വിമതനേതൃത്വമായ എച്ച്ടിഎസിന്‍റെ ഈ ഉറപ്പുകളില്‍ ന്യൂനപക്ഷങ്ങളുടെ ആശങ്ക അവസാനിക്കുന്നില്ല. നേരിട്ടും സാമൂഹികമാധ്യമങ്ങളിലൂടെയും നേരിടുന്ന വധഭീഷണികളെ നിസ്സാരമായി കാണാന്‍ അവർക്കാകില്ല.
സുന്നി വിമതർ അധികാരമേറ്റെടുത്തതിനുശേഷമുള്ള ആദ്യ ആഴ്ചയില്‍ ആഘോഷത്തിലാണ് സിറിയ. എന്നാല്‍ മറ്റൊരിടത്ത് രാജ്യമുപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ഷിയാവിഭാഗക്കാരും മറ്റു ന്യൂനപക്ഷങ്ങളും. ഇസ്ലാമിസ്റ്റ് ഭരണകൂടം സ്ഥാപിക്കപ്പെടുന്ന പക്ഷം, തങ്ങളുടെ നിലനില്‍പ്പ് നിരന്തരഭീഷണിയിലാകുമെന്ന ഭയമാണ് ഈ പാലായനത്തിന് പിന്നില്‍
ഇടക്കാലപ്രധാനമന്ത്രിയായി ചുമതലയേറ്റതിനുശേഷമുള്ള ആദ്യ വെള്ളിയാഴ്ച, ഉമയാദ് പള്ളിയിലെ പ്രാർഥനങ്ങള്‍ക്ക് നേതൃത്വംവഹിച്ച മുഹമ്മദ് അൽ ബഷീർ, ഒരു പുതിയ രാജ്യത്തിന്‍റെ ഉദയം പ്രഖ്യാപിച്ചു. പുതിയ സിറിയ സ്വാതന്ത്രത്തിന്‍റെയും ദയയുടേതായിരിക്കുമെന്ന് പറഞ്ഞു. എന്നാല്‍ വിമതനേതൃത്വമായ എച്ച്ടിഎസിന്‍റെ ഈ ഉറപ്പുകളില്‍ ന്യൂനപക്ഷങ്ങളുടെ ആശങ്ക അവസാനിക്കുന്നില്ല. നേരിട്ടും സാമൂഹികമാധ്യമങ്ങളിലൂടെയും നേരിടുന്ന വധഭീഷണികളെ നിസ്സാരമായി കാണാന്‍ അവർക്കാകില്ല. സുന്നി ഇസ്ലാമിസ്റ്റ് ഭരണം സ്ഥാപിക്കപ്പെടുന്ന പക്ഷം, ഷിയാകള്‍ക്കും മറ്റു ന്യൂപക്ഷങ്ങള്‍ക്കും അവകാശങ്ങളില്ലാതാകും എന്ന തിരിച്ചറിവാണ് അതിനുകാരണം.
അതിർത്തികടന്ന് ലബനനിലേക്കാണ് പാലായനം. പതിനായിരങ്ങളുടെ ആ ജനക്കൂട്ടത്തില്‍ ഭൂരിപക്ഷവും ഷിയാകളാണ്. ലെബനന്‍ അതിർത്തി സുരക്ഷാവിഭാഗത്തിന്‍റെ കണക്കനുസരിച്ച് ഒരുലക്ഷത്തിലധികം ന്യൂനപക്ഷവിഭാഗക്കാർ സിറിയയില്‍ നിന്ന് ഇതുവരെ ലെബനനിലെത്തിയിട്ടുണ്ട്. 13 വർഷം നീണ്ട ആഭ്യന്തര യുദ്ധകാലത്ത് അസദ് സെെന്യത്തിന്‍റെ മുന്‍നിരയില്‍ നിന്നവരാണ് ഷിയാ വിഭാഗക്കാർ. ന്യൂനപക്ഷമായ അല്ലാവെെറ്റ് വിഭാഗക്കാരനായ ബഷാർ അല്‍ അസദിന്‍റെ നേതൃത്വത്തില്‍ ഷിയാ ഗ്രൂപ്പുകളൊന്നിച്ചാണ് ആഭ്യന്തരയുദ്ധത്തെ അടിച്ചമർത്തിയതും. യുദ്ധാനന്തരം സിറിയയില്‍ ഷിയാ-സുന്നി വിഭാഗീയത രൂപപ്പെടുന്നതിന് ഇത് വലിയൊരു ഘടകമായി.
സിറിയയുടെ ജനസംഖ്യയുടെ പത്തിലൊന്നാണ് ഷിയാകള്‍. വിമതമുന്നേറ്റത്തിന് മുന്‍പ് ഏകദേശം 23 ദശലക്ഷമായിരുന്നു ഷിയാ ജനസംഖ്യ. ന്യൂനപക്ഷങ്ങള്‍ക്കോ അസദ് അനുകൂലികള്‍ക്കോ എതിരെ പ്രതികാര നടപടികളുണ്ടാകില്ല എന്ന് എച്ച്ടിഎസ് പറയുമ്പോഴും, ഈ നിലപാടിനെ പരസ്യമായി തള്ളുന്ന കക്ഷികള്‍ വിമതരിലുണ്ട്.