
വിമാനങ്ങൾക്ക് ബോംബ് ഭീഷണി തുടർക്കഥയാകുന്ന സാഹചര്യത്തിൽ കൊച്ചി, കോഴിക്കോട് അടക്കമുള്ള രാജ്യത്തെ 12 വിമാനത്താവളങ്ങളുടെ സുരക്ഷ വർധിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. Z കാറ്റഗറി അലേർട്ട് ഏർപ്പെടുത്തുമെന്നും അറിയിപ്പിൽ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് പുതിയ തീരുമാനം പുറത്തിറക്കിയത്.
ബോംബ് ഭീഷണി വ്യാജ്യമാണെങ്കിലും സുരക്ഷയും ജാഗ്രതയും കൂട്ടുമെന്നും ലഗേജുകളും ഹാൻഡ് ബാഗുകളും വിശദമായി പരിശോധിക്കുമെന്നും യോഗത്തിൽ തീരുമാനം കൈക്കൊണ്ടു. CISF ഡയറക്ടർ ജനറൽ രാജ്‍വീന്ദർ സിംഗ് ഭാട്ടി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ഡി.ജി. സുൾഫിക്കർ ഹസൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇന്‍ഡിഗോയുടെ കോഴിക്കോട്-ദമാം വിമാനമടക്കം 32 ഓളം വിമാനങ്ങള്‍ക്കാണ് ഇന്നലെയോടെ ഭീഷണി സന്ദേശമെത്തിയത്. ഒരാഴ്ചയ്ക്കിടെ 70 ഓളം വിമാനങ്ങൾക്ക് ബോംബ് ഭീഷണി നേരിട്ട സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇൻ്റലിജൻസ് ഫ്യൂഷൻ ആൻറ് സ്‌റ്റർജിംഗ് ഓപ്പറേഷൻ (IFSO) നാണ് അന്വേഷണ ചുമതല നൽകിയത്. ഡൽഹി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് ഇഫ്കോ അന്വേഷണം പ്രഖ്യാപിച്ചത്.
യോഗത്തിൽ യാത്രക്കാർക്ക് അസൗകര്യവും എയർലൈനുകൾക്ക് നഷ്ടവും ഉണ്ടാക്കുന്ന ഭീഷണികൾ നേരിടാൻ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (എസ്ഒപി) പാലിക്കാൻ സിഇഒമാരോട് ആവശ്യപ്പെട്ടതായി ബിസിഎഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഭീഷണികളെക്കുറിച്ചും സ്വീകരിച്ച നടപടികളെക്കുറിച്ചും അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുവരെയുള്ള അന്വേഷണത്തിൽ ലണ്ടൻ, ജർമനി, കാനഡ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ഐപി വിലാസങ്ങളിൽ നിന്നാണ് ഭീഷണികൾ വന്നതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, തങ്ങളുടെ യഥാർഥ ലൊക്കേഷനുകൾ മറയ്ക്കാനായി കുറ്റവാളികൾ വിപിഎൻ ഉപയോഗിക്കുകയായിരിക്കാമെന്ന സാധ്യതയും അന്വേഷണ ഉദ്യോഗസ്ഥർ തള്ളിയിട്ടില്ല.