
വിശാഖപട്ടണത്തു നിന്നും കണ്ടെത്തിയ അസം സ്വദേശിനിയായ പതിമൂന്നുകാരിയെ നാളെ തിരുവനന്തപുരത്ത് എത്തിക്കും. കുട്ടിയെ കഴിഞ്ഞ ദിവസം കേരള പൊലീസ് ഏറ്റെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷമാകും കുട്ടിയുടെ സംരക്ഷണകാര്യത്തിൽ തീരുമാനം എടുക്കുക.
വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ 37 മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിൽ മലയാളി സമാജം പ്രവർത്തകരാണ് വിശാഖപട്ടണത്ത് നിന്നും കണ്ടെത്തിയത്. വിശാഖപട്ടണത്ത്, ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലായിരുന്നു കുട്ടി കഴിഞ്ഞത്.
ALSO READ: തിരുവനന്തപുരത്ത് നിന്നും കാണാതായ തസ്മിതിനെ കണ്ടെത്തി
കഴിഞ്ഞദിവസമാണ് പതിമൂന്നുകാരിയെ ഏറ്റെടുക്കാൻ പൊലീസ് സംഘം വിശാഖപട്ടണത്ത് എത്തിയത്. എഫ്ഐആർ അടക്കമുള്ള രേഖകൾ കൈമാറിയാണ് കുട്ടിയെ ഏറ്റെടുത്തത്. കുട്ടിയുടെ വിശദമായ മൊഴിയെടുത്ത ശേഷമാകും നാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുക.
അതിഥി തൊഴിലാളിയായ അൻവർ ഹുസൈനാണ് പെണ്‍കുട്ടിയുടെ പിതാവ്. കണിയാപുരം മുസ്ലീം ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരിയുമായി വഴക്കിട്ടതിന് കുട്ടിയെ അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. തുടർന്ന് കുടുംബം കഴക്കൂട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് കുട്ടിയുടെ കുടുംബം തിരുവനന്തപുരത്തെത്തിയത്.