
എക്കാലത്തേക്കുമായി ഹൃദയങ്ങളോട് ലോഹ്യം കൂടിയ കഥകള്‍ സമ്മാനിച്ച് ലോഹിതദാസ് മടങ്ങിയിട്ട് ഇന്നേക്ക് പതിനഞ്ചാണ്ടുകള്‍ തികയുകയാണ്. ജീവിതത്തില്‍ ആത്മസംഘര്‍ഷങ്ങളില്‍ അകപ്പെടുമ്പോള്‍ മലയാളി ആലോചിച്ചുപോകുന്ന കഥകളും കഥാപാത്രങ്ങളുമാണ് ഈ എഴുത്തുകാരൻ്റെ കരുത്ത്. കിരീടത്തിലെ സേതുമാധവനും അമരത്തിലെ അച്ചൂട്ടിയും വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായരും നമ്മുടെ ആരെല്ലാമോ ആയത് ആ എഴുത്തിൻ്റെ മാന്ത്രികത കൊണ്ട് തന്നെയാണ്.
ഒരു ഇടവപ്പാതിക്കാലത്താണ് മലയാളികളുടെ പ്രിയപ്പെട്ട ലോഹിതദാസ് ഇനിയില്ലെന്ന വാർത്ത കേരളക്കര കേട്ടത്. മലയാള സിനിമാപ്രേമികൾ ഹൃദയത്തില്‍ താമസിപ്പിച്ച ഒരുപിടി കഥാപാത്രങ്ങളുടെ ഉടയോന്‍. അന്നോളം കാണാമറയത്ത് പാര്‍ത്ത പച്ച മനുഷ്യരെയും കൂട്ടിയായിരുന്നു എണ്‍പതുകളുടെ രണ്ടാം പാതിയില്‍ ലോഹിതദാസിൻ്റെ വരവ്. പിന്നെ പോവുന്ന നേരത്തോളം മലയാളി കാഴ്ചക്കാരെ വികാരവിക്ഷോഭങ്ങളുടെ ഒപ്പം നടത്തി ഈ ചലച്ചിതകാരന്‍. അതിനാടകീയതയല്ല, മനുഷ്യൻ്റെ തനി വികാരങ്ങളായിരുന്നു ലോഹി പകര്‍ത്തിയത്. നാട്ടുവഴികളിലും തറവാട്ടുവീടുകളിലും ആള്‍ക്കൂട്ടങ്ങളിലും അന്നോളം വെളിച്ചം കാണാതെ കിടന്ന കഥാപാത്രങ്ങളെയും ജീവിതങ്ങളെയും തിരഞ്ഞുപിടിച്ചു ആ തൂലിക.
1987-ൽ സിബി മലയിലിന് വേണ്ടി തനിയാവർത്തനത്തിന്‍റെ തിരക്കഥയെഴുതിയായിരുന്നു അദ്ദേഹത്തിൻ്റെ അരങ്ങേറ്റം. ഭ്രാന്ത് ബാധിച്ച കുടുംബ പാരമ്പര്യത്തിന്‍റെ അവസാന കണ്ണിയായ, ചുറ്റുമുള്ളവർ പറഞ്ഞ് ഭ്രാന്തിലേക്ക് കൊണ്ടെത്തിച്ച ബാലൻ മാഷിനെ ഒരിക്കലും നെഞ്ചുലയാതെ മലയാളിക്ക് കണ്ടിരിക്കാനാവില്ല. ആദ്യ സിനിമയിലൂടെ തന്നെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി. മനുഷ്യരുടെ ആത്മസംഘർഷങ്ങളായിരുന്നു എന്നും ലോഹിതദാസിൻ്റെ ഇഷ്ടവിഷയം. ഭരതനും പത്മരാജനും കാട്ടിത്തന്ന മധ്യവര്‍ത്തി സിനിമയുടെ വഴികളിലേക്ക് കുറച്ചുകൂടി ജനപ്രിയമായ പുതിയ ചില ഭാവപ്രകാശങ്ങളെക്കൂടി ചേര്‍ത്തുവച്ചു ലോഹി സിനിമകള്‍.
മീശപിരിച്ചെത്തി, വില്ലന്‍മാരെ ഒറ്റയിടിക്ക് നിലംപരിശാക്കുന്ന ആണുങ്ങളായിരുന്നില്ല ലോഹിതദാസിന്‍റെ നായകന്മാർ. കിരീടം, ചെങ്കോൽ, അമരം, കമലദളം, വാത്സല്യം, ഭൂതക്കണ്ണാടി, കൻമദം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, സൂത്രധാരൻ, കസ്തൂരിമാൻ ഇവയിലെല്ലാം ജീവിതത്തിൽ പരാജയമേറ്റ് വാങ്ങേണ്ടി വന്നവരായിരുന്നു നായകൻമാർ. മമ്മൂട്ടിയും മോഹൻലാലും തിലകനും ജയറാമും എന്നിങ്ങനെ മലയാളത്തിലെ മുൻനിര നടൻമാരെല്ലാം ആ നിസ്സഹായത പേറുന്ന കഥാപാത്രങ്ങളായി ഭാവങ്ങളുടെ അമരത്തെത്തി.
തിരശ്ശീലയിൽ ലോഹിയുടെ കഥാപാത്രങ്ങൾ കരയുമ്പോൾ പ്രേക്ഷകരും കരഞ്ഞു. ചിരിക്കുമ്പോൾ ചിരിച്ചു. പ്രണയിക്കുമ്പോൾ അതിതീവ്രമായി പ്രണയത്തില്‍ അലിയുന്ന അനുഭവവവും സമ്മാനിച്ചു ഈ എഴുത്തുകാരന്‍. കേവലം രണ്ടു പതിറ്റാണ്ടുകൊണ്ട് ജീവിത്തത്തോട് ചേർന്ന് നിൽക്കുന്ന ഒട്ടനേകം കഥാപാത്രങ്ങൾ സമ്മാനിച്ചാണ് ലോഹിതദാസ് മറഞ്ഞുപോയത്. ഭരതൻ-ലോഹിതദാസ്, സിബി മലയിൽ-ലോഹിതദാസ് കൂട്ടുകെട്ടിലാണ് ജീവന്‍ ഏറെ തുടിക്കുന്ന സിനിമകൾ പിറന്നത്. ലോഹിതദാസ് ആദ്യം സംവിധാനം ചെയ്ത ഭൂതക്കണ്ണാടി ആ വർഷത്തെ ദേശീയ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടി. സംവിധാനമികവ് ഉറപ്പിച്ചിട്ടും തന്‍റെ തട്ടകം തിരക്കഥയാണെന്ന് വീണ്ടും ലോഹി തെളിയിച്ചുകൊണ്ടേയിരുന്നു. ഒരു പക്ഷേ സംവിധായകനായ ലോഹിതദാസിനെക്കാൾ മലയാളി സ്വീകരിച്ചത് അദ്ദേഹത്തിനുള്ളിലെ തിരക്കഥാകൃത്തിനെയാണ്. കാരുണ്യം, ഓര്‍മ്മച്ചെപ്പ്, കന്‍മദം, അരയന്നങ്ങളുടെ വീട്, ജോക്കര്‍, നിവേദ്യം തുടങ്ങി 12 സിനിമകളാണ് സംവിധാനം ചെയ്തത്.
1955 മെയ് 10ന് തൃശൂര്‍ ജില്ലയിലെ ചാലക്കുടിക്ക് അടുത്തുളള മുരിങ്ങൂരില്‍ അമ്പഴത്തുപറമ്പില്‍ വീട്ടില്‍ കരുണാകരന്‍-മായിയമ്മ ദമ്പതികളുടെ മകനായി ജനനം. എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു ബിരുദ പഠനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ലബോറട്ടറി ടെക്‌നീഷ്യന്‍ കോഴ്‌സും പൂര്‍ത്തിയാക്കി. ചെറുകഥകളിലൂടെ എഴുത്തില്‍ എത്തിയ ലോഹിതദാസ് കെപിഎസി നാടകങ്ങളിലൂടെയാണ് അരങ്ങത്ത് എത്തിയത്. നാടകത്തിന്‍റെ അനുഭവക്കരുത്തുമായി സിനിമയിലേക്ക് എത്തിയ ലോഹി ഇനിയുമേറെ കഥകൾ പറയാന്‍ ബാക്കിവച്ചാണ് മടങ്ങിയത്. അത് മലയാളത്തിൻ്റെ തീരാനഷ്ടവും നോവുമായി ഇന്നും ബാക്കി.
മലയാളസിനിമയിലെ ലോഹിക്കാലം സുവര്‍ണകാലമാണ്. ഒരിക്കലും പകരക്കാരനെ കണ്ടെത്താനാകാത്ത, തനിയാവർത്തനമില്ലാത്ത കാലം. പ്രിയ കഥാകാരന്‍റെ ഓർമകൾ സിനിമ ഉള്ളിടത്തോളം കാലം മലയാളത്തിന്റെ നെഞ്ചിലുണ്ടാകും, കാരണം ആ കഥാപാത്രങ്ങള്‍ ബാക്കിവച്ച നെരിപ്പോടിലാണ് ഇന്നും സിനിമാസ്വാദകര്‍. അവരുടെ മനസ്സില്‍, അമരാവതിയുടെ ഉമ്മറപ്പടിയില്‍ കഥകളെഴുതി ഇന്നും ആ കഥാകാരൻ ഇരിപ്പുണ്ടാകും, തീര്‍ച്ച.