തൃശൂർ പൂരം കലക്കലിൽ ഗൂഢാലോചന; എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്

തൃശ്ശൂർ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മത പരമായ ചടങ്ങുകൾക്ക് തടസ്സം സൃഷ്ടിക്കുക, രണ്ടു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്
തൃശൂർ പൂരം കലക്കലിൽ ഗൂഢാലോചന; എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്
Published on

തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ ഗൂഢാലോചന നടന്നതായി സ്ഥിരീകരിച്ച് പൊലീസ്. എസ്ഐടി സംഘത്തിൻ്റെ നിർദേശ പ്രകാരം രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പൂരം അലങ്കോലപ്പെടുത്താൻ ശ്രമിച്ചു എന്ന് പരാമർശമുണ്ട്. പേര് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തിയതായും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തൃശൂർ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മത പരമായ ചടങ്ങുകൾക്ക് തടസ്സം സൃഷ്ടിക്കുക, രണ്ടു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട് .

തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപ്പം വൈകിയതാണെന്നുള്ള മുഖ്യമന്ത്രിയുടെ പരാമർശം വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. തൃശൂർ പൂരം കലക്കിയെന്ന് ലീഗ് കള്ളം പ്രചരിപ്പിക്കുകയാണെന്നും സംഘപരിവാറിനേക്കാൾ ആവേശമാണ് അവർക്കെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപ്പം വൈകി എന്നതാണെന്നും, ഇതിൻ്റെ പേരാണോ പൂരം കലക്കലെന്നും മുഖ്യമന്ത്രി ഇന്നലെ ചോദിച്ചിരുന്നു.


പൂരം കലക്കലിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന ബിജെപിയെ സഹായിക്കാനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. പൂരം കലക്കൽ കേസിലെ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നതായും അന്വേഷണത്തിൽ ഇടപെട്ട് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു.

ആർഎസ്എസുകാരെ സന്തോഷിപ്പിക്കാനാണ് പൂരം കലക്കിയത്. കലങ്ങിയില്ലെങ്കിൽ ത്രിതല അന്വേഷണം എന്തിനാണ്? പാലക്കാട് ബിജെപി-സിപിഎം ഡീൽ ഉണ്ടെന്നും സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി തൃശൂർ പൂരം കണ്ടിട്ടില്ലെന്നും കണ്ടിട്ടുണ്ടെങ്കിൽ പൂരം കലങ്ങിയിട്ടില്ലെന്ന് പറയില്ലായിരുന്നുവെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരനും വിമർശിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com