ഏറ്റവും വലിയ ഒറ്റക്കക്ഷി; ഫ്രാൻസിൽ സർക്കാർ രൂപീകരിക്കാമെന്ന പ്രതീക്ഷയിൽ ഇടതുപക്ഷം

കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും ഇടതുപക്ഷ പാർട്ടിയായ ന്യൂ പോപ്പുലർ ഫ്രണ്ട് (എൻഎഫ്‌പി) 182 സീറ്റുകളിൽ ജയിച്ചാണ് മുന്നിലെത്തിയത്. നിലവിലെ ഭരണകക്ഷിയായ മാക്രോണിൻ്റെ സെൻട്രലിസ്റ്റ് അലയൻസ് 168 സീറ്റുകളിലും, ലെ പെൻസിൻ്റെ നാഷണൽ റാലിയും (ആർ.എൻ) മറ്റു സഖ്യകക്ഷികളും ചേർന്ന് 143 സീറ്റുകളിലും വിജയക്കൊടി പാറിച്ചു.
ഏറ്റവും വലിയ ഒറ്റക്കക്ഷി; ഫ്രാൻസിൽ സർക്കാർ രൂപീകരിക്കാമെന്ന പ്രതീക്ഷയിൽ ഇടതുപക്ഷം
Published on

ഫ്രാൻസിലെ തിരഞ്ഞെടുപ്പിൽ തൂക്കുമന്ത്രിസഭയ്ക്കുള്ള സാഹചര്യത്തിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഇടതുപക്ഷം മുന്നിലെത്തി. കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും ഇടതുപക്ഷ പാർട്ടിയായ ന്യൂ പോപ്പുലർ ഫ്രണ്ട് (എൻഎഫ്‌പി) 182 സീറ്റുകളിൽ ജയിച്ചാണ് മുന്നിലെത്തിയത്. നിലവിലെ ഭരണകക്ഷിയായ മാക്രോണിൻ്റെ സെൻട്രലിസ്റ്റ് അലയൻസ് 168 സീറ്റുകളിലും, ലെ പെൻസിൻ്റെ നാഷണൽ റാലിയും (ആർ.എൻ) മറ്റു സഖ്യകക്ഷികളും ചേർന്ന് 143 സീറ്റുകളിലും വിജയക്കൊടി പാറിച്ചു. നിലവിൽ തൂക്കുമന്ത്രി സഭയാണെങ്കിലും തിങ്കളാഴ്ചയോടെ തന്നെ സർക്കാർ രൂപീകരിക്കാനുള്ള സാധ്യതകൾ തേടുമെന്ന് ഇടതുപക്ഷം അറിയിച്ചതായി ഫ്രഞ്ച് ദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

തെരഞ്ഞെടുപ്പ് ഫലം പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിന് വലിയ തിരിച്ചടി നൽകുന്നതാണ്. യൂറോപ്പിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഫ്രാൻസിൻ്റെ ഭാവി പ്രതിസന്ധിയിലാക്കുകയും ചെയ്തിട്ടുണ്ട്. പാരീസ് ഒളിമ്പിക്സിന് രാജ്യം ആതിഥേയത്വം വഹിക്കുന്നതിന് ആഴ്ചകൾക്ക് മുൻപുണ്ടായ രാഷ്ട്രീയ അസ്ഥിരതയുടെ ഈ സാഹചര്യത്തെ ലോക രാജ്യങ്ങളും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. യൂറോപ്യൻ യൂണിയനിലും മറ്റു വിദൂര മേഖലകളിലും ഫ്രാൻസിൻ്റെ പങ്ക് ദുർബലപ്പെടുത്തുന്നതും, ആഭ്യന്തര തലത്തിൽ ഭരണപ്രതിസന്ധിയുണ്ടാക്കുന്നതുമാണ് നിലവിലെ സാഹചര്യം.

"ഞങ്ങളുടെ വിലയിരുത്തൽ പ്രകാരം ഒരു പ്രധാനമന്ത്രിയെ നാമനിർദ്ദേശം ചെയ്യാൻ ഇമ്മാനുവൽ മാക്രോൺ ഇന്ന് ഔദ്യോഗികമായി പുതിയ പോപ്പുലർ ഫ്രണ്ടിനെ ക്ഷണിക്കണം," പ്രധാനമന്ത്രി സ്ഥാനത്തേക്ക് സാധ്യതയുള്ള സ്ഥാനാർഥികളിൽ ഒരാളായ മറൈൻ ടോണ്ടെലിയർ പറഞ്ഞു. "ഈ പ്രസിഡൻ്റ് അദ്ദേഹം അങ്ങനെ ചെയ്യുമോ ഇല്ലയോ എന്ന് ഞങ്ങൾ നിരീക്ഷിച്ച് വരികയാണ്," ടോണ്ടെലിയർ ഒരു റേഡിയോ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം, തിങ്കളാഴ്ച രാജി സമർപ്പിക്കുമെന്ന് പ്രധാനമന്ത്രി ഗബ്രിയേൽ അടൽ പറഞ്ഞു. എന്നാൽ, സർക്കാർ രൂപീകരിക്കാനുള്ള ശ്രമകരമായ ദൗത്യം കണക്കിലെടുത്ത് പ്രസിഡൻ്റ് ഉടൻ രാജി സ്വീകരിക്കുമോയെന്ന് വ്യക്തമല്ല. കെയർടേക്കർ റോളിൽ തുടരാൻ തയ്യാറാണെന്ന് ഗബ്രിയേൽ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com