IMPACT | ടാർഗറ്റ് തൊഴിൽ പീഡനം: ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിൽ തൊഴില്‍ വകുപ്പിന്‍റെ പരിശോധന; അന്തിമ റിപ്പോർട്ട് വെള്ളിയാഴ്ച

ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തൊഴിൽ പീഡനം നടന്നിട്ടില്ല എന്ന ആദ്യ റിപ്പോർട്ട്
IMPACT | ടാർഗറ്റ് തൊഴിൽ പീഡനം: ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിൽ തൊഴില്‍ വകുപ്പിന്‍റെ പരിശോധന; അന്തിമ റിപ്പോർട്ട് വെള്ളിയാഴ്ച
Published on

ടാർഗറ്റ് തൊഴിൽ പീഡനത്തിൽ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിൽ പരിശോധന നടത്തി തൊഴിൽ വകുപ്പ്. ഉദ്യോ​ഗസ്ഥർ എച്ച്പിഎൽ ജീവനക്കാരുടെ മൊഴിയെടുത്തു. സ്ഥാപനത്തിൽ ക്രമക്കേട് കണ്ടെത്തിയതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. പരിശോധനയില്‍ ജീവനക്കാരുടെ സാലറി സംബന്ധിച്ച വിവരങ്ങൾ കൈമാറാന്‍ ഹിന്ദുസ്ഥാൻ പവർ ലിങ്ക് വിസമ്മതിച്ചു.  ജീവനക്കാരുടെ മസ്റ്ററിംഗ് സംബന്ധിച്ച രേഖകളും തൊഴിൽ വകുപ്പിന് കൈമാറിയില്ല. രേഖകൾ കൈമാറാൻ സാവകാശം വേണമെന്നാണ് സ്ഥാപനം ആവശ്യപ്പെടുന്നത്. അന്തിമ റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിക്കും. ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തൊഴിൽ പീഡനം നടന്നിട്ടില്ല എന്ന ആദ്യ റിപ്പോർട്ട്.

ടാർഗറ്റ് പൂർത്തിയാക്കാത്തവർക്ക് മാനേജർമാർ നൽകുന്ന പീഡനങ്ങളെക്കുറിച്ച് കെൽട്രോ മുൻ മാനേജരായിരുന്ന മനാഫ് ന്യൂസ് മലയാളത്തോട് നടത്തിയ വെളിപ്പെടുത്തലിൽ വർഷങ്ങളായി തുടരുന്ന തൊഴിൽ ചൂഷണത്തിൻ്റെയും ക്രൂര പീഡനങ്ങളുടേയും വിവരങ്ങളാണുണ്ടായിരുന്നത്. എച്ച്പിഎല്ലിന്റെ ഫ്രാഞ്ചൈസിയാണ് കെൽട്രോ. തിങ്കളാഴ്ചകളിൽ പെരുമ്പാവൂരിലെ കെൽട്രോ ഗ്രൂപ്പ്‌ ആസ്ഥാനത്ത് വെച്ചു ബ്രാഞ്ച് മാനേജർ ഹുബൈലിന്റെ നേതൃത്വത്തിൽ ക്രൂര പീഡനം നടന്നിരുന്നു. മറ്റ് ദിവസങ്ങളിൽ താനുൾപ്പെടെയുള്ള മാനേജർമാരുടെ നേതൃത്വത്തിലും പീഡനം നടന്നിട്ടുണ്ടെന്നും മനാഫ് പറഞ്ഞു. ടാർഗറ്റ് പൂർത്തിയാക്കാത്തവർക്ക് മാനേജർമാർ നൽകുന്ന പീഡനങ്ങൾ പരിശോധിക്കാൻ പ്രത്യേക വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടായിരുന്നു. പെരുമ്പാവൂരിൽ മാത്രമല്ല മറ്റ് ബ്രാഞ്ചുകളിലും ക്രൂര പീഡനമാണ് നടന്നതെന്നും മുൻ മാനേജർ പറഞ്ഞു.



ടാർഗറ്റ് തികയ്ക്കാത്തതിന് ടോയ്‌ലെറ്റിൽ ഉമ്മ വെപ്പിച്ചതടക്കം ഹിന്ദുസ്ഥാൻ പവർ ലിങ്കിലെ തൊഴിൽ പീഡനത്തിൽ ഗുരുതര വെളിപ്പെടുത്തലാണ് പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി അരുൺകുമാർ നടത്തിയത്. പച്ചമുളക് തീറ്റിക്കുക, ഉപ്പുകല്ലിന് മുകളിൽ മുട്ടുകുത്തി നിർത്തുന്നതടക്കം പീഡനങ്ങൾ സഹിക്കവയ്യാതായപ്പോൾ ജോലി ഉപേക്ഷിച്ച് പോന്നതായും അരുൺ കുമാർ പറഞ്ഞു. ടാർഗറ്റ് തികയ്ക്കാത്തതിനുള്ള ശിക്ഷയായി ബെൽറ്റ് കഴുത്തിന് ചുറ്റി മുട്ടിന് ഇഴയിക്കൽ, നാക്കുകൊണ്ട് നാണയം എടുപ്പിക്കുക, വായിൽ ഉപ്പ് നിറച്ച് മണിക്കൂറുകളോളം നിർത്തുക തുടങ്ങി നിരവധി പീഡന രീതികളാണ് മാനേജർമാരുടെ നേതൃത്വത്തിൽ നടത്തിയിരുന്നത് എന്ന വിവരങ്ങളാണ് പരാതിക്കാർ ന്യൂസ് മലയാളത്തോട് വെളിപ്പെടുത്തിയത്.

അതേസമയം, തൊഴിലിടത്തെ പീഡനം സഹിക്കാനാകാതെയാണ് കെൽട്രോയിൽ ജോലി ചെയ്തിരുന്ന തൃശൂർ സ്വദേശി സുബീഷ് ജീവനൊടുക്കിയതെന്ന് അമ്മ സിന്ധു ആരോപിച്ചു. ഹുബൈലാണ് മകനെ മരണത്തിലേക്ക് തള്ളിവിട്ടത്. ട്രെയിനിങ്ങിന് എത്തിയ കുട്ടികളെ കൊണ്ട് ഹുബൈൽ ചെരുപ്പ് വരെ നക്കിച്ചിരുന്നു എന്ന് മകൻ പറഞ്ഞതായും സിന്ധു വെളിപ്പെടുത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com