
അനിശ്ചിതത്വത്തിന്‍റെ കൊടുമുടി കയറി നില്‍ക്കുകയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. സിനിമ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് നാളുകള്‍ ഒരുപാടായെങ്കിലും അത് എന്ന് പുറത്തുവരും എന്നതിനെക്കുറിച്ച് ഇപ്പോഴും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. ആ അനിശ്ചിതത്വത്തിന് ഒരു ആശ്വാസമെന്നോണം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാം എന്ന് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെയാണ് സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ ഹേമ കമ്മീഷനെ നിയോഗിക്കുന്നത്. കമ്മിറ്റി രൂപീകരിച്ച് അഞ്ച് വർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവിടാത്തതിനെതിരെ നിരവധി ചർച്ചകൾ ഉയർന്നുവന്നിരുന്നു. വിവരാവകാശ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് പറഞ്ഞതിനെ തുടർന്നാണ് നിർമാതാവ് സജിമോൻ പാറയിൽ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഹർജിക്കാരൻ്റെ വാദത്തെ തള്ളി ഒരാഴ്ചകകം റിപ്പോർട്ട് പുറത്തുവിടണമെന്നാണ് ഉത്തരവ്. ഇതനുസരിച്ച് ഏഴു ദിവസത്തിനുള്ളിൽ സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടേക്കും. അഞ്ച് മാധ്യമപ്രവർത്തകർക്കാകും റിപ്പോർട്ട് കൈമാറുക.
സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകുന്നില്ലെന്ന് ഹർജിക്കാരനായ സജിമോൻ പാറയ്ക്കൽ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാല്‍ അത് സിനിമാ മേഖലയിലെ ചില പ്രതിസന്ധികൾക്ക് കാരണമാകും. ഇത് കോടതിയെ ബോധ്യപ്പെടുത്താനാണ് ശ്രമിച്ചത്. നിലവിൽ അപ്പീലിനില്ലെന്നും ഹർജിക്കാരൻ വ്യക്തമാക്കി. അഭിഭാഷകരുമായി കൂടിയാലോചിച്ച് പിന്നീട് നിയമനടപടികളിലേക്ക് പോകുമോ എന്നുള്ള കാര്യം തീരുമാനിക്കുമെന്നും ഹർജിക്കാരൻ പറഞ്ഞു. ആരോപണ വിധേയരായ ആളുകളുടെ വാദം കേൾക്കാതെയാണ് കമ്മിറ്റി റിപ്പോർട്ട് തയാറാക്കിയതെന്നാണ് ഹർജിക്കാരൻ്റെ വാദം. സിനിമാ മേഖലയിലെ സ്ത്രീകൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടാണിത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ടത് അനിവാര്യമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവിയും പ്രതികരിച്ചു. സിനിമയിൽ സ്ത്രീകൾ വിവേചനം നേരിട്ടെന്നത് വസ്തുതയാണ്. വ്യക്തികളുടെ സ്വകാര്യത മാനിച്ച് വിവരങ്ങൾ പുറത്തുവിടണമെന്നും സതീദേവി പറഞ്ഞു.
ഇന്ന് രണ്ടുമണിയോടെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി ഉത്തരവ് പുറത്തുവന്നത്. വിവരാവകാശ കമ്മിഷൻ്റെ വിധിപ്രകാരം, ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ നിർമാതാവ് സജിമോൻ പാറയ്ക്ക്ൽ സമർപ്പിച്ച ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരാവകാശ കമ്മിഷനിൽ അപ്പീൽ നൽകിയവരെ ആരെയും ബാധിക്കുന്ന കാര്യമല്ല. അതിനാൽ ഇവരുടെ ആവശ്യം അനുവദിക്കരുതെന്ന് ഹർജിക്കാരൻ വാദമുന്നയിച്ചിരുന്നു.
റിപ്പോർട്ടിൻ്റെ പകർപ്പ് നൽകണമെന്ന അപേക്ഷകൾ നേരത്തേ വിവരാവകാശ കമ്മിഷൻ നിരസിച്ചതാണ് എന്നായിരുന്നു ഹർജിക്കാരൻ്റെ വാദം. എന്നാൽ റിപ്പോർട്ടിൽ പൊതുതാൽപര്യമുണ്ടെന്നും സ്വകാര്യത സംരക്ഷിച്ച് ബാക്കി ഭാഗം പുറത്തുവിടേണ്ടതാണെന്നുമാണ് വിവരവാകാശ കമ്മിഷൻ്റെ അഭിഭാഷകൻ നിലപാടെടുത്തത്. നിയമസഭയ്ക്ക് മുമ്പാകെ റിപ്പോർട്ട് എത്തിയേക്കുമെന്ന സാഹചര്യമുണ്ടായിരുന്നതുകൊണ്ടാണ് നേരത്തേ റിപ്പോർട്ട് പുറത്തു വിടാതിരുന്നതെന്ന് കമ്മീഷൻ വ്യക്തമാക്കി.