസ്ഥാനനഗരം പിടിച്ചെടുക്കാനുള്ള മുന്നേറ്റം അവസാന ഘട്ടത്തിലെന്ന് വിമത സേനാ കമാൻഡർ ഹസ്സൻ അബ്ദെൽ ഘനി കഴിഞ്ഞ ദിവസമാണ് പ്രതികരിച്ചത്. ദമാസ്‌കസില്‍ നിന്ന് ജോർദാനിലേക്കുള്ള സനാമൈന്‍ ഹൈവേയും, ഇസ്രായേൽ അതിർത്തിയിലെ ഖുനയ്ത്രയും വിമതർ പിടിച്ചെടുത്തിരുന്നു. അതേ സമയം, സിറിയൻ പ്രതിരോധ മന്ത്രാലയം വാർത്ത നിഷേധിച്ചും രംഗത്തെത്തിയിരുന്നു.
സിറിയയില്‍ ആഭ്യന്തര സംഘർഷം ശക്തമായതിനെത്തുടർന്ന് രാജ്യത്തേക്കുള്ള യാത്രകള്‍ പൂർണമായും ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം നല്‍കിയിരിക്കുകയാണ് ഇന്ത്യ. അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറും ഇമെയിൽ ഐഡിയുമായി സർക്കാർ പ്രസ്താവനയിറക്കി. നിലവിൽ സിറിയയിലുള്ള എല്ലാ ഇന്ത്യക്കാരോടും ദമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്താനാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിർദേശം.