'കൂട്ടക്കൊലകളുടെയും, ആക്രമണങ്ങളുടെയും വാർത്ത വേദനാജനകം'; കോം​ഗോ കലാപം അവസാനിപ്പിക്കാൻ നടപടി വേണമെന്ന് മാർപാപ്പ

കോം​ഗോ സർക്കാരിനോടും രാജ്യാന്തര സമൂഹത്തോടും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും മാർപാപ്പ ആവശ്യപ്പെട്ടു.
'കൂട്ടക്കൊലകളുടെയും, ആക്രമണങ്ങളുടെയും വാർത്ത വേദനാജനകം'; കോം​ഗോ കലാപം അവസാനിപ്പിക്കാൻ നടപടി വേണമെന്ന് മാർപാപ്പ
Published on

ആഫ്രിക്കൻ രാജ്യമായ കോം​ഗോയിൽ നടന്നുവരുന്ന കലാപം അവസാനിപ്പിക്കാൻ നടപടി ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. കോം​ഗോ സർക്കാരിനോടും രാജ്യാന്തര സമൂഹത്തോടും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും മാർപാപ്പ ആവശ്യപ്പെട്ടു. കോം​ഗോയിൽ നിന്നും രണ്ടാഴ്ചയോളമായി വരുന്ന കൂട്ടക്കൊലകളുടെയും, ആക്രമണങ്ങളുടെയും വാർത്ത വേദനാജനകമാണെന്നും, നിരവധി പേരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നതെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി. വത്തിക്കാനിൽ ത്രികാലജപത്തിന് ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.

മാർപാപ്പ മുൻപും ഇത്തരം സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുകയും, വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. എൽജിബിടിക്യു വിഷയങ്ങളിൽ പുരോഗമനാത്മകമായ നിലപാടാണ് മാർപാപ്പ സ്വീകരിക്കുന്നത് എന്ന് വിലയിരുത്തലുണ്ടായി. 2013ൽ മാർപാപ്പയായി ചുമതലയേറ്റപ്പോൾ, കാത്തോലിക്ക സഭ എൽജിബിടിക്യു ഉൾപ്പെടെ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം സ്വവർഗാനുരാഗത്തെ ക്രിമിനൽ കുറ്റമാക്കുന്ന നിയമങ്ങളെ അധിക്ഷേപിച്ച്, സ്വവർഗാനുരാഗികൾക്കും ആശീർവാദങ്ങളേകുമെന്നും മാർപാപ്പ പറഞ്ഞു. എന്നാൽ, അടുത്തിടെ ഇറ്റാലിയൻ ബിഷപ്പുമാരുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ ക്വീർ കമ്മ്യൂണിറ്റിയെ അഭിസംബോധന ചെയ്യാൻ മോശം പദങ്ങളുപയോഗിച്ചെന്ന ആരോപണങ്ങളും മാർപാപ്പയ്ക്ക് നേരെ ഉയർന്നുവന്നു. തുടർന്ന് അദ്ദേഹം മാപ്പ് പറഞ്ഞതും വാർത്തയായി.

കഴിഞ്ഞ ദിവസം, ജി7 ഉച്ചകോടിയിൽ പങ്കെടുത്ത മാർപാപ്പ, നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആയുധങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിർമിത ബുദ്ധി ഉപയോഗത്തിൻ്റെ നൈതികയെ കുറിച്ച് ചർച്ചയിലാണ് ഫ്രാൻസിസ് മാർപാപ്പ ഭാഗമായത്. ഇതാദ്യമാണ് മാർപാപ്പ ജി7 ഉച്ചകോടിയിൽ ഒരു മാർപാപ്പ പങ്കെടുക്കുന്നതും, നിലപാട് വ്യക്തമാക്കുന്നതും. ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും മാർപാപ്പ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com