റിലീസ് ദിവസം താരങ്ങള്‍ക്ക് തീയേറ്ററുകളിൽ വിലക്ക്; പ്രത്യേക സെലിബ്രിറ്റി ഷോകളും നിരോധിക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍

പുഷ്പ റിലീസ് ദിവസം സന്ധ്യ തീയേറ്ററിലുണ്ടായ ദാരുണമായ സംഭവത്തിന് പിന്നാലെ അല്ലു അര്‍ജുനെതിരെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും എഐഎംഐഎം എംഎല്‍എ അക്ബറുദ്ദീന്‍ ഒവൈസിയുമടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
റിലീസ് ദിവസം താരങ്ങള്‍ക്ക് തീയേറ്ററുകളിൽ വിലക്ക്; പ്രത്യേക സെലിബ്രിറ്റി ഷോകളും നിരോധിക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍
Published on

സിനിമകളുടെ റിലീസ് ദിവസം സിനിമാ താരങ്ങള്‍ തിയേറ്റര്‍ സന്ദര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി തെലങ്കാന സര്‍ക്കാര്‍. തെലങ്കാനയിലെ സിനിമാറ്റോഗ്രഫി മന്ത്രി കോമതിറെഡ്ഡി വെങ്കട്ട റെഡ്ഡിയാണ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയത്. തിയേറ്ററുകളില്‍ താരങ്ങള്‍ക്കായുള്ള പ്രത്യേക ഷോ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

പുഷ്പ 2 റിലീസുമായി ബന്ധപ്പെട്ട തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിയുടെ മകന്‍ മസ്തിഷ്‌കാഘാതം സംഭവിച്ച് കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയെ കണ്ട് മടങ്ങുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സിനിമാ പ്രദര്‍ശനം സംബന്ധിച്ച് മന്ത്രി വ്യക്തമാക്കിയത്.

പുഷ്പ റിലീസ് ദിവസം സന്ധ്യ തീയേറ്ററിലുണ്ടായ ദാരുണമായ സംഭവത്തിന് പിന്നാലെ അല്ലു അര്‍ജുനെതിരെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും എഐഎംഐഎം എംഎല്‍എ അക്ബറുദ്ദീന്‍ ഒവൈസിയുമടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

യുവതി മരിച്ച സംഭവം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയേറ്റര്‍ വിടാതെ സിനിമ മുഴുവന്‍ കണ്ടിട്ടാണ് പുറത്തിറങ്ങിയതെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞത്. യുവതി മരിച്ച സംഭവം അറിഞ്ഞപ്പോള്‍, ഇനി സിനിമ എന്തായാലും ഹിറ്റടിക്കും എന്ന് അല്ലു അര്‍ജുന്‍ പറഞ്ഞതായി എംഎല്‍എ അക്ബറുദ്ദീന്‍ ഒവൈസിയും പറഞ്ഞു.

എന്നാല്‍ ഇതിന് പിന്നാലെ പ്രതികരണവുമായി അല്ലു അര്‍ജുന്‍ രംഗത്തെത്തിയിരുന്നു. തന്നെ വ്യക്തിഹത്യ നടത്തുകയാണെന്നും ഒരുപാട് തെറ്റായ കാര്യങ്ങളാണ് ചുറ്റിലും നടക്കുന്നതെന്നും അല്ലു അര്‍ജുന്‍ പറഞ്ഞിരുന്നു. ഒരു വകുപ്പിനെയോ രാഷ്ട്രീയ നേതാവിനെയോ കുറ്റപ്പെടുത്താന്‍ മുതിരുന്നില്ലെന്നും എന്നാല്‍ തന്നോട് കാണിക്കുന്നത് അപമാനകരമാണെന്നും അല്ലു പ്രതികരിച്ചിരുന്നു.

ഡിസംബര്‍ നാലിനായിരുന്നു പുഷ്പ 2 വിന്റെ പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുമുണ്ടായ അപകടത്തില്‍ യുവതി മരിച്ചത്. തിയേറ്ററിലേക്ക് അല്ലു അര്‍ജുന്‍ എത്തിയതാണ് തിക്കും തിരക്കുമുണ്ടാവാന്‍ കാരണമായത്. പിന്നാലെയുണ്ടായ ഉന്തും തള്ളിലുമാണ് 35 കാരിയായ യുവതി മരിച്ചത്. ഇവരുടെ മകന് ഗുരുതരമായി പരുക്കേറ്റ് കോമയിലാവുകയും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com