താനൂർ കസ്റ്റഡി മരണം; അൻവർ എംഎൽഎയുടെ കോൾ റെക്കോർഡ് തെളിവായി സ്വീകരിക്കണം, എസ്‌പി സുജിത്ത് ദാസിനെ പ്രതി ചേർക്കണം: താമിർ ജിഫ്രിയുടെ സഹോദരൻ

താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എംഎൽഎ പി.വി.അൻവർ നിർണായക വിവരങ്ങൾ പുറത്ത് വിട്ടതോടെയാണ് വിഷയം വീണ്ടും ചർച്ചയാവുന്നത്
താമിർ ജിഫ്രി
താമിർ ജിഫ്രി
Published on

മലപ്പുറം മുൻ എസ്‌പി സുജിത്ത് ദാസിനെതിരെ ഗുരുതര ആരോപണവുമായി താനൂർ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ്. തെറ്റ് ചെയ്തത് കൊണ്ടാണ് എസ്‌പി സുജിത്ത് ദാസ് ഭയപ്പെടുന്നത്. മർദനമേറ്റാണ് മരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് എസ്‌പി ഇപ്പോൾ നടത്തുന്നതെന്നും സഹോദരൻ കുറ്റപ്പെടുത്തി. അൻവർ എംഎൽഎയുടെ കോൾ റെക്കോർഡ് തെളിവായി സ്വീകരിച്ച് സുജിത്ത് ദാസിനെ പ്രതി ചേർക്കണമെന്ന് സിബിഐയോട് ആവശ്യപ്പെടുമെന്നും ഹാരിസ് പറഞ്ഞു.

താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എംഎൽഎ പി.വി.അൻവർ നിർണായക വിവരങ്ങൾ പുറത്ത് വിട്ടതോടെയാണ് വിഷയം വീണ്ടും ചർച്ചയാവുന്നത്. എഡിജിപിയുമായുള്ള ഫോൺ സംഭാഷണമാണ് എംഎൽഎ പുറത്തുവിട്ടത്. കസ്റ്റഡിയിലെടുത്ത ജിഫ്രിയെ കൊലപ്പെടുത്തണമെന്ന് കരുതിയിട്ടില്ലെന്ന് ഫോൺ സംഭാഷണത്തിൽ പറയുന്നു. ലഹരി വസ്തുക്കളുമായി അറസ്റ്റിലായ താമിർ ജിഫ്രി താനൂർ പൊലീസിൻ്റെ കസ്റ്റഡിയിൽ വെച്ച് 2023 ഓഗസ്റ്റ് ഒന്നിനാണ് മരണപ്പെടുന്നത്.

പൊലീസ് മർദനത്തെ തുടർന്നായിരുന്നു ജിഫ്രിയുടെ മരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ജിഫ്രിക്ക് ക്രൂര മർദനമേറ്റതായി തെളിവുകളുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് നാല് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായി. അതേസമയം, അമിത അളവിൽ മയക്ക് മരുന്ന് ഉപയോഗിച്ചതാണ് മരണകാരണം എന്നായിരുന്നു പൊലീസ് ഭാഷ്യം. ക്രൈംബ്രാഞ്ചാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് താമിർ ജിഫ്രിയുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് സിബിഐക്ക് കൈമാറിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com