16ാം വയസിൽ സിറിയയിൽ നിന്ന് പലായനം, പിന്നീട് യുഎന്നിൻ്റെ ഗുഡ്‌വിൽ അംബാസഡർ; ഒളിമ്പ്യൻ യുസ്ര മാർഡിനിയുടെ വ്യത്യസ്തമായ പോരാട്ടക്കഥ

കൗമാരക്കാലത്താണ് യുദ്ധത്തിൽ തകർന്ന തൻ്റെ രാജ്യത്ത് നിന്ന് യുസ്രയ്ക്ക് പലായനം ചെയ്യേണ്ടി വന്നത്
യുസ്ര മർഡിനി
യുസ്ര മർഡിനി
Published on

കായിക മത്സരങ്ങളുടെ മാമാങ്കമായ ഒളിമ്പിക് ഗെയിംസിന് ഇന്ന് പാരീസിൽ തുടക്കം കുറിച്ചിരിക്കുകയാണ്. പ്രതിബന്ധങ്ങളെ മറികടന്ന് സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ എത്തിയ അഭയാർത്ഥി കായികതാരങ്ങളെ ഗെയിംസ് വേദിയിൽ ആദരിക്കുമ്പോൾ അത്തരത്തിലെത്തിയ യുസ്ര മാർഡിനി എന്ന സിറിയൻ അഭയാർത്ഥി താരത്തിന്റെ കഥയും വ്യത്യസ്തമാവുകയാണ്. കൗമാരക്കാലത്താണ് യുദ്ധത്തിൽ തകർന്ന തൻ്റെ രാജ്യത്ത് നിന്ന് യുസ്രയ്ക്ക് പലായനം ചെയ്യേണ്ടി വന്നത്. എന്നാൽ സ്വപ്‌നങ്ങൾ വിട്ട് കൊടുക്കാതെയുള്ള പോരാട്ടത്തിലൂടെ 2016, 2020 ഒളിമ്പിക് ഗെയിംസിന്റെ ഭാഗമാകാൻ അവൾക്ക് കഴിഞ്ഞു.

2015 ഓഗസ്റ്റിൽ സിറിയയിലെ ആഭ്യന്തരയുദ്ധത്തെ തുടർന്ന് അനിയത്തിയുമായി വീട് വിട്ട് ഇറങ്ങുമ്പോൾ യുസ്രയ്ക്ക് 17 വയസ്സായിരുന്നു. സിറിയയിൽ നിന്ന് ലെബനനിലേക്കും അവിടെ നിന്ന് തുർക്കിയിലേക്കും യാത്ര ചെയ്താണ് ഇരുവരും ഗ്രീസിലെത്തിപ്പെട്ടത്. ആ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. തുർക്കിയിൽ നിന്നും ഗ്രീസിലേക്ക് ബോട്ട് മാർഗമാണ് പോകേണ്ടത്. 10 കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ആ യാത്രയ്ക്ക് ഏകദേശം 45 മിനിറ്റ് ആവശ്യമാണ്.

എന്നാൽ ഉൾക്കൊള്ളാവുന്നതിലധികം ആളുകൾ ഉണ്ടായിരുന്ന ആ ബോട്ടിനാകട്ടെ കേടുപാടുകളും ഉണ്ടായിരുന്നു. യാത്ര ആരംഭിച്ചു 20 മിനുട്ടിനുള്ളിൽ തന്നെ ബോട്ട് ആടിയുലയാൻ തുടങ്ങി. യുസ്രയ്ക്കും സഹോദരിയ്ക്കും മറ്റു രണ്ടുപേർക്കും ബോട്ട് ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാർഗം ഉണ്ടായിരുന്നില്ല. ഇത് മാത്രവുമല്ല തീരത്തേക്ക് ബോട്ട് തള്ളി അടുപ്പിക്കുക എന്ന മൂന്നു മണിക്കൂർ നീണ്ട തീവ്രശ്രമത്തിനു നേതൃത്വം നൽകിയതും അവൾ ആയിരുന്നു.

ലക്ഷ്യസ്ഥാനമായ ജർമ്മനിയിലേക്കുള്ള യുസ്രയുടെ യാത്രയും കഠിനമായിരുന്നു. കാൽനടയായും ബസുകളിലും മാത്രമല്ല ചിലസമയത്ത് കള്ളക്കടത്തുകാരുടെ സഹായവും അവൾക്ക് തേടേണ്ടി വന്നു. കഷ്ടതകൾക്കൊടുവിൽ യുസ്രയുടെ സ്വപനം ഫലം കണ്ട വർഷമായിരുന്നു 2016. ആ വർഷം റിയോയിൽ നടന്ന ആദ്യ ഐ ഒ സി അഭയാർത്ഥി ഒളിമ്പിക് ടീമിൻ്റെ ഭാഗമാകാൻ അവൾക്ക് കഴിഞ്ഞു. 100 മീറ്റർ ബട്ടർഫ്ലൈ ഹീറ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ അവൾക്ക് കഴിഞ്ഞില്ല. എങ്കിലും താൻ ചേർത്തുപിടിക്കുന്നത് വെറുമൊരു ഒളിമ്പിക് പതാകമാത്രമല്ലെന്നും ആഗോള സമൂഹത്തിൻ്റെ പ്രതീക്ഷകളും സ്വപ്നങ്ങളും ആണെന്ന് അവൾ പറഞ്ഞു.

അഭയാർത്ഥി അവകാശങ്ങൾക്കായുള്ള യുസ്രയുടെ പോരാട്ടത്തിന്റെ ഫലമായി യുഎന്നിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ മനുഷ്യാവകാശ ഗുഡ്‌വിൽ അംബാസഡറായി അവൾ തിരഞ്ഞെടുക്കപ്പെട്ടു. മറ്റുള്ളവർക്ക് പ്രചോദനമായ അവളുടെ യാത്ര പിന്നെയും തുടർന്നു. പ്രത്യാശയുടെയും പ്രതിരോധത്തിൻ്റെയും ശക്തമായ ഉപകരണമായാണ് തൻ്റെ കായിക ശേഷിയെ അവൾ കണ്ടത്. 2023-ൽ ടൈം മാഗസിൻ്റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ അവളെ ഉൾപ്പെടുത്തി. സമൂഹം പിന്നെയും അവളെ ആദരിച്ചു. "ദി സ്വിമ്മേഴ്‌സ്" എന്ന പേരിൽ അടുത്തിടെ തന്റെ ജീവചരിത്രവും അവൾ പുറത്തിറക്കി. അതേസമയം 2016 ലെ ഒളിമ്പിക്‌സിൽ 10 അത്‌ലറ്റുകൾ ആണ് അഭയാർത്ഥി ടീമിൻ്റെ ഭാഗമായതെങ്കിൽ ഈ വർഷം 37 അത്‌ലറ്റുകൾ ആണ് പാരീസ് ഒളിമ്പിക്‌സിന്റെ ഭാഗമാകുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com