
നെഹ്റു ട്രോഫി വള്ളംകളിയിൽ കാരിച്ചാൽ തന്നെ വിജയികളെന്ന് അപ്പീൽ ജൂറി കമ്മിറ്റി. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിൽ ജഡ്ജസിന്റെ തീരുമാനം കൃത്യമാണെന്ന് തെളിഞ്ഞതായും, ഫലം പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകതയില്ലെന്നും ജൂറി കമ്മിറ്റി വ്യക്തമാക്കി. ഫലപ്രഖ്യാപനത്തിൽ അട്ടിമറി ആരോപിച്ച് രണ്ട് പരാതികളാണ് ലഭിച്ചത്. മത്സരത്തിൻ്റെ സ്റ്റാർട്ടിംഗ് സംബന്ധിച്ച നടുഭാഗത്തിന്റെ പരാതി നിലനിൽക്കില്ല. ചീഫ് അമ്പയർ സ്റ്റാർട്ടിംഗിന് അനുമതി നൽകിയാൽ വള്ളങ്ങൾ തുഴയണമെന്നും അപ്പീൽ ജൂറി കമ്മിറ്റി അറിയിച്ചു.
നെഹ്‌റു ട്രോഫി വള്ളംകളിയിൽ കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് വീയപുരം പ്രതിഷേധവുമായി എത്തിയത്. വിജയിയെ തീരുമാനിച്ചതിൽ അപാകതയുണ്ടെന്നായിരുന്നു വീയപുരത്തിന്റെ ആരോപണം. വിജയം അംഗീകരിക്കില്ലെന്നും, വീഡിയോ കാണണമെന്ന ആവശ്യവും വീയപുരം മുന്നോട്ട് വച്ചിരുന്നു. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിൻ്റെ നടുഭാഗവും വിജയത്തിൽ പ്രതിഷേധമറിയിച്ചിരുന്നു.
അഞ്ച് മൈക്രോ സെക്കൻഡിൻ്റെ വ്യത്യാസത്തിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബിൻ്റെ കാരിച്ചാൽ വീയപുരത്തെ മറികടന്ന് ഇത്തവണ ജേതാക്കളായത്. ഇത് തുടർച്ചയായ അഞ്ചാം തവണയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബിന് കിരീടം സ്വന്തമാകുന്നത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിൻ്റെ കാരിച്ചാല്‍, നിരണം ബോട്ട് ക്ലബ്ബിൻ്റെ നിരണം, വിബിസി കൈനകരിയുടെ വീയപുരം, കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിൻ്റെ നടുഭാഗം എന്നീ നാലു വള്ളങ്ങള്ളാണ് ഫൈനലില്‍ മാറ്റുരച്ചത്. അഞ്ച് ഹീറ്റ്‌സിലായി ഏറ്റവും മികച്ച സമയം കുറിച്ച നാല് ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലിലെത്തിയത്.