
ലോകത്തെ അപൂർവ്വ നേട്ടങ്ങളെ അടയാളപ്പെടുത്തുന്ന ഗിന്നസ് റെക്കോർഡിന്‍റെ ആദ്യപതിപ്പിന് ഇന്നേക്ക് 69 വയസ്. വേട്ടയ്ക്കിറങ്ങിയ ഒരു വ്യവസായിയുടെ തലയിലുദിച്ച ആശയമാണ് ഇന്ന് കൗതുകങ്ങളുടെ ആഗോള ശേഖരമായ ഗിന്നസ് ബുക്കായി മാറിയത്. 69 വർഷങ്ങൾക്ക് മുൻപിറങ്ങിയ ആദ്യ പതിപ്പിലെ കൗതുകം ഇന്നും ഗിന്നസ് ബുക്കിനുണ്ട്.
നാവ് രണ്ടായി പിളർത്തിയത് അടക്കം, ശരീരത്തില്‍ 89 ശതമാനം മോഡിഫിക്കേഷന്‍, 99.98 ശതമാനം ശരീരഭാഗങ്ങൾ പൊതിഞ്ഞ് ടാറ്റൂ. അമേരിക്കക്കാരി എസ്പരന്‍സ ലൂമിനസ്ക ഫ്യൂർസിന, 2025 ഗിന്നസ് ബുക്കിലെത്തിയത് അങ്ങനെ. ജന്മനാ കാലുകളില്ലാത്ത കാന്യാ സെസ്സർ, സ്കേറ്റ് ബോർഡില്‍ ഏറ്റവുമധികം നേരം കെെകുത്തി നിന്നാണ് റെക്കോർഡിലിടം പിടിച്ചത്, ടിക്ടോക് താരമായ അപ്പോളോ എന്ന തത്ത ലോകത്ത് ഏറ്റവുമധികം വസ്തുക്കളെ തിരിച്ചറിഞ്ഞും അടുത്തിടെ റെക്കോർഡ് നേടി. ഇത്തരത്തില്‍ അപൂർവ്വമായ ഒരുപാട് കൗതുകങ്ങളുടെ ശേഖരമാണ് ഗിന്നസ് ബുക്ക്. ലോകത്തിന്‍റെ എല്ലാ കോണിലുള്ളവർക്കും പരിചിതമായ എന്‍സെെക്ലോപീഡിയ. ലോകത്ത് ഏറ്റവുമധികം കോപ്പികള്‍ വിറ്റഴിയുന്ന പകർപ്പവകാശമുള്ള ഏക പുസ്തക പരമ്പരയെന്ന ലോക റെക്കോർഡും ഗിന്നസിന് സ്വന്തം പേരിലുണ്ട്.
1951 ലാണ് ഗിന്നസ് ബുക്കെന്ന ഒരാശയം തന്നെ ഉടലെടുക്കുന്നത്. ലോകത്തിന്‍റെ നേട്ടങ്ങളെല്ലാം അറിയാന്‍ ഒരൊറ്റ റെക്കോർഡ്. അയർലന്‍റിലെ മദ്യ ഉത്പാദകരായ ഗിന്നസ് ബ്യൂവറിയുടെ മാനേജ് ഡയറക്ടറായിരിക്കെ, വ്യവസായിയായ ഹ്യൂഗ് ഭീവറിന്‍റെ തലയില്‍ ഉദിച്ച ആശയമായിരുന്നു അത്. അക്കാലത്ത് യൂണിവേഴ്സിറ്റി വിദ്യാർഥികളായിരുന്ന നോറിസ്-റോസ് മക്വാട്ടർ ഇരട്ട സഹോദരങ്ങളാണ് ഈ ആശയം വികസിപ്പിച്ചത്. 1955 ഓഗസ്റ്റ് 27 ന്, പ്രസിദ്ധീകരിച്ച 198 പേജുള്ള ആദ്യപതിപ്പ്, ബ്രിട്ടനിലെയും അയർലന്‍റിലെയും പബ്ബുകളില്‍ ഗിന്നസ് കമ്പനിയുടെ പ്രചരാണാർഥം വിതരണം ചെയ്തു.
ഏറ്റവും കൂടുതൽ കൊല നടത്തിയ സീരിയല്‍ കില്ലർമാരടക്കം റെക്കോർഡ് തീർത്ത ഗിന്നസില്‍ നിന്ന് പില്‍ക്കാലത്ത് മനുഷ്യരോ മറ്റു ജീവികള്‍ക്കോ എതിരായ ആക്രമണങ്ങള്‍ ഒഴിവാക്കി. ഒരാളുടെ സൗന്ദര്യം നിർണ്ണയിക്കുന്നതടക്കം, അളന്നെടുക്കാനാകാത്ത മാനദണ്ഡങ്ങളിലും ഇന്ന് റെക്കോർഡ് അവകാശപ്പെടാനാകില്ല. പക്ഷേ കൗതുകങ്ങളുടെ പുസ്തകത്തില്‍ നഖം നീട്ടിവളർത്തിയും ബർഗർ തിന്നും എന്തിന് ഒറ്റക്കാലില്‍ നിന്നും വരെ കയറിപ്പറ്റാം.