താമരശേരി ഷഹബാസ് വധക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഏപ്രില്‍ എട്ടിന്

കുറ്റകൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയ രീതി പരിഗണിച്ച് കുറ്റവാളികളായ കുട്ടികളെ മുതിര്‍ന്നവരായി പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
താമരശേരി ഷഹബാസ് വധക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഏപ്രില്‍ എട്ടിന്
Published on

താമരശേരി ഷഹബാസ് വധക്കേസ് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഏപ്രില്‍ 8-ലേക്ക് നീട്ടി. പ്രതികളായ 6 വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി വാദം പൂര്‍ത്തിയാക്കി. കുറ്റകൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയ രീതി പരിഗണിച്ച് കുറ്റവാളികളായ കുട്ടികളെ മുതിര്‍ന്നവരായി പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ ഇവര്‍ അക്രമത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്ത കാര്യത്തെ മഹത്വവത്കരിക്കുകയും ചെയ്‌തെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ആള്‍ക്കൂട്ട കൊലപാതകത്തില്‍ ഉള്‍പ്പെട്ടാലും രക്ഷപ്പെട്ട് പോകുമെന്നാണ് പറഞ്ഞത്. കുട്ടികള്‍ക്ക് രക്ഷപ്പെടാനാവുമെന്ന് പറഞ്ഞത് അവരുടെ ക്രിമിനല്‍ ബുദ്ധിയെ കാണിക്കുന്നതാണെന്നും കുടുംബവും മക്കള്‍ ചെയ്തതിനെ ന്യായീകരിക്കുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അവരെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് കുട്ടികള്‍ പറഞ്ഞത്. വിദ്യാര്‍ഥികള്‍ നിയമം ദുരുപയോഗം ചെയ്യാനാണ് ശ്രമിച്ചത്. ആക്രമിച്ച കുട്ടിയുടെ പിതാവിന്റെ സാന്നിധ്യവും അക്രമം നടക്കുന്ന സമയത്ത് ഉണ്ടായി. കുട്ടികള്‍ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും വാദിഭാഗം വാദിച്ചു.

ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ സ്‌കൂള്‍ ആണ് ഷഹബാസിന്റേത്. പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും മാനസിക സംഘര്‍ഷം നേരിട്ടു. ഷഹബാസിന്റെ മാത്രമല്ല, ആ സ്‌കൂളിലെ മൊത്തം കുട്ടികളുടെയും കുടുംബത്തെക്കൂടിയാണ് ഈ മരണം ബാധിച്ചതെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ പറഞ്ഞു.

അതേസമയം, നീതി പീഠത്തില്‍ വിശ്വസമുണ്ടെന്നും, മകനെ കൊലപ്പെടുത്തിയവര്‍ക്ക് ജാമ്യം നല്‍കില്ലെന്നാണ് പ്രതീക്ഷയെന്നും ഷഹബാസിന്റെ പിതാവ് പ്രതികരിച്ചു. രക്ഷിതാക്കളെ പ്രേരണാകുറ്റം ചുമത്തി കേസിന്റെ ഭാഗമാക്കും എന്നാണ് പ്രതീക്ഷയെന്നും ഷഹബാസിന്റെ പിതാവ് പ്രതികരിച്ചു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com