ഇതൊരു പതിവ് നടപടിക്രമമാണെന്നും പൊതുജനങ്ങൾക്ക് യാതൊരു അസൗകര്യവും ഉണ്ടാകില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു
പാസ്‌പോർട്ട് അപേക്ഷകൾക്കായുള്ള ഓൺലൈൻ പോർട്ടലായ 'പാസ്‌പോർട്ട് സേവാ പോർട്ടൽ' അറ്റകുറ്റപ്പണികൾക്കായി അടുത്ത അഞ്ച് ദിവസത്തേക്ക് പ്രവർത്തനരഹിതമാകുമെന്ന് സർക്കാർ അറിയിച്ചു. ഈ കാലയളവിൽ പുതിയ അപ്പോയിൻ്റ്‌മെൻ്റുകൾ ഷെഡ്യൂൾ ചെയ്യാനാകില്ല. നേരത്തെ ബുക്ക് ചെയ്ത അപ്പോയിൻ്റ്‌മെൻ്റുകൾ പുനഃക്രമീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
"2024 ഓഗസ്റ്റ് 29, വ്യാഴം രാത്രി 8 മണിമുതൽ (ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം) മുതൽ സെപ്റ്റംബർ 2 തിങ്കൾ രാവിലെ 6 മണി വരെ സാങ്കേതിക അറ്റകുറ്റപ്പണികൾക്കായി പാസ്‌പോർട്ട് സേവാ പോർട്ടൽ പ്രവർത്തനരഹിതമാകും. രാജ്യത്തെ പൗരന്മാർക്കും എല്ലാ MEA/RPO/BOI/ISP/DoP/പൊലീസ് അധികാരികൾക്കും ഈ കാലയളവിൽ പോർട്ടൽ ലഭ്യമാകില്ല. 2024 ആഗസ്റ്റ് 30-ന് ഇതിനകം ബുക്ക് ചെയ്തിട്ടുള്ള അപ്പോയിൻ്റ്മെൻ്റുകൾ ഉചിതമായി പുനഃക്രമീകരിക്കുകയും അപേക്ഷകരെ അറിയിക്കുകയും ചെയ്യും," പാസ്‌പോർട്ട് സേവാ പോർട്ടലിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നു.
ഇതൊരു പതിവ് നടപടിക്രമമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒരു പൊതു കേന്ദ്രീകൃത സേവനത്തിൻ്റെ അറ്റകുറ്റപ്പണികൾ മുൻകൂട്ടി ആസൂത്രണം ചെയ്താണ് നടക്കുക. അതിനാൽ പൊതുജനങ്ങൾക്ക് യാതൊരു അസൗകര്യവും ഉണ്ടാകില്ല. ഒരു അപ്പോയിൻ്റ്‌മെൻ്റ് പുനഃക്രമീകരിക്കുന്നതും ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കാനോ പാസ്‌പോർട്ട് പുതുക്കാനുമായി, രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളിൽ അപ്പോയിൻ്റ്‌മെൻ്റ് ബുക്ക് ചെയ്യുന്നതിനായാണ് പാസ്‌പോർട്ട് സേവാ പോർട്ടൽ ഉപയോഗിക്കുന്നത്. അപ്പോയിൻ്റ്‍മെൻ്റ് ലഭിക്കുന്ന ദിവസം, അപേക്ഷകർ പാസ്‌പോർട്ട് കേന്ദ്രങ്ങളിൽ എത്തി അവരുടെ രേഖകൾ പരിശോധനയ്ക്കായി നൽകണം. പിന്നാലെ പൊലീസ് വെരിഫിക്കേഷൻ നടക്കും. തുടർന്നാണ് പാസ്‌പോർട്ട് അപേക്ഷകൻ്റെ വിലാസത്തിൽ എത്തുന്നത്.