ദേശീയപാത അതോറിറ്റിക്ക് ലഭിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി
ദേശീയപാത 66ലെ വിവിധ ഭാഗങ്ങളിൽ റോഡ് തകരുകയും മണ്ണിടിയുകയും ചെയ്ത സംഭവത്തിൽ കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ. കരാർ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷനെ ഡീബാർ ചെയ്തു. പദ്ധതിയുടെ കൺസൾട്ടൻ്റായ എച്ച്ഇസി കമ്പനിക്കും വിലക്കുണ്ട്. ദേശീയപാത അതോറിറ്റിയുടെ രണ്ടംഗ സംഘംമ നടത്തിയ പ്രാഥമിക പരിശോധനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. തുടർ കരാറുകളിൽ പങ്കെടുക്കാൻ കമ്പനിക്ക് കഴിയില്ല. കരിമ്പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാൻ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കമ്പനിക്ക് നോട്ടീസ് നൽകി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൻ്റേതാണ് നടപടി.
ദേശീയപാതാ നിർമാണത്തിലെ അപാകത അന്വേഷിക്കാൻ ഡൽഹി ഐഐടി പ്രൊഫസർ കെ.ആർ. റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെയും കേന്ദ്രം നിയോഗിച്ചിട്ടുണ്ട്. സംഘത്തിൻ്റെ വിശദമായ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കും. കേരളത്തിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യവും സംഘം പരിശോധിക്കും. കാസർഗോഡ് മുതലുള്ള നിർമാണപ്രവർത്തനത്തിൻ്റെ കാര്യക്ഷമതയും കമ്മിറ്റി വിലയിരുത്തും. അന്വേഷണ സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കർശന നടപടിയുണ്ടാകുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും അറിയിച്ചിട്ടുണ്ട്.
ALSO READ: ദേശീയപാതാ നിർമാണത്തിലെ അപാകത; അന്വേഷണത്തിനായി മൂന്നംഗസംഘത്തെ നിയോഗിച്ച് കേന്ദ്രം
മലപ്പുറം, കോഴിക്കോട് ജില്ലകളിലായി തുടർച്ചയായി രണ്ട് റോഡ് തകർച്ചകൾ ഉണ്ടായിരുന്നു. പിന്നാലെയാണ് കേരളത്തിലെ ദേശീയപാത 66 (എൻഎച്ച്-66) ന്റെ നിർമാണ പ്രവർത്തനങ്ങളിലെ അപാകത അന്വേഷിക്കാൻ കേന്ദ്രം സംഘത്തെ നിയോഗിച്ചത്. കനത്ത മഴയാണ് തകർച്ചയ്ക്ക് കാരണമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) പറഞ്ഞിരുന്നു. വെള്ളം ഒലിച്ചിറങ്ങുന്നതും ഉപരിതലത്തിനടിയിലെ സുഷിര മർദം വർധിച്ചതുമാണ് റോഡ് പൊളിഞ്ഞുവീഴാൻ കാരണമെന്ന് എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ അൻഷുൽ ശർമ പറഞ്ഞു.