തെലങ്കാന ടണല്‍ അപകടം: എട്ട് തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു; രക്ഷാപ്രവർത്തനം ദുഷ്കരമെന്ന് ദൗത്യസംഘം

തെലങ്കാന ടണല്‍ അപകടം: എട്ട് തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു; രക്ഷാപ്രവർത്തനം ദുഷ്കരമെന്ന് ദൗത്യസംഘം

ശ്രീശൈലം ഡാമിന് പിന്നിലായുള്ള ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ ടണലിന്റെ പണി നടക്കുന്നതിനിടെയാണ് ഇന്നലെ  അപകടമുണ്ടായത്
Published on

തെലങ്കാനയില്‍ നിര്‍മാണത്തിലിരിക്കുന്ന ടണല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ രക്ഷാപ്രവർത്തനം ദുഷ്കരം. ഇടിഞ്ഞ് വീണ ഭാഗം പൂർണമായും അടഞ്ഞുവെന്നാണ് ദൗത്യസംഘം അറിയിക്കുന്നത്. എട്ട് പേരാണ് ടണലിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ശ്രീശൈലം ഡാമിന് പിന്നിലായുള്ള ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ ടണലിന്റെ പണി നടക്കുന്നതിനിടെയാണ് ഇന്നലെ അപകടമുണ്ടായത്.

അപകടം നടക്കുന്ന സമയത്ത് 60 ഓളം തൊഴിലാളികള്‍ ടണലില്‍ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. നിർമാണം പൂർത്തിയാക്കാത്തതിനാല്‍ ടണല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഫെബ്രുവരി 18നാണ് ടണല്‍ തുറന്നത്. ടണലിലൂടെ വെള്ളം കൊണ്ടുപോയി തുടങ്ങിയപ്പോഴുണ്ടായ ചോർച്ച പരിഹരിക്കാനാണ് തൊഴിലാളികള്‍ ഇറങ്ങിയത്. എന്നാല്‍  അപ്രതീക്ഷിതമായി ടണലിന്റെ മേൽക്കൂര തകർന്നു 200 മീറ്ററിലധികം മണ്ണ് വ്യാപിക്കുകയായിരുന്നു. ടണൽ 10 മീറ്ററിലധികം ഇടിഞ്ഞുവീണതായിട്ടാണ് അധികൃതർ പറയുന്നത്. 52 തൊഴിലാളികളെ ടണലിൽ നിന്ന് രക്ഷിച്ചെങ്കിലും എട്ട് പേർ ഇപ്പോഴും ഉള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിൽ നാലുപേർ ജാർഖണ്ഡിൽ നിന്നുള്ളവരും രണ്ടുപേർ ഉത്തർപ്രദേശിൽ നിന്നുള്ളവരും ഒരാൾ ജമ്മു കശ്മീരിൽ നിന്നും ഒരാൾ പഞ്ചാബിൽ നിന്നുമാണെന്ന് അധികൃതർ അറിയിച്ചു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ ഫോണില്‍ ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിനായി കേന്ദ്രത്തിന്റെ ഭാ​ഗത്തുനിന്നും എല്ലാവിധ സഹായങ്ങളുമുണ്ടാകുമെന്ന് അറിയിച്ചു. രക്ഷാ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി ഇന്ത്യൻ സൈന്യത്തിലെ ഒരു ടാസ്ക് ഫോഴ്സിനെ വിന്യസിച്ചിട്ടുണ്ട്. സെക്കന്തരാബാദിലെ ഇൻഫൻട്രി ഡിവിഷന്റെ ഭാഗമായ എന്‍ജിനീയറിങ് റെജിമെന്റ് എക്‌സ്‌കവേറ്റർ ഡോസറുമായി സജ്ജമാണെന്ന് സൈന്യം അറിയിച്ചു.


അപകടത്തിൽ നടുക്കം രേഖപ്പെടുത്തിയ രേവന്ത് റെഡ്ഡി നിരവധി പേർക്ക് പരിക്ക് പറ്റിയതായി അറിയിച്ചെങ്കിലും കൃത്യമായ കണക്ക് വെളിപ്പെടുത്തിയില്ല. ടണൽ അപകടത്തിന്റെ കാരണം തിരക്കിയ കേന്ദ്ര ഖനി മന്ത്രി ജി. കിഷൻ റെഡ്ഡി അപകടത്തിൽപ്പെട്ട എല്ലാവരെയും സുരക്ഷിതരാക്കണമെന്ന് നിർദേശം നൽകി. പരിക്കുപറ്റിയ എല്ലാവർക്കും ചികിത്സ ഉറപ്പാക്കണമെന്ന് അധികൃതർക്ക് നിർദേശം നൽകിയതായും അദ്ദേഹം എക്സിൽ കുറിച്ചു.

News Malayalam 24x7
newsmalayalam.com