ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: ബിർസ മുണ്ടയുടെ നാട്ടിൽ ഇക്കുറി കണക്ക് തീർക്കലിൻ്റെ പോരാട്ടം

തോൽക്കാതിരിക്കാൻ ജെഎംഎമ്മും ജയിക്കാനായി ബിജെപിയും ഒരുങ്ങുകയാണ് ബിർസ മുണ്ടയുടെ നാട്ടിൽ
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: ബിർസ മുണ്ടയുടെ നാട്ടിൽ ഇക്കുറി കണക്ക് തീർക്കലിൻ്റെ പോരാട്ടം
Published on

ഇത്തവണത്തെ ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഇരുപക്ഷത്തിനും കണക്ക് തീർക്കലിന്റെ പോരാട്ടമാണ്. തോൽക്കാതിരിക്കാൻ ജെഎംഎമ്മും ജയിക്കാനായി ബിജെപിയും ഒരുങ്ങുകയാണ് ബിർസ മുണ്ടയുടെ നാട്ടിൽ. ജാർഖണ്ഡിന്റെ രാഷ്ട്രീയ-സാമൂഹ്യ ചരിത്രം നോക്കിയാൽ ഒരു കാര്യം വ്യക്തമാകും. അവിടത്തെ ഭൂപ്രകൃതിക്കും രാഷ്ട്രീയത്തിനും ഒരേ രൂപമാണ്. അനിശ്ചിത്വത്തിന്റെ കയറ്റിറക്കങ്ങളാണത്. പല ഉയ‍ർച്ചകളും ഉലച്ചിലുകളും കണ്ട ആ രാഷ്ട്രീയത്തിലാണ് ഇത്രയും കാലം ഷിബു സോറന്റെ പാർട്ടിയായ ജെഎംഎമ്മും ബിജെപിയും ഏറ്റുമുട്ടിക്കൊണ്ടിരുന്നത്.

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ജെഎംഎമ്മിനും ബിജെപിക്കും കണക്ക് തീർക്കലിന്റെ പോരാട്ടമായതും അതുകൊണ്ടാണ്. ‌ഷിബു സോറന്റെ ​ഗോത്രപ്പാർട്ടിയുടെ ഓർമ നിലനിർത്തി മുന്നോട്ടു പോകേണ്ടത് മകൻ ഹേമന്ത് സോറന്റെ ആവശ്യമാണ്. ജെഎംഎം സ്ഥാപക നേതാവിന്റെ പഴയ രൂപത്തിലേക്ക് ജയിൽവാസത്തിന് ശേഷം ഹേമന്ത് എത്തിയതുപോലും ആ ഓ‍ർമ നിലനി‍ർത്താനാണ്. ഇഡിയും സിബിഐയും ബിജെപിക്ക് വേണ്ടി തന്നെ വേട്ടയാടി ജയിലിലിട്ടുവെന്ന് ഹേമന്ത് ഓരോ പ്രചാരണത്തിലും ആവ‍ർത്തിക്കുന്നുണ്ട്.

ഒരു കാലത്ത് വലിയ വിശ്വസ്തനായിരുന്ന ആളാണ് കോൽഹൻ ടൈ​ഗർ എന്ന് വിളിപ്പേരുള്ള ചംപയ് സോറൻ, മുഖ്യമന്ത്രി പദം പോലും നേടിയത് അങ്ങനെയാണ്. അതേ ചംപയ് സോറൻ ജെഎംഎമ്മുമായി ഇടഞ്ഞ് ബിജെപിക്കൊപ്പം പോയിട്ട് അധികമായില്ല. ചില മേഖലകളിൽ ചംപയ് സോറൻ ജെഎംഎമ്മിന് തലവേദനയാകുമെന്നുറപ്പാണ്. എന്നാൽ ചംപയ് പല്ലുകൊഴിഞ്ഞ സിംഹമാണെന്ന വിമർശനവുമുണ്ട്.

കിഴക്കൻ ഭാഗങ്ങളിൽ ബംഗ്ലാദേശ് മുസ്ലീങ്ങൾ നുഴഞ്ഞു കയറുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. മിക്ക പൊതുയോ​ഗങ്ങളിലും മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്ന് അവർ വിശേഷിപ്പിക്കുന്നു. ചില മേഖലകളിൽ ക്രിസ്ത്യൻ വിഭാ​ഗങ്ങൾക്കെതിരെയും, ചില സംഘപരിവാ‍ർ സംഘടനകൾ രം​ഗത്തുണ്ട്. ക്രിസ്ത്യൻ വിമർശനം പക്ഷേ മുതിർന്ന നേതാക്കളുടെ യോ​ഗങ്ങളിൽ അവർ ആവർത്തിക്കുന്നുമില്ല. ഇത്തരം അടവുകൾ പലതും ബിജെപി പയറ്റുന്നുണ്ട്.


ഈ തെരഞ്ഞെടുപ്പിലെ പാ‍ർട്ടി സംഘടനാ ചുമതല മുതിർന്ന നേതാവ് ശിവരാജ് സിങ് ചൗഹാനും, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കുമാണ്. സംസ്ഥാനത്തെ ഹിന്ദു ബെൽറ്റിലും ഒബിസി മേഖലകളിലും പ്രത്യേകമായി ശ്രദ്ധ പതിപ്പിച്ചുകൊണ്ട് ഇവർ തന്ത്രങ്ങൾ ആവിഷ്കരിച്ചു, മാസങ്ങളായി താഴെത്തട്ടിലുള്ള ക്യാമ്പെയിനുകൾ നയിക്കുന്നു. മോദിയും, അമിത് ഷായും, രാജ്നാഥ് സിങുമടക്കം യോഗങ്ങൾക്കെത്തുന്നുണ്ട്. ഇനി മോദിയുടെ വമ്പൻ റാലികളുണ്ടാകും, യോ​ഗി ആദിത്യനാഥിനേയും ഇറക്കും.

കുടുംബ പോരാട്ടം


കുടുംബങ്ങളിലെ രാഷ്ട്രീയ പോരാട്ടങ്ങൾക്കും ഇത്തവണ ജാർഖണ്ഡ് വേദിയാകുന്നു. പ്രധാന നേതാക്കളുടെ കുടുംബാം​ഗങ്ങൾ പലരും മത്സരരംഗത്തുണ്ട്. ജെഎംഎം സ്ഥാപകൻ ഷിബു സോറൻ്റെ രണ്ട് മരുമക്കളും മത്സരിക്കുന്നു. ജെഎംഎമ്മിൻ്റെ കൽപന സോറനും, ബിജെപിയുടെ സീത സോറനും. ഇവർ ഗണ്ഡേ, ജംതാര നിയമസഭാ മണ്ഡലങ്ങളിൽ നിന്നാണ് ജനവിധി തേടുന്നത്. ഒഡിഷ ഗവർണറും, ബിജെപി മുൻ മുഖ്യമന്ത്രിയുമായ രഘുബർദാസിൻ്റെ മരുമകൾ പൂർണിമ ദാസ് സാഹു, ജംഷഡ്പൂർ ഈസ്റ്റിൽ നിന്ന് മത്സരിക്കുന്നു. മന്ത്രി സത്യാനന്ദ് ഭോക്തയുടെ മരുമകൾ രശ്മി പ്രകാശ്, ഛത്രയിൽ നിന്ന് ആർജെഡി ടിക്കറ്റിലും മത്സരിക്കും. അന്തരിച്ച നേതാവ് നിർമ്മൽ മഹാതോയുടെ മരുമകൾ സവിത മഹാതോ ജെഎംഎം സ്ഥാനാർഥിയായി ഇഛാഗഢിൽ നിന്നും മത്സരിക്കും. ധൻബാദിലെ ടുണ്ടിയിൽ ജെഎംഎമ്മിന്റെ മഥുര പ്രസാദ് മഹാതോയാണ് സിറ്റിങ് എംഎൽഎ. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത് മകൻ ദിനേഷ് മഹാതോയും. ജാരിയ നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ജാർഖണ്ഡ് ലോക്താന്ത്രിക് ക്രാന്തി മോർച്ചയുടെ മുഹമ്മദ് റുസ്തം അൻസാരി നേരിടുക സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇതേ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന മകൻ സദ്ദാം ഹുസൈനെയാണ്.

ഗോത്രവോട്ട് ചെറിയ മീനല്ല


ജാർഖണ്ഡിൽ ജനസംഖ്യയുടെ 26 ശതമാനവും ഗോത്രവിഭാ​ഗമാണ്. ഇതിൽ 75 ശതമാനം നാല് പ്രധാന ഗോത്രങ്ങളാണ്. 12 ശതമാനം പട്ടികജാതിക്കാരുമുണ്ട്. അഞ്ച് ഡിവിഷനുകളായി 81 അസംബ്ലി സീറ്റുകളിൽ 28 എണ്ണം എസ്ടി മണ്ഡലമാണ്. പലാമു, ഛോട്ടാ നാഗ്പൂർ പ്രദേശങ്ങൾ ഹിന്ദി സ്വാധീന, ഒബിസി മേഖലകളാണ്. സന്താൾ പർഗാനാസും കോൽഹാനും അടക്കമുള്ള ഗോത്രസ്വാധീന പ്രദേശങ്ങളിൽ ജെഎംഎമ്മിന് കൂടുതൽ അടിത്തറയുണ്ട്. എന്നാൽ ജെഎംഎം- കോൺഗ്രസ് - ആർജെഡി സഖ്യത്തിന് ഗോത്രവർഗ്ഗക്കാർക്കിടയിൽ സ്വാധീനം കുറയുകയും, ബിജെപിക്ക് കൂടുകയും ചെയ്തു. ഹരിയാനയിലെ ഇത്തവണത്തെ വിജയം ബിജെപിക്ക് നൽകുന്ന ആത്മവിശ്വാസവും ചെറുതല്ല. അതുകൊണ്ട് ജാർഖണ്ഡിൽ ജെഎംഎമ്മിനൊപ്പം മികച്ച പ്രകടനം കാഴ്ച്ച വെക്കേണ്ടത് കോൺ​ഗ്രസിന്റെ അഭിമാനപ്രശ്നമാണ്.

നിർണായക ഘടകങ്ങൾ


ജാർഖണ്ഡിലെ സ്ത്രീ വോട്ടർമാരുടെ എണ്ണത്തിൽ വർധനയുണ്ട്. 81 സീറ്റുകളിൽ 32 എണ്ണത്തിലും പുരുഷ വോട്ടർമാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കൂടുതൽ. ഉൾപ്രദേശങ്ങളിലെ വനിതാ വോട്ടർമാർക്ക് വോട്ടെടുപ്പിൽ നിർണായക പങ്കുണ്ട്. ജാർഖണ്ഡിലെ വനിതാ വോട്ടർമാരുടെ ന്യൂട്രൽ വോട്ടുകൾ എങ്ങോട്ട് ചായുമെന്നാണ് ഇരുപക്ഷവും നോക്കുന്നത്. ഭരണകക്ഷിയായ ജെഎംഎമ്മിന് ഈ വോട്ടുകൾ ലഭിക്കുമെന്ന് അവർ കരുതുന്നു. ജെഎംഎം സർക്കാരിന്റെ മയ്യാ സമ്മാൻ യോജന പദ്ധതി പ്രകാരം സ്ത്രീകൾക്ക് 1000 രൂപ നൽകിയിരുന്നു. പിന്നീടത് 2500 ആയി കൂട്ടി. മധ്യപ്രദേശിലും മറ്റിടങ്ങളിലും സമാനമായ പദ്ധതികൾ സ്ത്രീ വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കിയത് ഇവിടെയും ആവ‌‍ർത്തിക്കുമെന്ന് ഹേമന്ത് സോറൻ കണക്കുകൂട്ടുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ തുക വർധിപ്പിക്കുമെന്നാണ് പാർട്ടിയുടെ ഉറപ്പ്. ​ഗോത്ര ഇമേജിനപ്പുറം ഒബിസി അടക്കമുള്ള മറ്റ് വിഭാ​ഗങ്ങളെ കൂടെ നി‍ർത്തേണ്ടതും ഹേമന്ത് സോറന്റെ ആവശ്യമാണ്.

കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിൽ ജയിച്ച ഒമ്പത് സീറ്റുകൾ ഇത്തവണ നിർണായകമായേക്കും. ദിയോഗർ, ഗോഡ, ഗോദർമ, മാണ്ഡു, ബാഗ്മാര, ജർമുണ്ഡി, സിണ്ടേഗ, നള, ജമ. ഇതിൽ ബിജെപി അഞ്ച് എണ്ണവും ജാർഖണ്ഡ് മുക്തി മോർച്ചയും കോൺഗ്രസും രണ്ടെണ്ണം വീതവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു. അടുത്തിടെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും സഖ്യകക്ഷിയായ ഓൾ ജാർഖണ്ഡ് സ്റ്റുഡൻ്റ്സ് യൂണിയനും ഈ നിയമസഭാ മണ്ഡലങ്ങളിൽ എട്ടിടത്ത് ലീഡ് ചെയ്തു, ഒരു സീറ്റിൽ കോൺഗ്രസും. 2019ൽ സിണ്ടേഗ മണ്ഡലത്തിൽ കോൺഗ്രസ് ബിജെപിയെ പരാജയപ്പെടുത്തിയത് 285 വോട്ടുകൾക്കാണ്. ബാഗ്മാരയിൽ 824 വോട്ടുകൾക്കാണ് ബിജെപി കോൺഗ്രസിനെ പരാജയപ്പെടുത്തിയത്.

2014ൽ ആകട്ടെ 19 സീറ്റിലെ ശരാശരി വിജയ മാർജിൻ 2100 വോട്ടുകളാണ്. നേരിയ വോട്ടുകളിൽ വിജയം നേടുന്ന ഈ മണ്ഡലങ്ങൾ ഈ തെരഞ്ഞെടുപ്പിലും നിർണായകമായിരിക്കും. ഈ മണ്ഡലങ്ങളിലെ ഫ്ലോട്ടിങ് വോട്ടുകളിൽ ഇരുപാർ‌ട്ടികളും പ്രതീക്ഷ വെക്കുന്നു. ഏതായാലും ഏത് വിധേനയും ജാർഖണ്ഡ് തിരിച്ചുപിടിക്കാനുള്ള നീക്കങ്ങളിലാണ് അമിത് ഷായുടെ പാർട്ടി. അധികാര തുട‍ർച്ച ജെഎംഎമ്മിന്റെ അതിജീവന പ്രശ്നവും. ജാർഖണ്ഡ് ജനതയുടെ ഭാ​ഗധേയം നവംബർ 23 ന്റെ വോട്ടെണ്ണലിലറിയാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com