ഹരിത കർമ്മ സേന ശേഖരിച്ച മാലിന്യങ്ങൾ കൃത്യ സമയത്ത് കയറ്റി അയക്കാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് പ്രധാനമായും ഉയർന്നു വരുന്ന വാദം
ആലപ്പുഴയിൽ നെഹ്‌റു ട്രോഫി ജലോത്സവുമായി ബന്ധപ്പെട്ട കലാപരിപാടികൾ അരങ്ങേറേണ്ട നഗരചത്വരം പരിസരം മാലിന്യ കൂമ്പാരത്താൽ വൃത്തിഹീനം. ഹരിത കർമ്മ സേന ശേഖരിച്ച മാലിന്യങ്ങൾ കൃത്യ സമയത്ത് കയറ്റി അയക്കാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് പ്രധാനമായും ഉയരുന്ന വാദം.
ഇതോടെ അരങ്ങിൽ പരിപാടികൾ അവതരിപ്പിക്കാൻ കഴിയില്ലെന്ന് മാത്രമല്ല കയറി നിൽക്കാൻ പോലും കഴിയാത്ത വിധത്തിലാണ് മാലിന്യം നിറഞ്ഞിരിക്കുന്നത്. നഗരത്തിൻ്റെ സാംസ്‌കാരിക കേന്ദ്രമായി വിഭാവനം ചെയ്തതാണ് നഗരചത്വരം.
ഇവിടെ മാലിന്യ ശേഖരണം ആരംഭിച്ചതോടെ ജനങ്ങൾ ഈ പ്രദേശത്തേക്ക് വരാതെയായി. കുട്ടികൾക്കായി തയ്യാറാക്കിയ പാർക്കും കാട് കയറി നശിച്ചു. ക്ലീൻ കേരള അടക്കമുള്ള കമ്പനികൾ മാലിന്യം ശേഖരിക്കുന്നതിൽ വരുത്തുന്ന കാലതാമസമാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.