
തബലയിൽ താളപ്പെരുക്കങ്ങൾ തീർത്ത് ലോകത്തെ സംഗീത സാന്ദ്രമാക്കിയ സംഗീത വിസ്മയം സാക്കിർ ഹുസൈൻ അന്തരിച്ചു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് യുഎസിലുള്ള സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 73 കാരനായ സംഗീതജ്ഞന് രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സാക്കിർ ഹുസൈനുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
രാജ്യം പത്മവിഭൂഷൺ, പദ്മഭൂഷൺ, പത്മശ്രീ തുടങ്ങിയ പുരസ്കാരങ്ങൾ നൽകി ആദരിച്ചിരുന്നു. തബല വാദകൻ, താളവാദ്യ വിദഗ്ധൻ, സംഗീത സംവിധായകൻ, നടൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന അദ്ദേഹം കഴിഞ്ഞ കുറേ വർഷങ്ങളായി അമേരിക്കയിലായിരുന്നു സ്ഥിര താമസം. മോഹൻലാൽ നായകനായ വാനപ്രസ്ഥം എന്ന ചിത്രത്തിനും സംഗീതം നൽകിയിട്ടുണ്ട്. കഥക് നര്‍ത്തകിയും അധ്യാപികയുമായ അൻ്റോണിയ മിന്നെകോലയാണ് ഭാര്യ. അനിഷ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമാണ് മക്കള്‍.
ഇതിഹാസ തബല വിദ്വാൻ ഉസ്താദ് അല്ലാ രാഖാ ഖാൻ്റെ മകനായ സാക്കിർ ഹുസൈൻ, ഇന്ത്യൻ സംഗീത ലോകത്തും ആഗോള സംഗീത ലോകത്തും ഒരുപോലെ പ്രശസ്തനായ വ്യക്തിയാണ്. ഏഴാം വയസിൽ തബലയിൽ താളം പിടിച്ച് സംഗീത സപര്യയാരംഭിച്ച അദ്ദേഹം 12 വയസുള്ളപ്പോൾ തന്നെ ഇന്ത്യയിലുടനീളം പരിപാടികൾ അവതരിപ്പിച്ചു. തൻ്റെ കരിയറിൽ ഉടനീളം ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിനും ലോക സംഗീതത്തിനും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
തബലയിൽ അസാധാരണമായ വിധത്തിലുള്ള സിദ്ധികൾ പ്രദർശിപ്പിച്ചാണ് അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റിയത്. നിരവധി പ്രശസ്തങ്ങളായ ഇന്ത്യൻ, അന്തർദേശീയ സിനിമകൾക്ക് സംഗീതം നൽകുകയും ചെയ്തിട്ടുണ്ട്. നാല് തവണ ഗ്രാമി പുരസ്കാരം നേടിയ പ്രതിഭയാണ് വിടവാങ്ങിയത്. 1987ൽ സാക്കിർ പുറത്തിറക്കിയ 'സോളോ ആൽബം' വ്യാപകമായ പ്രശംസ നേടിയിരുന്നു. സംഗീതോപകരണങ്ങളിൽ അദ്ദേഹം നവീനമായ രീതികൾ സൃഷ്ടിച്ചു.
ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് മുമ്പാണ് സാക്കിർ ഹുസൈൻ കുടുംബത്തോടൊപ്പം സാൻ ഫ്രാൻസിസ്കോയിലേക്ക് താമസം മാറിയത്. തുടർന്ന് ആഗോള സംഗീത രംഗത്ത് നിർണായകമായ സംഭാവനകൾ നൽകി. 1992ൽ മിക്കി ഹാർട്ടിനൊപ്പം ചേർന്ന് 'ഗ്രാമി ഫോർ പ്ലാനറ്റ് ഡ്രം' എന്ന സംഗീത ആൽബം പുറത്തിറക്കി. ഐതിഹാസിക പോപ്പ് ബാന്‍ഡ് 'ദി ബീറ്റില്‍സ്' ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചിട്ടുണ്ട്. 1999ല്‍ യുണൈറ്റഡ് നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ആര്‍ട്സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അമേരിക്കയിലെ പരമ്പരാഗത കലാകാരന്‍മാര്‍ക്കും സംഗീതജ്ഞര്‍ക്കും നല്‍കുന്ന ഏറ്റവുമുയര്‍ന്ന ബഹുമതിയാണിത്.
തബലയുടെ പൂർവികന്മാരായ ധോൽ, ധോലക്, ഖോ, ദുഗ്ഗി, നാൽ എന്നിവ അതീവ ചാതുര്യത്തോടെ വായിക്കാൻ സാക്കിറിന് കഴിയുമായിരുന്നു. ലോക പ്രശസ്തനായ തബല മാന്ത്രികന് 1988ൽ പത്മശ്രീ, 2002ൽ പത്മഭൂഷൺ, 2023ൽ പത്മവിഭൂഷൺ എന്നീ സിവിലിയൻ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.