IMPACT: റഷ്യയില്‍ തൊഴില്‍ തട്ടിപ്പിനിരയായ മലയാളികളെ തിരിച്ചെത്തിക്കണം; കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

അനധികൃത റിക്രൂട്ട്മെന്റ് ഏജന്‍സികളും വ്യക്തികളും വഴി ഇത്തരത്തില്‍ എത്ര പേര്‍ റഷ്യയില്‍ കുടുങ്ങിക്കിടക്കുന്നൂവെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി
IMPACT: റഷ്യയില്‍ തൊഴില്‍ തട്ടിപ്പിനിരയായ മലയാളികളെ തിരിച്ചെത്തിക്കണം; കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
Published on

റഷ്യയില്‍ തൊഴില്‍ തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും റഷ്യ-യുക്രെയ്ൻ അതിർത്തിയിലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തയച്ചു. തൃശൂർ സ്വദേശിയായ സന്ദീപ് ചന്ദ്രന്റെ മൃതദേഹം റഷ്യയിലെ റോസ്തോവിൽ ഉണ്ടെന്ന് റഷ്യയിലെ ഇന്ത്യൻ എംബസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മലയാളികളായ സന്തോഷ് കാട്ടുകാലയ്ക്കൽ ഷൺമുഖൻ, സിബി സുസമ്മ ബാബു, റെനിൻ പുന്നക്കൽ തോമസ് എന്നിവര്‍ ലുഹാൻസ്‌കിലെ സൈനിക ക്യാമ്പിൽ കുടുങ്ങി കിടക്കുന്നതായും അപകടകരമായ സാഹചര്യങ്ങളിലാണ് ഇവരെന്നും അറിയുന്നു. ഇവരെ രക്ഷിക്കുന്നതിനും അടിയന്തിര ഇടപെടലുകള്‍ വേണം.

നിയമവിരുദ്ധ മാർഗങ്ങളിലൂടെയാണ് കേരളീയരായ ഇവര്‍ റഷ്യയിൽ എത്തിയതെന്നും പിന്നീട് ഇവരെ യുദ്ധമുന്നണിയിൽ വിന്യസിക്കുകയാണെന്നും ആണ് അറിയുന്നത്. അനധികൃത റിക്രൂട്ട്മെന്റ് ഏജന്‍സികളും വ്യക്തികളും വഴി ഇത്തരത്തില്‍ എത്ര പേര്‍ റഷ്യയില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് കണ്ടെത്തേണ്ടതുണ്ട് എന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.

റഷ്യ-യുക്രെയ്ൻ യുദ്ധമാരംഭിച്ച ശേഷം ഒൻപത് ഇന്ത്യക്കാർ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടും ബാക്കിയുള്ളവരെ തിരികെയെത്തിക്കാനുള്ള യാതൊരു നടപടിയും കേന്ദ്രം സ്വീകരിച്ചിട്ടില്ല. സിബിഐ അന്വേഷണത്തിൽ അനധികൃത ഏജൻ്റുമാരെ തിരിച്ചറിഞ്ഞതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ലോക്സഭയിൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ചെറിയ മുതൽ മുടക്കിൽ റഷ്യയിലൊരു ജോലി, പ്രതിമാസം രണ്ട് ലക്ഷം രൂപ വരെ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയ ഏജന്റുമാരുടെ വാഗ്ദാനങ്ങൾ വിശ്വസിച്ച് റഷ്യയിൽ എത്തിപ്പെട്ട ആളുകൾ നിരവധിയാണ്. എന്നാൽ, പൗരത്വം ഉറപ്പാക്കാനും ജോലി ലഭിക്കാനും സൈന്യത്തിൽ ചേരേണ്ടി വന്നരാണ് ചതിക്കപ്പെട്ടവരിലേറെയും. മറുനാട്ടിലെത്തുമ്പോൾ അപകടം തിരിച്ചറിഞ്ഞിട്ടും, നാട്ടിലെ പ്രാരാബ്ദങ്ങളിൽ നിന്ന് രക്ഷപെടുമെന്ന ചിന്തയിലാണ് പലരും സൈന്യത്തിനൊപ്പം ജോലി ചെയ്യാൻ തീരുമാനിക്കുന്നത്. എന്നാൽ ചെറുകിട ജോലികൾക്കെന്ന് പറഞ്ഞ് റിക്രൂട്ട് ചെയ്യപ്പെടുന്നവരെ പിന്നീട് പരിശീലനം നൽകി പട്ടാളക്കാരായി മാറ്റുകയാണ് ചെയ്യുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com