തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഉത്സവബത്ത; ഓണത്തോട് അനുബന്ധിച്ച് വിവിധ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

പൂട്ടികിടക്കുന്ന സ്വകാര്യ കയർ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക്‌ എക്‌സ്‌ഗ്രേഷ്യയായി 2000 രൂപ നൽകും.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഉത്സവബത്ത; ഓണത്തോട് അനുബന്ധിച്ച് വിവിധ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി
Published on

ഓണത്തോട്‌ അനുബന്ധിച്ച്‌ വിവിധ വിഭാഗങ്ങൾക്ക്‌ ആനുകൂല്യങ്ങൾ അനുവദിച്ച് സർക്കാർ. തൊഴിലുറപ്പ് തൊഴിലാളികൾക്ക് 56.91 കോടി രൂപ ഉത്സവബത്ത അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിൽ 5.69 ലക്ഷം തൊഴിലാളികൾക്ക്‌ 1000 രൂപവീതം ഓണം ഉത്സവബത്തയായി ലഭിക്കും. നഗര തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപ വീതം ഉത്സവബത്ത ലഭിക്കും.

ചെറുകിട കയർ സംഘം തൊഴിലാളികൾക്ക്‌ ബോണസ്‌ ഉറപ്പാക്കാൻ സർക്കാർ കയർ കോർപറേഷന് 10 കോടി രൂപ അനുവദിച്ചു. പൂട്ടികിടക്കുന്ന സ്വകാര്യ കയർ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക്‌ എക്‌സ്‌ഗ്രേഷ്യയായി 2000 രൂപ നൽകും. സമ്പാദ്യ പദ്ധതി ഏജന്റുമാർക്ക്‌ ഒരു ഗഡു പ്രതിഫലം അനുവദിച്ചു. കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതിക്കായി 30 കോടി രൂപയും അങ്കണവാടി സേവന പദ്ധതികൾക്കായി 87.13 കോടി രൂപയും നൽകി.

അതേസമയം, ഭാഗ്യക്കുറി ഏജൻ്റുമാർക്കും വിൽപ്പനക്കാർക്കും ഉത്സവബത്ത 7000 രൂപയായി ഉയർത്തിയെന്നും ധനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ക്ഷേമ പെൻഷൻകാർക്ക് 2500 രൂപ ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

35,600 ഏജൻ്റുമാർക്കും വിൽപ്പനക്കാർക്കും 7009 പെൻഷൻകാർക്കുമായി 26.67 കോടി രൂപയാണ് ഓണക്കാലത്ത് വിതരണം ചെയ്യുന്നതെന്നും ധനകാര്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4000 രൂപ ബോണസ് പ്രഖ്യാപിച്ചിരുന്നു. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com