വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതിയെ കൊല നടത്തിയ വീടുകളിലെത്തിച്ച് തെളിവെടുക്കും

ചികിത്സയിൽ കഴിയുന്ന പ്രതി അഫാൻ ഇന്ന് ആശുപത്രി വിട്ടേക്കുമെന്നാണ് സൂചന
വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതിയെ കൊല നടത്തിയ വീടുകളിലെത്തിച്ച് തെളിവെടുക്കും
Published on

വെഞ്ഞാറമൂട് കൂട്ടക്കൊലയെ തുടർന്ന് പ്രതി അഫാനെ കൊല നടത്തിയ വീടുകളിലെത്തിച്ച് തെളിവെടുക്കുമെന്ന് അന്വേഷണ സംഘം. ചികിത്സയിൽ കഴിയുന്ന പ്രതി അഫാൻ ഇന്ന് ആശുപത്രി വിട്ടേക്കുമെന്നാണ് സൂചന. ഇതിനു പിന്നാലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന കാര്യവും പൊലീസ് അറിയിച്ചു.



കൂട്ടക്കൊലയുടെ വിവരമറിഞ്ഞ് നാട്ടിലെത്തിയ പിതാവ് അബ്‌ദുല്‍ റഹീം ക്രൂരകൃത്യത്തിന് പിന്നിൽ കടബാധ്യതയെന്ന പ്രതിയുടെ മൊഴി തള്ളി. പ്രതി അഫാന് സാമ്പത്തിക പ്രശ്നം അത്രയൊന്നും ഇല്ലായിരുന്നുവെന്നാണ് പിതാവ് അബ്ദുല്‍ റഹീമിൻ്റെ പ്രതികരണം. പരിഹരിക്കാവുന്ന പ്രശ്നങ്ങളെ ഉണ്ടായിരുന്നുള്ളുവെന്നും വലിയ കടമൊന്നും ഉണ്ടായിരുന്നില്ലെന്നും പിതാവ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും, പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും കൂട്ടിച്ചേർത്തു. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ ദിവസം അബ്ദുൽ റഹീം സൗദിയിൽ നിന്ന് നാട്ടിലെത്തിയത്. ഇഖാമ കാലാവധി അവസാനിച്ചിരുന്നെങ്കിലും രണ്ടരവർഷമായി യാത്രാവിലക്കിനെ തുടർന്ന് നാട്ടിലേക്ക് എത്താൻ സാധിച്ചിരുന്നില്ല.


അതേസമയം, കൊലപാതക ശ്രമത്തിനിടെ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന അഫാന്റെ മാതാവ് ഷെമി കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതാണെന്ന മൊഴി ആവർത്തിക്കുകയാണ്. മജിസ്‌ട്രേറ്റിന് നൽകിയ ആദ്യ മൊഴിയിലും രണ്ടാം മൊഴിയിലും മകൻ ആക്രമിച്ചത് ഷെമി മറച്ചുവെക്കുകയാണ് ഉണ്ടായത്. കൻ കൂട്ടക്കൊല നടത്തിയത് ഷെമി അറിഞ്ഞിട്ടില്ല.തന്നെ മാത്രം ആക്രമിച്ചു എന്നാണ് ധാരണയെന്നും ഡോക്ടർമാർ പറയുന്നു.


ഫെബ്രുവരി 24നാണ് കേരളത്തെ നടുക്കിയകൊലപാതക വിവരം പുറത്തുവന്നത്. സഹോദരൻ അഫ്സാന്‍, ഉപ്പയുടെ സഹോദരൻ ലത്തീഫ്, അദ്ദേഹത്തിൻ്റെ ഭാര്യ ഷാഹിദ, ഉപ്പയുടെ ഉമ്മ സല്‍മാ ബീവി, പെണ്‍സുഹൃത്ത് ഫർഷാന എന്നിവരെയാണ് പ്രതി അഫാൻ കൊല്ലപ്പെടുത്തിയത്. പുല്ലംപാറ, പാങ്ങോട്,ചുള്ളാളം എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലായിട്ടാണ് ഇരുപത്തിമൂന്നുകാരൻ കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസിലെത്തി കീഴടങ്ങുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com