'തരൂർ വിശ്വപൗരന്‍ തന്നെ'; ജി. സുധാകരന്‍റെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല

മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുദേവനും ശിവഗിരിയിൽ കൂടിക്കാഴ്ച നടത്തിയതിൻ്റെ നൂറാം വാർഷികത്തിൽ കെപിസിസി സംഘടിപ്പിച്ച സെമിനാറിലാണ് ഇടതു നേതാക്കളായ ജി. സുധാകരനും സി. ദിവാകരനും പങ്കെടുത്തത്
രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല
Published on

കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന് സിപിഐഎം നേതാവ് ജി. സുധാകരനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ അപലപനീയം എന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശശി തരൂരിനെതിരായ സുധാകരന്റെ പരാമർശത്തോട് യോജിപ്പില്ലെന്നും ചെന്നിത്തല അറിയിച്ചു. സുധാകരൻ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പറയാറുണ്ടെന്നും തരൂർ വിശ്വപൗരൻ തന്നെയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുദേവനും ശിവഗിരിയിൽ കൂടിക്കാഴ്ച നടത്തിയതിൻ്റെ നൂറാം വാർഷികത്തിൽ കെപിസിസി സംഘടിപ്പിച്ച സെമിനാറിലാണ് ഇടതു നേതാക്കളായ ജി. സുധാകരനും സി. ദിവാകരനും പങ്കെടുത്തത്.  കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, വി.എം. സുധീരൻ എന്നിവരും വേദിയിൽ ഉണ്ടായിരുന്നു. ഈ വേദിയിലാണ് സുധാകരൻ തരൂരിനെ പരിഹസിച്ചത്. ഗാന്ധിജി വിശ്വ പൗരനാണ്. എന്നാൽ ഇപ്പോൾ ഏതെങ്കിലും രണ്ട് രാജ്യത്ത് അംബാസിഡർ ആയാൽ വിശ്വ പൗരൻ എന്നാണ് പറയുന്നത്. അത് അംഗീകരിക്കാനാകില്ല. ഐക്യരാഷ്ട്ര സഭയുടെ ഉദ്യോഗസ്ഥനല്ല വിശ്വ പൗരൻ. അയാൾ ശമ്പളത്തിനും പദവിക്കുവേണ്ടി ജോലിയെടുക്കുന്ന ആളാണ്. ഉദ്യോഗസ്ഥൻ അല്ല വിശ്വ പൗരൻ. നെഹ്റുവും ടാഗോറും ഡോക്ടർ രാധാകൃഷ്ണനും ഒക്കെ വിശ്വ പൗരന്മാരായിരുന്നു എന്നായിരുന്നു സുധാകരന്റെ പ്രസം​ഗം.

സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തിനായുള്ള നയരേഖ കമ്മ്യൂണിസ്റ്റ് ആശയത്തെ തള്ളി കളയുന്നതാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. മുതലാളിത്ത നവലിബറൽ നയങ്ങളുമായുള്ള ചങ്ങാത്തത്തിന്റെ സർട്ടിഫിക്കറ്റ് ആണ് നയരേഖ. നയരേഖ നടപ്പിലാക്കുമ്പോൾ ജനങ്ങളോട് മാപ്പ് പറയണം. യുപിഎ സർക്കാർ നടപ്പിലാക്കിയ എൽപിജിയെ എതിർത്തവരാണ് ഇടതുപക്ഷം. പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് അല്ലെന്ന് തെളിയിച്ചുവെന്നും വിദേശ മൂലധനങ്ങളെ എതിർത്ത സിപിഐഎം ഇന്ന് ചുവപ്പ് പരവതാനി വിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. നയമാറ്റം വികസനത്തിന് വേണ്ടി എന്നാണ് ഇപ്പോൾ പറയുന്നത്. മൂന്നര പതിറ്റാണ്ട് വികസനം ഇല്ലാതാക്കി എന്ന് സിപിഐഎം സമ്മതിക്കണമെന്നും ജനങ്ങൾക്ക് വികസനം മുടക്കിയതിന് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

ആശാ വർക്കർമാരുടെ സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോൺഗ്രസ് ആശമാരുടെ സമരത്തിനൊപ്പമാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com