
അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ ചെന്നൈയിൽ നിന്ന് വിമാനമാർഗ്ഗം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം മുതിർന്ന നേതാക്കൾ ഏറ്റുവാങ്ങും. വിലാപയാത്രയായി കോട്ടയത്ത് എത്തിക്കുന്ന ഭൗതിക ദേഹം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്കുശേഷം ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിലും വീട്ടിലും പൊതുദർശനം ഉണ്ടാകും. നാളെ ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ ആണ് സംസ്കാര ചടങ്ങുകൾ. മുതിർന്ന സിപിഎം നേതാക്കൾ ഉൾപ്പെടെ അന്തിമോപചാരമർപ്പിക്കാൻ എത്തും.
ഫെബ്രുവരി 21 ന് ഉച്ചയോടെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു എ.വി. റസലിന്റെ അന്ത്യം. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ കോട്ടയം ജില്ലാ സമ്മേളനത്തിൽ ഇദ്ദേഹത്തെ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി നിലനിർത്തുകയായിരുന്നു. 2022 ജനുവരിയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് ആദ്യമായി റസല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന വി.എന്‍. വാസവന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിപ്പിച്ചപ്പോൾ രണ്ടുതവണയും റസൽ ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെയാണ് ആദ്യമായി ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.
റസലിന്റെ ആകസ്മികമായ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ മുതിർന്ന സിപിഎം നേതാക്കൾ അനുശോചനം രേഖപ്പെടുത്തിയിരുന്നു. കോട്ടയം ജില്ലാ സെക്രട്ടറിയെന്ന നിലയിൽ സ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹം നിർവഹിച്ചത്. അദ്ദേഹത്തിന്റെ സംഘടനാ മികവാണ് കോട്ടയത്ത് പാർട്ടിയെ നല്ല നിലയിലെത്തിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു. മന്ത്രി വി.എന്‍. വാസവന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരും അനുശോചനം രേഖപ്പെടുത്തി.